ഇന്ന് ( ഒക്ടോ.3)വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- ഗിഫ്റ്റ് നിഫ്റ്റി ഫ്യൂച്ചേഴ്‌സ് 28.5 പോയിന്റ് താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
- നിഫ്റ്റി റെസിസ്റ്റന്‍സ് 19750
- ക്രുഡോയില്‍ വിലയിൽ ഇടിവ്
തുടര്‍ച്ചയായി മൂന്നു ദിവസം അടഞ്ഞുകിടന്ന ഓഹരി വിപണിക്ക് വലിയ ആഘാതമോ ആശ്വാസമോ നല്‍കുന്ന വാര്‍ത്തകളില്ല. ക്രൂഡോയില്‍ വിലയിലെ സമ്മര്‍ദ്ദം കുറഞ്ഞത് ആശ്വാസമായെങ്കില്‍ ഡോളര്‍ ഇന്‍ഡെക്‌സും ബോണ്ട് യീല്‍ഡും വര്‍ധിച്ചത് വിപണിക്ക് ചെറിയ ആഘാതം നല്‍കുന്നു.
ഗാന്ധി ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച അടഞ്ഞു കിടന്ന വിപണി തുറക്കുന്നത് വ്യക്തമായ ദിശയില്ലാതെയാകും.
കഴിഞ്ഞയാഴ്ചയിലുണ്ടായ വന്‍ വില്‍പനയിലെ നഷ്ടത്തില്‍ പകുതിയിലധികവും തിരിച്ചെടുത്തുകൊണ്ടാണ് ഇന്ത്യന്‍ വിപണി ഒക്ടോബര്‍ സീരീസിലെ ആദ്യവ്യാപാരദിനം (സെപ്റ്റംബര്‍ 19) അവസാനിപ്പിച്ചത്. ബഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 320.09 പോയിന്റും 114.8 പോയിന്റ് മെച്ചപ്പെടുത്തി 65828.41 പോയിന്റിലും 19638.3 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി റെസിസ്റ്റന്‍സ് 19750
അതായത് വലിയ വില്‍പ്പന സമ്മര്‍ദ്ദമൊന്നും വിപണിയില്‍ കാണുന്നില്ല. നിഫ്റ്റി സൂചികയ്ക്ക് 19750 പോയിന്റില്‍ തുടര്‍ച്ചയായി റെസിസ്റ്റന്‍സ് അനുഭവപ്പെടുന്നുണ്ട് അതേപോലെ 19500 പോയിന്റില്‍ സപ്പോര്‍ട്ടും. ഇതിനിടയില്‍ നീങ്ങുന്ന പ്രവണതയാണ് നിഫ്റ്റി കാണിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിഫ്റ്റി 19766-ലും 19798-ലും 19850 പോയിന്റിലും റെസിസ്റ്റന്‍സ് ഉണ്ട്. ശക്തമായ പിന്തുണയാണ് 19500-ലുള്ളത്. അതിനു താഴേയ്ക്കു നീങ്ങിയാല്‍ 19350-ലും 19200 പോയിന്റിലും പിന്തുണയുണ്ട്. പല പ്രാവശ്യം നിഫ്റ്റി 19200 ടെസ്റ്റ് ചെയ്തതാണ്.
പ്രിതവാര ഓപ്ഷന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ കോള്‍ ഓപ്ഷന്‍ ഇന്ററസ്റ്റ് 19800 സ്‌ട്രൈക്കിലാണ്. 86.67 ലക്ഷം കോണ്‍ട്രാക്ട് ആണ് അവിടെയുള്ളത്. അടുത്തത് 19700 സ്‌ട്രൈക്കിലാണ്.
പുട്ട് ഓപ്ഷന്‍ ഇന്ററസ്റ്റ് ഏറ്റവും കൂടുതലുള്ളത് 19600 സ്‌ട്രൈക്കിലും തുടര്‍ന്ന് 19500 സ്‌ട്രൈക്കിലുമാണ്. യഥാക്രമം 71.38 ലക്ഷം കോണ്‍ട്രാക്ടും 64.7 ലക്ഷം കോണ്‍ട്രാക്ടുമാണുള്ളത്.
ആഗോള വിപണികള്‍
ഒക്ടോബര്‍ മൂന്നിന് ഏഷ്യന്‍ വിപണികള്‍ തുറന്നിട്ടുള്ളത് ഇടിവോടെയാണ്. ജാപ്പനീസ് നിക്കി 350 പോയിന്റോളം താഴ്ന്നാണ് തുറന്നത്. ഹാംഗ് സാങ് 446 പോയിന്റും. ഓസ്‌ട്രേലിയന്‍ വിപണി 96 പോയിന്റ് താഴെയാണ്.
ഗിഫ്റ്റ് നിഫ്റ്റി ഫ്യൂച്ചേഴ്‌സ് 28.5 പോയിന്റ് താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ഏഷ്യന്‍ വിപണികളേക്കാള്‍ യൂറോപ്യന്‍, യുഎസ് ക്ലോസിംഗുകളാണ് ഇന്ത്യന്‍ വിപണിക്കു ദിശ നല്‍കുന്നത്. ഒക്ടോബര്‍ രണ്ടിന് യുഎസ് ഡൗ ജോണ്‍സ് 47 പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തത്. രസകരമായ സംഗതി നാസ്ഡാക് 88 പോയിന്റ് മെച്ചപ്പെട്ടുവെന്നതാണ്. യൂറോപ്യന്‍ സൂചികകളായ എഫ്ടിഎസ്ഇ, സിഎസി, ഡാക്‌സ് തുടങ്ങിയവയെല്ലാം നഷ്ടത്തിലാണ് ഒക്ടോബര്‍ രണ്ടിന് ക്ലോസ് ചെയ്തത്. എന്നാല്‍ ഫ്യൂച്ചേഴ്‌സില്‍ ഇവയെല്ലാം മെച്ചപ്പെട്ടിട്ടുണ്ട്.
ക്രുഡോയിലും ഡോളറും
യുഎസ് ഡോളര്‍ ശക്തമായതിനെത്തുടര്‍ന്ന് ക്രുഡോയില്‍ വില താഴ്ന്നിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്ന കാര്യമാണ് ക്രൂഡോയില്‍ വിലയിലെ താഴ്ച്. കഴിഞ്ഞയാഴ്ച ബാരലിന് 97 ഡോളറിലെത്തിയ ബ്രെന്റ് വില ഇപ്പോള്‍ 90 ഡോളറിന് ചുറ്റളവിലാണ്. അതേപോലെ ഡബ്‌ള്യു ടിഐ വില ബാരലിന് 88.13 ഡോളറായിട്ടുണ്ട്.
യുഎസ് പ്രതിദിന ഉത്പാദനം 13 ലക്ഷം ബാരലിലേക്ക് ഉയര്‍ന്നതും ചൈനീസ് സാമ്പത്തിക വളര്‍ച്ച 2023-ല്‍ 5.1 ശതമാനവും 2024-ല്‍ 4.4 ശതമാനത്തിലേക്കു താഴുമെന്നുമുള്ള ലോക ബാങ്ക് വിലയിരുത്തലും ക്രൂഡോയിലില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടാക്കുന്നു. സൗദി ഉത്പാദനം വെട്ടിക്കുറച്ചിട്ടും തുടര്‍ച്ചയായ രണ്ടാം മാസവും ഒപ്പെക് എണ്ണ ഉത്പാദനം ഉയര്‍ന്നിരിക്കുകയാണ്. നൈജീരിയ ഉത്പാദനം മെച്ചപ്പെടുത്തിയതിനൊപ്പം ഇറാന്റെ ഉത്പാദനം 2018 നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. സൗദി എത്രയും വേഗം ക്രൂഡോയില്‍ ഉത്പാദന വെട്ടിക്കുറവ് പിന്‍വലിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. ഇതും എണ്ണവിലയില്‍ സമ്മര്‍ദ്ദമുണ്ടാ്ക്കുന്നു. ചുരുക്കത്തില്‍ ആഗോള രാഷ്ട്രീയമാവും എണ്ണയുടെ നീക്കത്തെ സ്വാധീനിക്കുക.
ഡോളറും ബോണ്ട് യീല്‍ഡും
ഡോളര്‍ ഇന്‍ഡെക്‌സ് മെച്ചപ്പെട്ടാണ് തുറന്നിട്ടുള്ളത്. ഇപ്പോള്‍ 107.10 പോയിന്റിലാണ്. തലേ ദിവസത്തേക്കാള്‍ 0.19 ശതമാനം മെച്ചപ്പെട്ടിട്ടുണ്ട്. ബോണ്ട് യീല്‍ഡ് 4.683 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
രൂപ വീണ്ടും ദുര്‍ബലമാകുന്ന കാഴ്ചയാണ് വിപണിയില്‍ ദൃശ്യമായത്. ഇന്നലെ ഒരു ഡോളര്‍ വാങ്ങുവാന്‍ 83.36 രൂപ നല്‍കണം.
ഡോളര്‍ ഇന്‍ഡെക്‌സും ബോണ്ട് യീല്‍ഡും മെച്ചപ്പെടുന്നതും രൂപ ദുര്‍ബലമാകുന്നതും ഇന്ത്യന്‍ ഓഹരി വിപണിയുടെ ഉയര്‍ച്ചയെ തടയുന്ന ഘടകങ്ങളാണ്. ഇത് ഇറക്കുമതിച്ചെലവ് ഉയര്‍ത്തും. അതുവഴി പണപ്പെരുപ്പവും. ഇത് വിപണിക്ക് അലര്‍ജിയാണ്.
ഈ ഓഹരികള്‍ ശ്രദ്ധാകേന്ദ്രം
ജെ എസ് ഡബ്‌ള്യു ഇന്‍ഫ്കാസ്ട്രക്ചര്‍ : ജെഎസ് ഡബ്‌ള്യു ഗ്രൂപ്പില്‍നിന്നു പബ്‌ളിക് ഇഷ്യുമായി മൂലധന വിപണിയിലെത്തിയ ജെ എസ് ഡബ്‌ള്യു ഇന്‍ഫ്കാസ്ട്രക്ചര്‍ ഓഹരികള്‍ ഒക്ടോബര്‍ മൂന്നിന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കമ്പനിയുടെ 2800 കോടി ഇഷ്യുവിന് 37.37 ഇരട്ടി അപേക്ഷകള്‍ കിട്ടിയിരുന്നു. പ്രൈസ് ബാന്‍ഡ് 113-119 രൂപയാണ്.
വേദാന്ത : രൊജ്യത്തെ ഏറ്റവും വലിയ പ്രകൃതവിഭവ കമ്പനിയായ വേദാന്ത ബിസിനസ് യൂണിറ്റുകളുടെ വിഭജനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ വിഭാഗത്തിന്റേയും യഥാര്‍ത്ഥ മൂല്യം ലഭ്യമാക്കുകയും ഓരോ മേഖലയിലേക്കും കുൂടുതല്‍ നിക്ഷേപവും വികസനവും ലക്ഷ്യമാക്കുകയും ചെയ്യുന്നു. വരും ദിവസങ്ങളില്‍ വേദാന്തയുടെ നീക്കങ്ങള്‍ നിക്ഷേപകരിടേയും വിപണിയുടേയും ശ്രദ്ധയില്‍ സജീവമായുണ്ടായിരിക്കും.അലുമിനിയം, ഓയില്‍, പവര്‍, സ്റ്റീല്‍, ഫെരസ് മെറ്റല്‍, ബേസ് മെറ്റല്‍ എന്നിങ്ങനെ ആറു ലിസ്റ്റഡ് കമ്പനികള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്.
വൈഭവ് ജ്വല്ലേഴ്‌സ് : ആന്ധ്രാപ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഇന്ന് ലിസ്റ്റ് ചെയ്യും. നേരത്തെ ആറിന് എന്നാണ് നിശ്ചയിച്ചിരുന്നത്. ഇഷ്യു വില ഓഹരിയൊന്നിന് 215 രൂപയായിരുന്നു.
ഹീറോ മോട്ടോകോര്‍പ്: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് ഒക്ടോബര്‍ മൂന്നു മുതല്‍ വാഹനവിലയില്‍ ഒരു ശതമാനം വര്‍ധന വരുത്തി.
ഇന്‍ഡസ് ടവേഴ്‌സ്: അലുമിനിയം എയര്‍ ടെക്‌നോളജി അടിസ്ഥാനത്തിലുളള സീറോ എമിഷന്‍ എനര്‍ജി സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഐഒസി ഫിനെര്‍ജിയുമായി ഇന്‍ഡസ് ടവര്‍ കരാര്‍ വച്ചു. മുന്നൂറു സിസ്റ്റമാണ് സ്ഥാപിക്കുക. ഡീസല്‍ ഉപയോഗം പരമാവധി വിനിയോഗിക്കുവാന്‍ സഹായിക്കുന്നതാണ് പുതിയ ടെക്‌നോളജി.
