ട്രംപ് ഭീതിയില്‍ ഉലഞ്ഞ് വിപണി, സൂചികകള്‍ ഇടിഞ്ഞു

സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 466 പോയിന്റ് നഷ്ടത്തില്‍

Update: 2025-09-22 11:06 GMT

ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും തിങ്കളാഴ്ച തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. പുതിയ എച്ച്-1ബി വിസകള്‍ക്ക് 100,000 ഡോളര്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഉണ്ടായ ഐടി ഓഹരികളിലെ കനത്ത വില്‍പ്പനയാണ് വിപണിയെ ഉലച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്ഡിഎഫ്‌സി ബാങ്കും സൂചികകളെ താഴേക്ക് വലിച്ചു. നിഫ്റ്റി 50 സൂചിക 0.49% അഥവാ 125 പോയിന്റ് നഷ്ടത്തില്‍ 25,202 ല്‍ അവസാനിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 0.56% അഥവാ 466 പോയിന്റ് നഷ്ടത്തില്‍ 82,160 ല്‍ അവസാനിച്ചു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.5% വീതം ഇടിഞ്ഞു. മേഖലകളില്‍ ഐടി സൂചിക 2.7 ശതമാനം ഇടിഞ്ഞു, ഫാര്‍മ 1 ശതമാനം ഇടിഞ്ഞു. അതേസമയം പവര്‍ സൂചിക 2 ശതമാനം ഉയര്‍ന്നു, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 0.7 ശതമാനം ഉയര്‍ന്നു, റിയല്‍റ്റി സൂചിക 0.4 ശതമാനവും ഉയര്‍ന്നു.

നിഫ്റ്റിയിലെ ഏറ്റവും വലിയ നഷ്ടം നേരിട്ടത് ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, സിപ്ല എന്നിവയാണ്. അദാനി എന്റര്‍പ്രൈസസ്, ബജാജ് ഓട്ടോ, എറ്റേണല്‍, അദാനി പോര്‍ട്ട്‌സ്, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്.  

Tags:    

Similar News