യുഎസ് പണപ്പെരുപ്പം പ്രതീക്ഷയ്ക്ക് മുകളില്‍; റാലി തുടരുമോ? ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • ഓഗസ്റ്റിലെ യുഎസ് പണപ്പെരുപ്പം 3.7 %
  • ഗിഫ്റ്റ് സിറ്റി നേട്ടത്തില്‍ തുടങ്ങി

Update: 2023-09-14 02:26 GMT

ആഭ്യന്തര ഓഹരി വിപണി സൂചികകളിലെ പോസിറ്റിവ് മൂഡ് ഇന്നലെയും തുടര്‍ന്നു. നിഫ്റ്റി ചരിത്രത്തിലാദ്യമായി 20,000ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇടിവില്‍ തുടങ്ങിയ വിപണികള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തിലേക്ക് നീങ്ങുകയായിരുന്നു. ബിഎസ്ഇ സെൻസെക്‌സ് 246 പോയിന്റ് ഉയർന്ന് 67,467ലും നിഫ്റ്റി 77 പോയിന്റ് ഉയർന്ന് 20,070ലും എത്തി. 

യുഎസിലെ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റില്‍ 3.7 ശതമാനത്തിലേക്ക് ഉയര്‍ന്നുവെന്നതാണ് ഇന്ന് ആഗോള വിപണികളെ സ്വാധീനിക്കാവുന്ന പ്രധാന ഘടകം. പ്രതീക്ഷിച്ചതിലും വലിയ വിലക്കയറ്റം ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധന സെപ്റ്റംബറിലെ യോഗത്തില്‍ തന്നെയുണ്ടാകുമെന്ന ആശങ്ക ശക്തമാക്കിയിരിക്കുകയാണ്. വിലക്കയറ്റ നിരക്ക് 2 ശതമാനത്തിന് അടുത്തേക്ക് എത്തുന്നതു വരെ പലിശയിലെ ക്രമീകരണം തുടരുമെന്ന് ഫെഡ് ചീഫ് ജെറോം പൌവ്വല്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 92 ഡോളറിന് മുകളില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതും വിപണികളെ സ്വാധീനിക്കും. ആഭ്യന്തര തലത്തില്‍ നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്. റാലിക്കിടെ യുക്തിപരമല്ലാത്ത മൂല്യ നിര്‍ണയം ഓഹരികള്‍ക്ക് ഉണ്ടായതും ആശങ്കയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

നിഫ്റ്റിയുടെ സപ്പോര്‍ട്ടും റെസിസ്റ്റന്‍സും

പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 19,979-ലും തുടർന്ന് 19,943-ലും 19,884-ലും പിന്തുണ സ്വീകരിക്കും എന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, 20,095 പ്രധാന റെസിസ്റ്റന്‍സായി മാറും. തുടർന്ന് 20,131 ഉം 20,190 ഉം.

ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍ തുടങ്ങി

പ്രതീക്ഷയ്ക്കും മുകളിലുള്ള യുഎസ് പണപ്പെരുപ്പ കണക്കുകളുടെ പശ്ചാത്തലത്തിലും ഏഷ്യന്‍വിപണികള്‍ ഇന്ന് തുടക്ക വ്യാപാരത്തില്‍ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഓസ്‌ട്രേലിയയിൽ, എസ്&പി/എഎസ്എക്സ് 200, ഓഗസ്റ്റിലെ തൊഴിലില്ലായ്മ കണക്കുകൾക്ക് മുന്നോടിയായി നേരിയ തോതിൽ ഉയർന്നു. ജപ്പാനിലെ നിക്കൈയും ടോപ്പിക്‌സും പച്ചയിലാണ്. ദക്ഷിണ കൊറിയയുടെ കോസ്പിയും കോസ്ഡാക്കും ഉയർന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചികയും ചൈനയുടെ ഷാങ്ഹായ് സൂചികയും നേട്ടത്തിലാണ്. 

ബുധനാഴ്ചത്തെ പതിവ് ട്രേഡിങ്ങിൽ യുഎസ് വിപണികള്‍ സമ്മിശ്ര തലത്തിലായാരുന്നു. ഡൗ ജോണ്‍സ് തുടർച്ചയായ രണ്ടാം ദിവസവും ഇടറി, 0.2 ശതമാനത്തിന്‍റെ താഴ്ച.  നാസ്‍ഡാഖ് കോമ്പോസിറ്റ് ഏകദേശം 0.3 ശതമാനം ഉയർന്ന് ക്ലോസ് ചെയ്തപ്പോള്‍ എസ് & പി500 0.1 ശതമാനം നേട്ടമുണ്ടാക്കി. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവേ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. 

ഇന്ന് 33 പോയിന്‍റ് നേട്ടത്തോടെയാണ് ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം നേട്ടത്തിലാകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

ഐആർസിടിസി: ഐആർസിടിസിയുടെ ബസ് ബുക്കിംഗ് പോർട്ടൽ/വെബ്സൈറ്റ് വഴി തങ്ങളുടെ ഓൺലൈൻ ബസ് ബുക്കിംഗ് സേവനങ്ങൾ പ്രാപ്തമാക്കുന്നതിനായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍ (എംഎസ്‍ടിആർസി) ധാരണാപത്രം ഒപ്പുവച്ചു.

അദാനി ഗ്രൂപ്പ് ഓഹരികള്‍: അംബുജ സിമന്റ്‌സ് ലിമിറ്റഡിന്റെ വാങ്ങലിന് ഫണ്ട് കണ്ടെത്തുന്നതിന് എടുത്ത കടം റീഫിനാൻസ് ചെയ്യുന്നതിനായി ബാങ്കുകളുമായി അദാനി ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നു. ഗ്രൂപ്പിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെ സംബന്ധിച്ച പുതിയ ആരോപണങ്ങളും വിപണികളെ സ്വാധീനിച്ചേക്കാം. 

ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്‌ചറിംഗ് കമ്പനി: മുംബൈ വോർലിയിലെ ഏകദേശം 22 ഏക്കർ ഭൂമി ഗോയിസു റിയൽറ്റി പ്രൈവറ്റ് ലിമിറ്റഡിന് 2 ഘട്ടങ്ങളിലായി 5,200 കോടി രൂപയ്ക്ക് വിൽക്കാനുള്ള നിർദ്ദേശം കമ്പനി അംഗീകരിച്ചു.

വിപ്രോ: ജർമ്മനിയിലെ ഡസൽഡോർഫിൽ കമ്പനി സൈബർ ഡിഫൻസ് സെന്റർ (സിഡിസി) ആരംഭിച്ചു.  ലോകമെമ്പാടും പ്രാദേശിക അടിസ്ഥാനത്തിലുള്ള സപ്പോര്‍ട്ട് നൽകുന്നതിനും ഉപഭോക്താക്കളുടെ സൈബർ സുരക്ഷയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഉറപ്പാക്കാനും വിപ്രോയുടെ സിഡിസികൾ പ്രവര്‍ത്തിക്കുന്നു. 

എന്‍ബിസിസി (ഇന്ത്യ): രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്‍റെ ​​(ആര്‍ഐഎന്‍എല്‍), വിശാഖപട്ടണത്തുള്ള മുഖ്യമല്ലാത്ത  ആസ്തികളിലൂടെ ധനസമ്പാദനം സാധ്യമാക്കുന്നതിന് ആര്‍ഐഎന്‍എല്‍, നാഷണൽ ലാൻഡ് മോണിറ്റൈസേഷൻ കോർപ്പറേഷൻ എന്നിവയുമായി എന്‍ബിസിസി ധാരണാപത്രത്തിൽ ഒപ്പുവച്ചു. 

ക്രൂഡ് ഓയിലും സ്വര്‍ണവും

വിതരണം സംബന്ധിച്ച ആശങ്കകള്‍ ക്രൂഡ് ഓയില്‍ വിലയെ മുന്നോട്ടു നയിക്കുകയാണ്. ബെഞ്ച്മാർക്ക് ബ്രെന്റ് ഫ്യൂച്ചറുകൾ ബാരലിന് 40 സെൻറ് അഥവാ 0.43% ഉയർന്ന് 92.46 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് 41 സെൻറ് അഥവാ 0.46% ഉയർന്ന് 89.25 ഡോളറിലെത്തി. ഈ വര്‍ഷാവസനത്തോടെ ബ്രെന്‍ക്രൂഡ് ബാരലിന് 100 ഡോളറിന് മുകളിലെത്താനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നു. 

യുഎസ് പണപ്പെരുപ്പ ഡാറ്റയെത്തുടർന്ന് ഇടിവ് പ്രകടമാക്കിയ സ്വർണം പിന്നീട് സ്ഥിരത കൈവരിച്ചു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,912.86 ഡോളറിലാണ്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ ഔൺസിന് 1,935.40 ഡോളര്‍ എന്ന നിലയിലാണ്.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്നലെ 1,631.63 കോടി രൂപയുടെ ഓഹരികൾ വിറ്റു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 849.86 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെ ഇക്വിറ്റികളില്‍ 330.83 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തി. അതേ സമയം ഡെറ്റ് വിപണിയില്‍ എഫ്‍പിഐകള്‍ 588.42 കോടി രൂപയുടെ അറ്റ നിക്ഷേപവും നടത്തി. 

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല 

Tags:    

Similar News