ബ്ലോക്ക് ഡീലിന് ശേഷം 6% ഉയർന്ന് വി-ഗാർഡ് ഓഹരികൾ
ഒരു ഓഹരിക്ക് 286 രൂപ എന്ന നിരക്കിലായിരുന്നു വ്യപാരം
കേരളം ആസ്ഥനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഉത്പന്ന നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ഓഹരികൾ ബ്ലോക്ക് ഡീലിന് ശേഷം തുടക്കവ്യാപാരത്തിൽ 6 ശതമാനത്തോളം ഉയർന്നു. എൻഎസ്ഇ ഡാറ്റ അനുസരിച്ച് ഓഹരിയൊന്നിന് 286 രൂപ എന്ന നിരക്കിലാണ് 45 ലക്ഷം ഓഹരികളുടെ കൈമാറ്റം നടന്നത്. ഇത് 128.70 കോടി രൂപയുടെ ഓഹരികളാണ്. മുൻ ദിവസത്തെ ഓഹരികളുടെ ക്ലോസിങ് വിലയായ 287.15 രൂപയെക്കാൾ നേരിയ കിഴിവിലാണ് വ്യപാരം നടന്നത്.
നിലവിൽ ഓഹരികൾ (രാവിലെ 11:44) എൻഎസ്ഇ യിൽ 2.40 ശതമാനം ഉയർന്ന് 294.05 ൽ വ്യാപാരം തുടരുന്നു.
നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 35.02 ശതമാനം വർധിച്ച് 58.95 കോടി രൂപയായി രേഖപെടുത്തിയിട്ടുണ്ട്. മുന്‍വർഷമിതേ കാലയളവിൽ 43.66 കോടി രൂപയായിരുന്നു അറ്റാദായം. സെപ്തംബർ പാദത്തിൽ വി-ഗാർഡിന്റെ മൊത്ത വരുമാനം 16 ശതമാനം ഉയർന്ന് 1,147.91 കോടി രൂപയായി. ഓഹരിയൊന്നിന് 1.34 രൂപയാണ് ഇപിഎസ്.