യുദ്ധപ്പേടിയില്‍ ചുവപ്പണിഞ്ഞ് വിപണികള്‍

Update: 2023-10-09 10:06 GMT

മധ്യേഷ്യയിലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക പടര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 50 157 പോയിൻറ് അഥവാ 0.80 ശതമാനം ഇടിഞ്ഞ് 19,496.85 ൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 483 പോയിന്റ് അഥവാ 0.73 ശതമാനം നഷ്ടത്തിൽ 65,512.39 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകര്‍ക്ക് മൊത്തത്തില്‍ 3 ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഏഷ്യൻ പെയിന്റ്‌സ്. ടൈറ്റൻ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് ഏറ്റവുമധികം ഇടിവ് നേരിട്ടത്. മറുവശത്ത്,  എച്ച്സിഎൽ ടെക്നോളജീസ്,  ടിസിഎസ്,  ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ എന്നിവ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 

"ഇസ്രായേൽ-ഹമാസ് സംഘർഷം വിപണിയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ യുദ്ധം എങ്ങനെ മാറുമെന്ന് ആർക്കും അറിയില്ല," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. നിലവിൽ എണ്ണ വിതരണത്തിൽ വലിയ തടസ്സം സൃഷ്ടിക്കാൻ സാധ്യതയില്ലെങ്കിലും ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാന്‍ യുദ്ധത്തിലേക്ക് എത്തുന്ന സാഹചര്യമുണ്ടായാന്‍ സ്ഥിതി മാറുമെന്നും അദ്ദേഹം പറഞ്ഞു. "

ഈ ആഴ്ച അവസാനം പ്രഖ്യാപിക്കുന്ന മാക്രോ ഇക്കണോമിക് ഡാറ്റകളും നിക്ഷേപകരുടെ ജാഗ്രതയ്ക്ക് കാരണമാണ്. ഓഗസ്റ്റിലെ വ്യാവസായിക ഉൽപ്പാദന, ഉൽപ്പാദന ഡാറ്റ ഒക്ടോബർ 12-ന് പ്രഖ്യാപിക്കും. അതേ സമയം, സെപ്തംബറിലെ പണപ്പെരുപ്പ നിരക്കും മൊത്തവില സൂചിക ഡാറ്റയും ഒക്ടോബർ 13-ന് പ്രഖ്യാപിക്കും.

ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്ര തലത്തിലാണ്. ചൈനീസ് വിപണി നഷ്ടത്തിലും ഹോങ്കോംഗ് വിപണി നേട്ടത്തിലുമാണ്. ജപ്പാന്‍, ദക്ഷിണ കൊറിയന്‍ വിപണികള്‍ അവധിയിലാണ്.. യുഎസ് വിപണികള്‍ പൊതുവില്‍ നേട്ടത്തോടെയാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. പക്ഷേ യുദ്ധ സാഹചര്യം കനത്തതോടെ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകള്‍ ഇടിവ് രേഖപ്പെടുത്തി. 

വെള്ളിയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 364.06 പോയിന്റ് അഥവാ 0.55 ശതമാനം ഉയർന്ന് 65,995.63 പോയിന്റിൽ എത്തി. നിഫ്റ്റി 107.75 പോയിന്റ് അഥവാ 0.55 ശതമാനം ഉയർന്ന് 19,653.50 ൽ അവസാനിച്ചു. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച 90.29 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം.

Tags:    

Similar News