സെറോദ ഉപഭോക്താക്കള്‍ക്ക് ഇനി സെന്‍സിബുള്ളില്‍ സൗജന്യമായി ഓപ്ഷന്‍സ് ട്രേഡ് ചെയ്യാം
ജുലൈ 24 തിങ്കളാഴ്ച്ച മുതലാണ് ഈ സൗകര്യം ലഭ്യമായത്
രാജ്യത്തെ ഏറ്റവും വലിയ ഓഹരി വ്യാപാര പ്ലാറ്റ്‌ഫോം ആയ സെറോദയിലെ ഉപഭോക്താക്കള്‍ക്കിതാ ഒരു സന്തോഷവര്‍ത്തമാനം! രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ഓപ്ഷന്‍ വ്യാപാര പ്ലാറ്റ്‌ഫോമായ സെന്‍സിബുള്ളില്‍ സെറോദ ഇടപാടുകാര്‍ക്ക് സൗജന്യമായി ഓപ്ഷന്‍ വ്യാപാരം നടത്താം. സെറോദ സ്ഥാപകന്‍ നിതിന്‍ കാമത്ത് അറിയിച്ചതാണ് ഈ കാര്യം.
ഈ സെന്‍സിബുള്‍ സൗകര്യം ഉപയോഗിക്കുന്നതിനുള്ള ചെലവ് സെറോദയാണ് വഹിക്കുന്നത്. ഉപഭോക്താക്കള്‍ പണം നല്‍കേണ്ടതില്ല. ജുലൈ 24 മുതലാണ് ഈ സൗജന്യ ഓഫുര്‍ സെറോദ അവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ സെറോദയിലെ ട്രേഡിംഗിന് സാധാരണ നല്‍കുന്ന നിരക്കു( ഒര്‍ഡറിന് 20 രൂപ) തന്നെ നല്‍കിയാല്‍ മതി.
'റീട്ടെയില്‍ നിക്ഷേപകരെ ലാഭത്തിലേക്കത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് സെന്‍സിബുള്‍ ആരംഭിക്കുന്നത്. പക്ഷേ, ആയിരക്കണക്കിന് വരുന്ന ചെറുകിട നിക്ഷേപകര്‍ക്ക് സെന്‍സിബുള്ളിന്റെ ഫീസ് നിരക്ക് താങ്ങാനാവുന്നില്ല. ഓപ്ഷന്‍സ് ട്രേഡ് ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഫീസ് അധികമായതിനാല്‍ വ്യാപാരം ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ അത് ഞങ്ങളുടെ കാഴ്ചപ്പാടിനോടുള്ള അനീതിയാണ്. ഓപ്ഷന്‍സ് ട്രേഡ് ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗം അത് എല്ലവരിലേക്കും എത്തിക്കുക എന്നതാണ്. അതാണ് ഞങ്ങളുടെ ലക്ഷ്യം,' സെന്‍സിബുള്‍ സ്ഥാപകനും സിഇഒയുമായ ആബിദ് ഹസ്സന്‍ പറഞ്ഞു.
എന്താണ് ഓപ്ഷന്‍സ് ട്രേഡിംഗ്?
നിശ്ചിത കാലയളവിനുശേഷം മുന്‍കൂട്ടി നിശ്ചയിച്ച നിരക്കില്‍ സെക്യൂരിറ്റികള്‍, ഇടിഎഫുകള്‍ അല്ലെങ്കില്‍ ഇന്‍ഡെക്സ് ഫണ്ടുകള്‍ പോലുള്ള നിക്ഷേപ ഉപകരണങ്ങള്‍ വാങ്ങാനോ വ്യാപാരം ചെയ്യാനോ നിക്ഷേപകനെ അനുവദിക്കുന്ന ഒരു കരാറാണ് 'ഓപ്ഷന്‍'. ഭാവിയില്‍ എപ്പോഴെങ്കിലും ഓഹരികള്‍ സ്വന്തമാക്കാന്‍ നിങ്ങളെ അനുവദിക്കുന്ന ഓപ്ഷനെ 'കോള്‍ ഓപ്ഷന്‍' എന്ന് വിളിക്കുന്നു. മറിച്ച്, ഭാവിയില്‍ എപ്പോഴെങ്കിലും ഓഹരികള്‍ വില്‍ക്കാന്‍ നിങ്ങളെ പ്രാപ്തമാക്കുന്ന ഒരു ഓപ്ഷന്‍ 'പുട്ട് ഓപ്ഷന്‍' ആണ്.
ഓപ്ഷനുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവർക്ക് കാലാവധി തീയതിക്ക് മുമ്പ് ഏത് സമയത്തും ആ ഓപ്ഷനുകള്‍ പ്രയോഗിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. ഈ ഘടന കാരണം, ഓപ്ഷനുകളെ 'ഡെറിവേറ്റീവ് സെക്യൂരിറ്റികള്‍' ആയി കണക്കാക്കുന്നു.
