ബിസിനസ് രംഗത്തെ സ്ത്രീ സാന്നിധ്യം ചർച്ചയായി ഹഡില്‍ ഗ്ലോബല്‍ രണ്ടാം ദിവസം

ദമ്പതികള്‍ സംയുക്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ മുന്നോട്ട് വെക്കുന്ന സാധ്യതകളും വെല്ലുവിളികളും കോണ്‍ക്ലേവില്‍ ചര്‍ച്ചയായി.

Update: 2022-12-16 09:49 GMT

Aloysius Andrew

തിരുവനന്തപുരം: വ്യവസ്ഥാപിതമായ അയും അസമത്വവും മറികടന്ന് ഒന്നാമതെത്തിയിട്ടും സാങ്കേതിക - ബിസിനസ് രംഗങ്ങളില്‍ സ്ത്രീകൾ മുന്നോട്ട് വരാൻ ബുദ്ധിമുട്ടുന്നു.

പ്രതിസന്ധികൾ തരണം ചെയ്തു മുന്നേറിയിട്ടും മികവ് പ്രതിഫലിച്ച് കാണുന്നില്ലെന്ന് ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ്പ് കോണ്‍ക്ലേവിലെ ചര്‍ച്ചകള്‍ വ്യക്തമാക്കി.

ഹാക്കത്തോണ്‍ പോലുള്ള നൂതനാശയങ്ങൾ പങ്കുവെക്കുന്ന വേദികളിൽ നിരവധി കഴിവുറ്റ പെൺകുട്ടികളെ കാണാൻ സാധിക്കും. സാങ്കേതിക മികവോട് കൂടിയുള്ള വ്യത്യസ്ത ആശയങ്ങൾ അവതരിപ്പിച്ച് പുരുഷന്‍മാരോട് മത്സരിച്ച് പ്രതിഭ തെളിയിക്കുന്നവരാണ് ഏറെയും.

എന്നാൽ ബിസിനസ് രംഗത്ത് ആണ്‍കുട്ടികള്‍ക്ക് കിട്ടുന്നത്ര പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് അവസരശാല സ്റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകനായ എസ്. സന്ദീപ് അഭിപ്രായപ്പെട്ടു.

പുതുതായി പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ മികവുറ്റ അവസരങ്ങൾ കണ്ടെത്തി ലക്ഷ്യസ്ഥാനത്തേക്ക് വഴികാട്ടുകയാണ് 'അവസരശാല' ചെയ്യുന്നത്. ഭാര്യ അശ്വതി വേണുഗോപാലുമായി ചേര്‍ന്നാണ് സന്ദീപ് സംരംഭം ആരംഭിച്ചത്. അറിവും സാങ്കേതിക മികവും വർധിച്ചതോടെ ബിസിനസ്സ് മേഖലയിൽ സ്ത്രീ സംരംഭകർ നേരിട്ടിരുന്ന പ്രതിസന്ധികളുടെ തോത് വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. സാമൂഹിക നീതികേടും അസമത്വങ്ങളും നേരിടാൻ പ്രാപ്തരായ കരുത്തുറ്റ വനിതകളാണ് ഇവരിൽ ഏറെ പേരും. കൂടാതെ പുത്തൻ ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന മത്സരങ്ങളില്‍ ഭൂരിഭാഗം സമ്മാനങ്ങളും പെണ്‍കുട്ടികളാണ് കരസ്ഥമാക്കുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ബിസിനസ് രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ പ്രതിഫലിക്കുമെന്നാണ് അശ്വതിയുടെ അഭിപ്രായം




 കൂടാതെ ദമ്പതികള്‍ സംയുക്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ മുന്നോട്ട് വെക്കുന്ന സാധ്യതകളും വെല്ലുവിളികളും കോണ്‍ക്ലേവില്‍ ചര്‍ച്ചയായി. ഇരുവരും ചേർന്ന് വളർത്തുന്ന ബിസിനസിന്റെ ഭാവി ഒറ്റയ്ക്ക് നടത്തുന്നതിനേക്കാൾ ഗുണകരമാകുമെന്നും ചർച്ച വ്യക്തമാക്കി.

ജീവിതത്തിൽ ഏറ്റവും വിശ്വസിക്കാൻ സാധിക്കുന്ന ആളാണ് സ്വന്തം പങ്കാളി.

ജോബിന്‍ ആന്‍ഡ് ജിസ്മിയിലെ ജോബിന്‍റെ അഭിപ്രായമാണിത് . ചര്‍ച്ചയില്‍ പങ്കെടുത്ത മൂന്നു ദമ്പതിമാരും ഇക്കാര്യത്തില്‍ സമാന അഭിപ്രായമാണ് പങ്കുവച്ചത്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ഇരുവര്‍ക്കും മികവ് പ്രകടിപ്പിക്കാന്‍ പറ്റുന്ന മേഖലകളെക്കുറിച്ച് കൃത്യമായ അറിവുണ്ടാവുകയും ഇടപെടുന്ന മേഖലകള്‍ക്ക് അതിര് നിശ്ചയിക്കുകയും വേണമെന്നു ജിസ്മി പറഞ്ഞു.

എന്നാല്‍ ആദ്യഘട്ടത്തിലെ ധനസമാഹരണ സമയത്ത് ദമ്പതികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരും. കുടുംബ ബിസിനസില്‍ പണമിറക്കാന്‍ നിക്ഷേപകര്‍ ആശങ്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകാമെന്നാണ് ഓപ്പണ്‍ ഫിനാന്‍സിലെ അനീഷ് അച്യുതൻ അഭിപ്രായപെട്ടു.

Tags:    

Similar News