അഗ്നിപഥിന് പിന്തുണയുമായി കോർപ്പറേറ്റ് ഇന്ത്യ, അഗ്നിവീരന്മാർക്ക് തൊഴില്‍ നൽകും

രാജ്യത്തുടനീളം ജനകീയ പ്രക്ഷോഭത്തിന് കാരണമായ ‘അഗ്നിപഥ്’ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് കോർപ്പറേറ്റ് ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥ് സ്‌കീമിനെതിരെ വന്‍ പ്രതിഷേധം ഉയരുമ്പോള്‍ അഗ്നിവീരന്മാര്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനവുമായി ഇന്ത്യൻ കോർപ്പറേറ്റുകൾ രംഗത്ത്.  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക ബയോകോണിന്റെ സ്ഥാപക ചെയർമാൻ കിരൺ മസുംദാർ ഷാ എന്നിവരാണ് അഗ്നിപഥ് പദ്ധതിക്ക് പിൻതുണയുമായി രംഗത്തെത്തിയ […]

Update: 2022-06-21 00:37 GMT

രാജ്യത്തുടനീളം ജനകീയ പ്രക്ഷോഭത്തിന് കാരണമായ ‘അഗ്നിപഥ്’ പദ്ധതിയിൽ സർക്കാരിനെ പിന്തുണച്ച് കോർപ്പറേറ്റ് ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥ് സ്‌കീമിനെതിരെ വന്‍ പ്രതിഷേധം ഉയരുമ്പോള്‍ അഗ്നിവീരന്മാര്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനവുമായി ഇന്ത്യൻ കോർപ്പറേറ്റുകൾ രംഗത്ത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക ബയോകോണിന്റെ സ്ഥാപക ചെയർമാൻ കിരൺ മസുംദാർ ഷാ എന്നിവരാണ് അഗ്നിപഥ് പദ്ധതിക്ക് പിൻതുണയുമായി രംഗത്തെത്തിയ പ്രമുഖ വ്യവസായികൾ. യുവാക്കളെ പരിശീലിപ്പിക്കാൻ സായുധ സേനയെക്കാൾ മികച്ച സ്ഥലം വേറെയില്ലെന്നാണ് ഇവരുടെ അഭിപ്രായം.

യുവാക്കൾക്ക് രാജ്യത്തെ സേവിക്കാനുള്ള മികച്ച അവസരമാണ് പദ്ധതിയെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. അച്ചടക്കവും പരിശീലനം സിദ്ധിച്ചതുമായ യുവാക്കളുടെ ഒരു കൂട്ടത്തെ വ്യവസായ മേഖലയ്ക്ക് സംഭാവന ചെയ്യാൻ അഗ്നിപഥ് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈനികർ വ്യവസായത്തിനും വിപണിക്ക് അനുയോജ്യമായ പ്രൊഫഷണൽ പരിഹാരങ്ങൾ നൽകാൻ പ്രാപ്തിയുള്ളവരാണ്. വ്യവസായത്തിൻറെ വിവിധ പ്രവർത്തനങ്ങൾ മുതൽ ഭരണം, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് വരെയുള്ള മുഴുവൻ മേഖലകളിലും അഗ്നിവീറിനെ ഉപയോഗിക്കാൻ കഴിയുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ചൂണ്ടിക്കാട്ടി. അവരുടെ ടീം വര്‍ക്ക്, ലീഡര്‍ഷിപ്പ്, കായിക പരിശീലനം തുടങ്ങിയ ഗുണങ്ങള്‍ തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉപകരിക്കുമെന്നും അഡ്മിനിസ്‌ട്രേഷന്‍, ഓപ്പറേഷന്‍സ് എന്നിവ മുതല്‍ സപ്ലൈ ചെയിനില്‍ വരെ അഗ്നിവീരന്മാരെ ഉപയോഗിക്കാം എന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.

ഈ അവസരത്തെ സ്വാഗതം ചെയ്തുകൊണ്ട് ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക പറഞ്ഞു, “ഈ യുവാക്കൾക്ക് ഭാവി ഉറപ്പുനൽകാൻ മറ്റ് കമ്പനികളും ഞങ്ങളോടൊപ്പം ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

വ്യവസായ തൊഴിൽ വിപണിയിലെ റിക്രൂട്ട്‌മെന്റിൽ അഗ്നിവീറിന് പ്രത്യേക നേട്ടമുണ്ടാകുമെന്ന് ഫാർമ പ്രമുഖ ബയോകോണിന്റെ സ്ഥാപക ചെയർമാൻ കിരൺ മസുംദാർ ഷാ പറഞ്ഞു.

“അഗ്നിപഥ് പദ്ധതി സമൂഹത്തിൽ ഗുണപരമായ സ്വാധീനം ചെലുത്തുകയും രാഷ്ട്രനിർമ്മാണത്തിന് വലിയ സംഭാവന നൽകുകയും ചെയ്യും. വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ചയിലും സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലും അഗ്നിവീറുകൾ നിർണായക പങ്ക് വഹിക്കുമെന്ന് ടിവിഎസ് മോട്ടോർ കമ്പനി മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു.

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്

'അഗ്‌നിപഥ് സ്‌കീമുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ദുഃഖമുണ്ട്. അഗ്‌നിവീരന്മാരുടെ അച്ചടക്കവും നൈപുണ്യവും അവരെ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. അതിപ്പോഴും ആവര്‍ത്തിക്കുന്നു. അഗ്‌നിപഥ് പരിശീലനം ലഭിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു'

എന്താണ് അഗ്നിപഥ്

രാജ്യത്തെ കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന പദ്ധതിയാണ് അഗ്നിപഥ്. ഇതുവഴി സേനയില്‍ യുവാക്കളുടെ എണ്ണം കൂട്ടാമെന്നും ചെലവുകള്‍ കുറയ്ക്കാനും സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. 17 മുതല്‍ 21 വയസുവരെ ഉള്ളവര്‍ക്കാണ് ഈ പദ്ധതി വഴി സൈന്യത്തില്‍ ചേരാനാകുക. 4 വര്‍ഷത്തേക്കാണ് നിയമനം. കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും. ഇവര്‍ക്ക് 15 വര്‍ഷവും സര്‍വീസില്‍ തുടരാം. റിക്രൂട്ട്‌മെന്റ് റാലികളിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക.

സ്ഥിരനിയമനം നേടുന്ന 25 ശതമാനം പേരൊഴികെയുള്ളവര്‍ക്ക് പെന്‍ഷന്‍ ഉണ്ടാകില്ല. ആരംഭത്തില്‍ 30,000 രൂപയുള്ള ശമ്പളം സേവനത്തിന്റെ അവസാനമാകുമ്പോഴേയ്ക്കും 40,000 രൂപയാകും. ശമ്പളത്തിന്റെ 30 ശതമാനം സേവാനിധി പ്രോഗാമിലേക്കു മാറ്റും. നാലു വര്‍ഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേര്‍ത്ത് സേവന കാലയളവ് അവസാനിക്കുമ്പോള്‍ പതിനൊന്നരലക്ഷം രൂപ ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാകും. പത്ത് - പ്ലസ്ടു പാസായവര്‍ക്ക് റാലിയില്‍ പങ്കെടുക്കാമെന്ന് അറിയിപ്പിലുണ്ട്.

 

 

Tags:    

Similar News