അദാനി ഓഹരികൾ മുന്നറിയിപ്പ് പട്ടികയിൽ 'സ്റ്റേജ് 2 ' ലേക്ക്
മാർച്ച് 10 നാണ് ദീർഘകാല അധിക നിരീക്ഷണ നടപടിയുടെ ആദ്യ സ്റ്റേജിൽ അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നി കമ്പനികളെ ഉൾപ്പെടുത്തിയത്
ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ വലിയ അസ്ഥിരതയാണ് ഉണ്ടായത്. അതിനാൽ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി സ്റ്റോക്ക് എക്സ്ചേയ്ഞ്ചുകൾ പല അദാനി ഓഹരികളെയും അധിക നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് സ്ഥിതിയിൽ വ്യത്യാസം വരുന്നതിനനുസരിച്ച് അവയെ അതിൽനിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 10 ന്
ദീർഘകാല അധിക നിരീക്ഷണ നടപടിയുടെ ആദ്യ സ്റ്റേജിൽ അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നി കമ്പനികളെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇരു കമ്പനികളെയും ദീർഘ കാല അധിക നിരീക്ഷണ നടപടിയുടെ 'രണ്ടാം സ്റ്റേജിലേക്ക്' മാറ്റിയതായി എൻഎസ്ഇയും ബിഎസ്ഇയും വെള്ളിയാഴ്ച വ്യക്തമാക്കി. മാർച്ച് 27 മുതൽക്കാണ് കമ്പനികളെ മാറ്റുന്നത്.
എഎസ്എം ചട്ടക്കൂടിനു കീഴിൽ അദാനി പവറിനെ കഴിഞ്ഞ ദിവസം സ്റ്റോക്ക് എക്സ്ചേയ്ഞ്ചുകളായ എൻഎസ്ഇയും ബിഎസ്ഇയും ഉൾപ്പെടുത്തിയിരുന്നു. ഹ്രസ്വ കാലത്തേക്ക് പരിഗണിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അദാനി ഗ്രീൻ എനർജി, എൻഡിടിവി അദാനി ഗ്രൂപ്പ് സ്റ്റോക്കുകളെ ദീർഘകാല എഎസ്‌എം ചട്ടക്കൂടിന്റെ രണ്ടാം ഘട്ടത്തിൽ നിന്ന് മാറ്റുന്നതിന് തൊട്ടുപിന്നാലെയാണ് അദാനി പവറിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
മാർച്ച് 8 ന് ഇരു എക്സ്ചേയ്ഞ്ചുകളും അദാനി എന്റർപ്രൈസസ്, അദാനി വിൽമർ, അദാനി പവർ എന്നിവയെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് മാർച്ച് 17 നാണ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത്.
ഓഹരികളിൽ അസാധാരമായ ചാഞ്ചാട്ടം, പ്രൈസ് ബാൻഡ് പരിധിയിലെത്തുന്നതിന്റെ എണ്ണം, പി ഇ അനുപാതം മുതലായ ധാരാളം ഘടകങ്ങളെ കണക്കിലെടുത്താണ് ഒരു ഓഹരിക്ക് അധിക നിരീക്ഷണം ഏർപ്പെടുത്തുന്നത്. നിക്ഷേപകരിൽ ഒരു ജാഗ്രത എന്ന നിലയിലാണ് ഈ ലിസ്റ്റ് തയാറാക്കുന്നത്. ഇത് പൂർണ്ണമായും മാർക്കറ്റ് നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തയാറാക്കുന്നത്. അതിനാൽ ബന്ധപ്പെട്ട കമ്പനിയ്‌ക്കോ സ്ഥാപനത്തിനോ എതിരായ പ്രതികൂല നടപടിയായി ഇത് കണക്കാക്കേണ്ടതില്ലെന്ന് എക്സ്ചേയ്ഞ്ചുകൾ വ്യക്തമാക്കി.
വെള്ളിയാഴ്ച വിപണിയിൽ അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളിൽ 7 കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
