തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ട് കോഴിക്കോട് കോര്‍പറേഷന്‍

  • ചൊവ്വാഴ്ച കോര്‍പറേഷനില്‍ അഞ്ച് തൊഴില്‍ കൗണ്‍സിലുകളാണ് നടന്നത്

Update: 2022-12-29 10:15 GMT

കോഴിക്കോട്: അഭ്യസ്തവിദ്യരായ യുവതലമുറയെ തൊഴിലിനായി സജ്ജമാക്കുന്നതിന് പുതിയ നീക്കവുമായി കോഴിക്കോട് കോര്‍പറേഷന്‍. പ്രാദേശിക സംരംഭങ്ങളെ കണ്ടെത്തി തൊഴിലന്വേഷകരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍ പതിനാലാമത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച തൊഴില്‍ കൗണ്‍സിലുകളുടെ പ്രതിനിധികളുമായുള്ള യോഗം വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് കോര്‍പറേഷന്‍ മൂന്നു മുതല്‍ നാല് വരെ വാര്‍ഡുകളിലായി 25 തൊഴില്‍ കൗണ്‍സിലുകളാണ് കോര്‍പറേഷന്‍ തലത്തിലുള്ള സംഘടനാ സമിതി രൂപീകരിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കെ-ഡിസ്‌ക് കുടുംബശ്രീയുമായി ചേര്‍ന്ന് പദ്ധതിയുടെ സര്‍വേ നടത്തിയിട്ടുണ്ട്.

കോഴിക്കോട് കോര്‍പറേഷനില്‍ വിദ്യാസമ്പന്നരായ 46,000 യുവാക്കള്‍ രജിസ്റ്റര്‍ ചെയ്യുകയും 4,279 തെഴിലവസരങ്ങള്‍ ഇതുവഴി നേടിക്കൊടുക്കാനും സാധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോര്‍പറേഷനില്‍ അഞ്ച് തൊഴില്‍ കൗണ്‍സിലുകളാണ് നടന്നത്.

Tags:    

Similar News