നാരായണ മൂര്‍ത്തി, ഇൻഫോസിസ് നായകൻ

അദ്ദേഹത്തെ 'ഇന്ത്യന്‍ ഐടി മേഖലയുടെ പിതാവ്' എന്ന പേരില്‍ വിശേഷിപ്പിക്കുന്നു.

Update: 2022-01-14 02:10 GMT

 

ഇന്ത്യന്‍ വ്യവസായിയും ഇന്‍ഫോസിസിന്റെ സ്ഥാപകനുമാണ് നാരായണ മൂര്‍ത്തി. 1946 ആഗസ്റ്റ് 20ന് മൈസൂരിലാണ് അദ്ദേഹം ജനിച്ചത്. സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണുമായ സുധാ മൂര്‍ത്തിയാണ് ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗില്‍ ചേരുകയും 1967 ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടുകയും ചെയ്തു.

1969ല്‍ കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. വിരമിക്കുന്നതിന് മുമ്പ് കമ്പനിയുടെ ചെയര്‍മാന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി ഇ ഒ), പ്രസിഡന്റ്, ചീഫ് മെന്റര്‍ എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2021 ഒക്ടോബറിലെ അദ്ദേഹത്തിന്റെ ആസ്തി 4.3 ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു.

ഇന്‍ഫോസിസ് ആരംഭിക്കുന്നതിന് മുമ്പ്, മൂര്‍ത്തി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദിലും ചീഫ് സിസ്റ്റം പ്രോഗ്രാമറായും പൂനെയിലെ പട്‌നി കമ്പ്യൂട്ടര്‍ സിസ്റ്റംസിലും ജോലി ചെയ്തിരുന്നു. 1981 ല്‍ ഇന്‍ഫോസിസ് ആരംഭിച്ച അദ്ദേഹം 1981 മുതല്‍ 2002 വരെ സി ഇ ഒയും 2002 മുതല്‍ 2011 വരെ ചെയര്‍മാനുമായിരുന്നു. 2011 ല്‍ അദ്ദേഹം ബോര്‍ഡില്‍ നിന്ന് പടിയിറങ്ങി എമറിറ്റസ് ചെയര്‍മാനായി. 2013 ജൂണില്‍ മൂര്‍ത്തിയെ അഞ്ച് വര്‍ഷത്തേക്ക് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചു.

ഫോര്‍ച്യൂണ്‍ മാഗസിന്‍ ഏറ്റവും മികച്ച 12 സംരംഭകരുടെ പട്ടികയില്‍ മൂര്‍ത്തിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഔട്ട്‌സോഴ്‌സിംഗിനുള്ള അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് ടൈം മാഗസിനും സി എന്‍ ബി സി യും അദ്ദേഹത്തെ 'ഇന്ത്യന്‍ ഐടി മേഖലയുടെ പിതാവ്' എന്ന പേരില്‍ വിശേഷിപ്പിക്കുന്നു. പത്മവിഭൂഷണ്‍ ,പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഐ ഐ എം അഹമ്മദാബാദിലെ ഫാക്കല്‍റ്റിയുടെ കീഴില്‍ ഒരു റിസര്‍ച്ച് അസോസിയേറ്റ് ആയി സേവനമനുഷ്ഠിച്ചു കൊണ്ടാണ് മൂര്‍ത്തി അദ്ദേഹത്തിന്റെ കരിയര്‍ തുടങ്ങുന്നത്. പിന്നീട് ചീഫ് സിസ്റ്റം പ്രോഗ്രാമറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

 

Tags:    

Similar News