എഫ്പിഒ വഴി 20,000 കോടി രൂപ സമാഹരിക്കാന്‍ അദാനി എന്റര്‍പ്രൈസസ്
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ 1,800 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.
മുംബൈ: അദാനി എന്റര്‍പ്രൈസസ് ഫോളോ-ഓണ്‍ പബ്ലിക് ഓഫറിലൂടെ (എഫ്പിഒ) 20,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് എഫ്പിഒയ്ക്ക് അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്. ഒരു രൂപ മുഖവിലയുള്ള ഓഹരികളാണ് എഫ്പിഒ വഴി വിറ്റഴിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ 1,800 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതേ കാലയളവില്‍ അദാനി ഗ്രൂപ്പിലെ ചില ഓഹരികള്‍ 2,000 ശതമാനത്തിലധികവും ഉയര്‍ന്നിരുന്നു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയിലെ പ്രമോട്ടര്‍മാരുടെ പങ്കാളിത്തം 72.63 ശതമാനമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാളിത്തം 15.59 ശതമാനവും, പൊതു ജനങ്ങളുടെയും മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെയും ഓഹരി പങ്കാളിത്തം യഥാക്രമം 6.46 ശതമാനവും, 1.27 ശതമാനവുമാണ്.
കമ്പനിയുടെ മൂലധനം ഉയരുന്നതോടെ നിലവിലുള്ള ബിസിനസിനും ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കും നേട്ടമാകും. അദാനി എന്റര്‍പ്രൈസസ് രാജ്യത്തെ തന്നെ ഏറ്റവും വലിയ എന്റര്‍പ്രൈസുകളിലൊന്നാണ്. എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ടെക്‌നോളജി പാര്‍ക്കുകള്‍, റോഡുകള്‍, ഡാറ്റാ സെന്റര്‍, വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിങ്ങനെയുള്ള ബിസിനസുകളിലാണ് കമ്പനിയുടെ നിക്ഷേപങ്ങള്‍.
കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2022 സാമ്പത്തിക വര്‍ഷത്തിലെ 212.41 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ 117 ശതമാനം വര്‍ധിച്ച് 460.94 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 13,218.02 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ അറ്റവില്‍പ്പന 188.8 ശതമാനം ഉയര്‍ന്ന് 38,175.23 കോടി രൂപയുമായിട്ടുണ്ട്. ഇന്ന് ബിഎസ്ഇയില്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ 0.69 ശതമാനം ഇടിഞ്ഞ് 3,895 രൂപയിലെത്തി.
