2021ല്‍ പറഞ്ഞു 10,000 തൊഴിലവസരമെന്ന്, ഇപ്പോള്‍ കൂട്ടപിരിച്ചുവിടലെന്ന് ഫിഡെലിറ്റി

  • ഇന്ത്യയില്‍ 20,000 ജീവനക്കാരാണ് എഫ്‌ഐഎസിനുള്ളത്. ഇതില്‍ 3,000 പേര്‍ പൂനെയിലാണ്.
  • ആമസോണില്‍ നിന്നും പിരിച്ചുവിടുന്നവരുടെ എണ്ണം 20,000 കടന്നേക്കും.

Update: 2022-12-05 11:44 GMT

ഡെല്‍ഹി: ആഗോളതലത്തില്‍ ടെക്ക്, ഇ കൊമേഴ്‌സ് കമ്പനികളിലെ പിരിച്ചുവിടല്‍ ഇവയുടെ ഇന്ത്യന്‍ വിഭാഗങ്ങളിലും പിടിമുറുക്കുന്നു. ട്വിറ്ററും, മെറ്റയും ജീവനക്കാരെ പിരിച്ചുവിടുന്നു എന്ന് അറിയിച്ചതിന് പിന്നാലെ ആമസോണും ഇതേ നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്. യുഎസ് ആസ്ഥാനമായ ഐടി സര്‍വീസ് മാനേജ്‌മെന്റ് കമ്പനിയായ ഫിഡെലിറ്റി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (എഫ്‌ഐഎസ്) ഇന്ത്യയിലെ 400 ജീവനക്കാരെ പിരിച്ചു വിട്ടേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് കമ്പനി ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് 10,000 പേര്‍ക്ക് തൊഴില്‍ നല്‍കും എന്ന് പ്രഖ്യാപനം നടത്തി ഒരു വര്‍ഷത്തിനകമാണ് കമ്പനിയുടെ 'പിരിച്ചുവിടല്‍' നീക്കം എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ആറ് പ്രധാന മേഖലകളിലായി ഏകദേശം 20,000 ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്. പൂനെയില്‍ മാത്രം 3,000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലെ കണക്കുകള്‍ നോക്കിയാല്‍ മെറ്റയില്‍ നിന്നും ഏകദേശം 13 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആമസോണില്‍ നിന്നും 3 ശതമാനം പേരെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ ക്രിപ്‌റ്റോ കറന്‍സി തിരിച്ചടി നേരിടുമ്പോള്‍ ഇവയുമായി ബന്ധപ്പെട്ട കമ്പനികളില്‍ പിരിച്ചുവിടല്‍ ശക്തമാവുകയാണ്. 30 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ ബൈബിറ്റ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കമ്പനി പുനക്രമീകരണത്തിന്റെ ഭാഗമായാണ് നീക്കമെന്നും നിക്ഷേപകരുടെ ആസ്തി സുരക്ഷിതമായിരിക്കുമെന്നും സിഇഒ ബെന്‍ സൊഹു അറിയിച്ചു.

ആമസോണില്‍ 20,000 പേരെ പിരിച്ചുവിട്ടേക്കും

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണില്‍ നിന്നും തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം 20,000 ആയി ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കൂട്ടത്തില്‍ മാനേജര്‍ തസ്തികയില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. കമ്പനിയിലെ ജീവനക്കാരുടെ പ്രകടനം ഉള്‍പ്പടെ വിവരിക്കുന്ന റിപ്പോര്‍ട്ട് തയാറാക്കണമെന്ന് ഉയര്‍ന്ന തസ്തികയിലുള്ള ചിലരോട് മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചിരുന്നു. അടുത്തിടെയാണ് ടെക്ക് ഭീമന്മാരായ ട്വിറ്ററും മെറ്റയും ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തുടങ്ങിയത്.

ഇതിനു പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണെന്ന് ആമസോണും അറിയിക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ തന്നെ പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂചന. ആകെ 16 ലക്ഷം ജീവനക്കാരാണ് ആഗോളതലത്തില്‍ കമ്പനിയ്ക്കുള്ളത്. ഇതില്‍ ഒരു ശതമാനം ആളുകളെ പിരിച്ചുവിടും എന്നായിരുന്നു കമ്പനി കഴിഞ്ഞ മാസം അറിയിച്ചിരുന്നത്. വരും ദിവസങ്ങളില്‍ ആമസോണില്‍ നിന്നും തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം ഇനിയും കൂടിയേക്കാം.

ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണ് സംഭവിക്കാന്‍ പോകുന്നത്. ആമസോണിന്റെ ഉപകരണ നിര്‍മാണ വിഭാഗം, ഹ്യൂമന്‍ റിസോഴ്സസ്, റീട്ടെയില്‍ വിഭാഗം എന്നിവയിലെ ആളുകളെയായിരിക്കും കൂടുതലും പിരിച്ചുവിടുക എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചെയ്തിരുന്നു. മാത്രമല്ല ഈ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച് മുന്‍കൂര്‍ അറിയിപ്പും നല്‍കിയിരുന്നു. ആഗോളതലത്തില്‍ ഒട്ടേറെ സെല്ലേഴ്‌സുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമാണ് ആമസോണ്‍. 

Tags:    

Similar News