ടെക് മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അവസരമൊരുക്കി ജാഗ്വര്‍ ലാന്‍ഡ് റോവര്‍

ഇലക്ട്രിക് കാര്‍ ടെക്നോളജിയില്‍ 100 എഞ്ചിനീയര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുമെന്നാണ് സൂചന.

Update: 2022-11-19 07:49 GMT

career opportunities in jaguar and rover

ടെക് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടക്കുമ്പോള്‍ ജോലി നല്‍കുമെന്ന് അറിയിപ്പുമായി മുന്‍നിര ഓട്ടോമൊബൈല്‍ കമ്പനി. ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ ഇലക്ട്രിക് കാര്‍ ടെക്നോളജിയില്‍ 100 എഞ്ചിനീയര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുമെന്നാണ് സൂചന.  ട്വിറ്റര്‍, മെറ്റ, ആമസോണ്‍, സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് ആന്‍ഡ് ഗെയിമിങ്ങ് കമ്പനി സീ ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ നിരവധി പേരെയാണ് അടുത്തിടെ മുന്നറിയിപ്പില്ലാതെയും, മുന്നറിയിപ്പോടു കൂടിയും പിരിച്ചു വിട്ടത്.

അടുത്തിടെയാണ് ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു ജോബ് പോര്‍ട്ടലിലാണ് ടെക് വിഭാഗത്തില്‍ 800 പേര്‍ക്ക് തൊഴിലവസരമുണ്ടെന്നുള്ള അറിയിപ്പ് ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ നല്‍കിയത്.

പ്രധാനമായും അടുത്തിടെ ജോലി നഷ്ടപ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പരസ്യം എന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പോലുള്ള ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുപോകുന്ന തൊഴിലാളികള്‍ക്ക് ബ്രിട്ടന്‍, അയര്‍ലന്‍ഡ്, അമേരിക്ക്, ഇന്ത്യ, ചൈന, ഹംഗറി എന്നിവിടങ്ങളില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കഴിവുകള്‍ ഉണ്ടെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ട്വിറ്ററിലെ പകുതി തൊഴിലാളികളെയും പിരിച്ചുവിട്ടതിന് പിന്നാലെ 4,400 കരാര്‍ ജീവനക്കാരെയും പിരിച്ചുവിട്ടുവെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇക്കഴിഞ്ഞ നാലാഴ്ച്ചയ്ക്കിടെ 3700 പേരെയാണ് പിരിച്ചു വിട്ടത്. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ട പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്.

വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഇപ്പോള്‍ കമ്പനി ഒഴിവാക്കിയതെന്നാണ് സൂചന. ഇവര്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിലായി കമ്പനിയുടെ ഇമെയിലോ, ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് പിരിച്ചു വിട്ടതെന്നും ജീവനക്കാര്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ട്വിറ്റര്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കമ്പനി കഠിനമായ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അതിനാലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതും എന്നായിരുന്നു സിഇഒ എലോണ്‍ മസ്‌കിന്റെ പ്രതികരണം.

Tags:    

Similar News