ഓപ്പണ്‍ ഓഫര്‍ ഇന്നവസാനിക്കും, എന്‍ഡിടിവിയുടെ നിയന്ത്രണം അദാനിയിലേക്ക്

Update: 2022-12-05 09:21 GMT



അദാനി ഗ്രൂപ്പ് ഓപ്പണ്‍ ഓഫറിലൂടെ എന്‍ഡിടിവിയുടെ 53 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി. വിപണിയില്‍ എന്‍ഡിടിവിയുടെ ഓഹരികള്‍ ഉയര്‍ന്ന നിലയിലാണ് വ്യാപാരം ചെയ്യുന്നതെങ്കിലും അദാനിയുടെ ഓപ്പണ്‍ ഓഫറില്‍ ഓഹരി ഒന്നിന് 294 രൂപയ്ക്ക് ഓഹരികള്‍ നല്‍കുന്നതിന് നിക്ഷേപകര്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 5 നു അവസാനിക്കുന്ന ഓപ്പണ്‍ ഓഫറില്‍ ഇതുവരെ 53.27 ലക്ഷം ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനിക്ക് കഴിഞ്ഞു. ഓപ്പണ്‍ ഓഫറിലൂടെ 1.67 കോടി ഓഹരികള്‍ അഥവാ 26 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനാണ് അദാനി ലക്ഷ്യമിടുന്നത്.

കോര്‍പറേറ്റ് നിക്ഷേപകര്‍ 39.34 ലക്ഷം ഓഹരികളും, റീട്ടെയില്‍ നിക്ഷേപകര്‍ 7 ലക്ഷം ഓഹരികളും, ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 6 .86 ലക്ഷം ഓഹരികളുമാണ് വിറ്റത്. വെള്ളിയാഴ്ച എന്‍ഡിടിവിയുടെ ഓഹരികള്‍ 414.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇതുവരെ ഓപ്പണ്‍ ഓഫറിലൂടെ എന്‍ഡിടിവിയുടെ 8.26 ശതമാനം ഓഹരികളാണ് ടെന്‍ഡറായിട്ടുള്ളത്. ഇത് കൂടാതെ അദാനി ആര്‍ആര്‍പിആര്‍ ഗ്രൂപ്പിനെ ഏറ്റെടുത്തതിലൂടെ സ്വന്തമാക്കിയ 29.18 ശതമാനം ഓഹരികളും ചേര്‍ത്ത് ആകെ 37.44 ശതമാനം ഓഹരികളാണ് കമ്പനിയുടെ കൈവശമുള്ളത്. എന്‍ഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയും, രാധിക റോയും ചേര്‍ന്ന് 32.26 ശതമാനം ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്.

ഇപ്പോള്‍ എന്‍ഡിടിവിയുടെ ഏറ്റവുമധികം ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന ഓഹരി ഉടമ എന്ന നിലയില്‍ അദാനിക്ക് കമ്പനി ബോര്‍ഡില്‍ ചുരുങ്ങിയത് 2 ബോര്‍ഡ് അംഗങ്ങളെ നിയമിക്കുന്നതിന് കഴിയും.

നിലവില്‍ പ്രണോയ് റോയ് ആണ് എന്‍ഡിടിവിയുടെ ചെയര്‍ പേഴ്‌സണ്‍. രാധിക റോയ് എക്സിക്യുട്ടീവ് ഡയറക്ടറുമാണ്. ഇരുവര്‍ക്കും ഡയറക്ടര്‍ ആയി തുടരാം. എന്നാല്‍ അവര്‍ ഈ പദവി രാജി വാക്കുകയാണെകില്‍ അദാനിക്ക് ചെയര്‍ പേഴ്‌സണ്‍ പദവിയിലേക്ക് മറ്റൊരാളെ നിയമിക്കുന്നതിന് കഴിയും. 

എന്‍ഡിടിവിയെ ഒരു അന്താരാഷ്ട്ര മീഡിയ ഗ്രൂപ്പാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും പ്രണോയ് അധ്യക്ഷനായി തുടരാന്‍ ആവശ്യപ്പെട്ടതായും ഗൗതം അദാനി കഴിഞ്ഞ മാസം ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പ്രണോയ് റോയും, രാധിക റോയും ആര്‍ആര്‍പിആര്‍ ലിമിറ്റഡിന്റെ ബോര്‍ഡില്‍ നിന്നും രാജിവച്ചത്. ഇതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗലിയാ എന്നിവരെ നിയമിച്ചിരുന്നു.

Tags:    

Similar News