ഹിന്‍ഡന്‍ബര്‍ഗിന്റെ ചോദ്യങ്ങളില്‍ 65 എണ്ണത്തിന് മറുപടിയുമായി അദാനി ഗ്രൂപ്പ്
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ കമ്പനിയെ പറ്റി പൊതുവായി അറിയപ്പെടുന്ന കാര്യങ്ങളാണെന്നും വസ്തുതകളെ വളച്ചൊടിക്കുന്ന രീതിയിലുള്ള വിശദീകരണമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും കമ്പനി ഇറക്കിയ മറുപടിയിലുണ്ട്.
മുംബൈ: അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുറത്തു വന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ 88 ചോദ്യങ്ങളില്‍ 65 എണ്ണത്തിന് മറുപടി നല്‍കി അദാനി ഗ്രൂപ്പ്. അദാനി പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെട്ട കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ കമ്പനിയുടെ ഔദ്യോഗിക സൈറ്റുകളില്‍ ലഭ്യമാണെന്നും, ഇതില്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ മുതല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വരെ രേഖകള്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ കമ്പനിയെ പറ്റി പൊതുവായി അറിയപ്പെടുന്ന കാര്യങ്ങളാണെന്നും വസ്തുതകളെ വളച്ചൊടിക്കുന്ന രീതിയിലുള്ള വിശദീകരണമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും കമ്പനി ഇറക്കിയ മറുപടിയിലുണ്ട്. 23 ചോദ്യങ്ങളില്‍ 18 എണ്ണവും പൊതു ഓഹരി ഉടമകളെ പറ്റിയും മൂന്നാം കക്ഷികളെ പറ്റിയും ഉള്ളതായിരുന്നുവെന്നും, അഞ്ചു ചോദ്യങ്ങള്‍ അടിസ്ഥാന രഹിതമായിരുന്നുവെന്നും കമ്പനിയുടെ മറുപടിയില്‍ പറയുന്നു.
വജ്രം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കസ്റ്റംസ് എക്‌സൈസ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അപ്പലേറ്റ് ട്രിബ്യുണലില്‍ നിന്നും കമ്പനിയ്ക്ക് അനുകൂലമായ നടപടികളാണുണ്ടായതെന്നും, ഇത് മുന്‍പ് തന്നെ ക്ലോസ് ചെയ്തിരുന്നുവെന്നും മറുപടിയിലുണ്ട്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ഇളയ സഹോദരന്‍ വിനോദ് അദാനി നിയന്ത്രിക്കുന്ന മൗറീഷ്യസ് ആസ്ഥാനമായ കമ്പനിയ്ക്ക് 1 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പാ ഇനത്തില്‍ നല്‍കി എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും, അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും, ഗണ്യമായ കടമുണ്ടെന്നുമൊക്കെ വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് എന്ന സ്ഥാപനം പുറത്തുവിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
റിപ്പോര്‍ട്ട് തെറ്റിധരിപ്പിക്കുന്നതും, അടിസ്ഥാനരഹിത ആരോപണങ്ങളടങ്ങിയതുമാണെന്ന് അദാനി ഗ്രൂപ്പ് മറുവാദവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും കമ്പനി ഓഹരികള്‍ കാര്യമായ നഷ്ടമാണ് രണ്ട് ദിവസംകൊണ്ട് നേരിട്ടിരിക്കുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ടുമായി രംഗത്ത് എത്തിയിരിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് ആരാണെന്നും, എന്താണെന്നും ഒന്നു പരിശോധിക്കാം.
അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തികമായ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. അക്കൗണ്ടിംഗിലെ ക്രമക്കേട്, നിയമവിരുദ്ധവും, അധാര്‍മ്മികവുമായ പ്രവര്‍ത്തനങ്ങള്‍, വെളിപ്പെടുത്താത്ത സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ നിരീക്ഷിച്ച് പുറത്തു കൊണ്ടിവരികയാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. 2017 ല്‍ നഥാന്‍ ആന്‍ഡേഴ്‌സണാണ് കമ്പനി സ്ഥാപിക്കുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റികറ്റിലെ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു ആന്‍ഡേഴ്‌സണ്‍. അമേരിക്കയിലേക്ക് എത്തുന്നതിനു മുമ്പ് ജറുസലേമില്‍ സജീവമായിരുന്ന ആന്‍ഡേഴ്‌സണ്‍ നിരവധി കമ്പനികളുടെ ബ്രോക്കറായും പ്രവര്‍ത്തിച്ചിരുന്നു. കമ്പനി സ്ഥാപിക്കുന്നതിനു മുമ്പ് ബേണി മഡോഫ്‌സ് തട്ടിപ്പ് പദ്ധതി പുറത്തുകൊണ്ടുവന്ന ഹാരി മാര്‍ക്കോപോളോയോടൊപ്പം ആന്‍ഡേഴ്‌സണ്‍ പ്രവര്‍ത്തിച്ചിരുന്നു.
1937 ലെ ഹിന്‍ഡന്‍ബര്‍ഗ് ദുരന്തമാണ് ഈ പേരിന് പിന്നില്‍. ജര്‍മന്‍ പാസഞ്ചര്‍ എയര്‍ഷിപ്പായ ഹിന്‍ഡന്‍ബര്‍ഗിന് ന്യൂ ജഴ്‌സിയില്‍വെച്ച് തീപിടിക്കുകയും 35 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തീ പിടിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ഹൈഡ്രജന്‍ വാതകമാണ് ഇതില്‍ ഇന്ധനമായി ഉപോയഗിച്ചിരുന്നതെന്നും അതുകൊണ്ട് ദുരന്തം മനുഷ്യനിര്‍മിതവുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെട്ടത്.
