രക്ഷയില്ല, അദാനി ഗ്രൂപ്പ് ഓഹരിയിന്‍ മേലുള്ള വായ്പ തിരിച്ചടക്കാന്‍ പദ്ധതിയിടുന്നു

  • ഓഹരിയിന്‍മേല്‍ എടുത്ത വായ്പ അടുത്ത 30-45 ദിവസത്തിനുള്ളില്‍ പൂര്‍ണമായും തിരിച്ചടച്ച് പൂജ്യത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി
  • ബാങ്കുകള്‍ കടങ്ങള്‍ ഭാഗികമായി തിരിച്ചടക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്ഥിതി വഷളാകും

Update: 2023-02-06 10:37 GMT


നിക്ഷേപകരുടെ ആശങ്ക പരിഗണിച്ച് ഗൗതം അദാനി, ഓഹരിയില്‍മേല്‍ എടുത്ത 7,000-8,000 കോടി രൂപയുടെ വായ്പ മുന്‍കൂറായി തിരിച്ചടക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരിയിന്‍മേല്‍ എടുത്ത വായ്പ അടുത്ത 30-45 ദിവസത്തിനുള്ളില്‍ പൂര്‍ണമായും തിരിച്ചടച്ച് പൂജ്യത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി.

ആഗോള ബാങ്കുകളായ ക്രെഡിറ്റ് സൂയിസ്, ജെപി മോര്‍ഗന്‍, ആഭ്യന്തര ബാങ്കിങ് ഇതര ധനകാര്യ സ്ഥാപങ്ങളായ ജെഎം ഫിനാന്‍ഷ്യല്‍, മ്യൂച്ചല്‍ ഫണ്ട്‌സ് എന്നിവരില്‍ നിന്നും എടുത്തിട്ടുള്ള വായ്പ മെയ് മാസത്തില്‍ നല്‍കേണ്ടതായിരുന്നു. ഇതില്‍ ചില വായ്പ തിരിച്ചടവ് ഈ വര്‍ഷം സെപ്റ്റംബറിലും, അവസാനത്തിലും, 2024 ജനുവരിയിലുമായി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പ് തന്ത്രപരമായ വിറ്റഴിക്കലിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും പണം തിരിച്ചടക്കാനുള്ള ശ്രമമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.അദാനി ഗ്രൂപ്പ് ഇത് സംബന്ധിച്ച വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല.

കമ്പനിയെ ചുറ്റി പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റേറ്റിംഗ് ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ആശങ്കയിലാണ്. കൂടാതെ ബാങ്കുകള്‍ അദാനി കമ്പനികളോട് സമീപകാല കടങ്ങള്‍ ഭാഗികമായി തിരിച്ചടക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും.

ക്രെഡിറ്റ് സൂയിസ്, സിറ്റി ഗ്രൂപ്പ് മുതലായ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ അദാനി സ്‌ക്യുരിറ്റികള്‍ ഈടായി സ്വീകരിക്കുന്നത് നിര്‍ത്തിയെന്ന പ്രഖ്യാപനം നടത്തിയതിനു പിന്നാലെ കഴിഞ്ഞ ആഴ്ച ബോണ്ട് മാര്‍ക്കറ്റും അസ്ഥിരമായിരുന്നു.

Tags:    

Similar News