കടം പിടിമുറുക്കുന്നു; നാലു കമ്പനികളുടെ ഓഹരികൾ വിറ്റഴിച്ച് അദാനി ഗ്രൂപ്പ്

  • യു എസ് ആസ്ഥാനമായുള്ള അസ്സെറ്റ് മാനേജ്‌മെന്റ് കമ്പനിയായ ജിക്യുജി പാർട്നെഴ്സിനാണ് ഓഹരികൾ വിറ്റത്
  • അദാനി എന്റർപ്രൈസ് ലിമിറ്റഡ്, അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിവയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
  • ഇന്ത്യൻ ഇൻഫ്രാസ്ട്രച്ചർ മേഖലയുടെ വികസനത്തിലും വളർച്ചയിലും നിർണായകമായ സ്ഥാനം കൈവരിക്കുന്നതിന് ഈ നിക്ഷേപം പ്രാപ്തമാക്കുമെന്ന് ജിക്യുജി പ്രസ്താവിച്ചു

Update: 2023-03-03 07:13 GMT

അദാനിയും ഹിൻഡൻ ബെർഗും തമ്മിലുള്ള പോരിന്റെ ആവേശം കെട്ടടങ്ങി തുടങ്ങിയിരിക്കുന്നു. അദാനി സാമ്രാജ്യത്തിന്റെ വലിയൊരു ഭാഗം ആസ്തിയും തുടച്ചു നീക്കുന്നതിന് ഒരു റിപ്പോർട്ട് കൊണ്ട് ഹിൻഡൻ ബെർഗിന് കഴിഞ്ഞപ്പോൾ  അന്വേഷണങ്ങളും, നിയമ നടപടികളും ബാക്കി നിർത്തി അദാനിയും ഹിൻഡൻ ബെർഗും വിപണിയിലും വാർത്തകളിലും ഒരു ഭാഗത്തേക്ക് ഒതുങ്ങി നിൽക്കുകയാണ്. തകർന്നടിഞ്ഞ സമ്പത്ത് തിരിച്ച് കൊണ്ടുവരുന്ന ശ്രമത്തിന്റെ ഭാഗമായി എടുത്ത ബാധ്യതകൾ മുൻകൂറായി തിരിച്ചടച്ചും, കമ്പനികളുടെ പണലഭ്യത വർധിപ്പിച്ചുമെല്ലാം നിക്ഷേപകരിലും, വിപണിയിലും നഷ്ടമായി കൊണ്ടിരിക്കുന്ന സ്ഥാനത്തെ ഊട്ടി ഉറപ്പിക്കുകയാണ് അദാനി ഗ്രൂപ്പ്.

ഇപ്പോഴിതാ ഗ്രൂപ്പ്, നാലു കമ്പനികളുടെ ന്യൂനപക്ഷ ഓഹരികൾ, വിറ്റഴിച്ചിരിക്കുകയാണ്. യുഎസ് ആസ്ഥാനമായുള്ള അസ്സെറ്റ് മാനേജ്‌മെന്റ് കമ്പനിയായ ജിക്യുജി പാർട്നെഴ്സിനാണ് ഓഹരികൾ വിറ്റത്. വരും മാസങ്ങളിൽ കമ്പനിക്കുണ്ടാവുന്ന 200 കോടി ഡോളറിന്റെ (ഏകദേശം 16,400 കോടി രൂപ) കടം തിരിച്ചടക്കുന്നതിന്റെ മുന്നോടിയായി പണലഭ്യത വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നിലവിൽ ഓഹരികൾ വിറ്റഴിച്ചിട്ടുള്ളത്. ജിക്യുജി പാർട്‌ണേഴ്‌സിന് 15,446 കോടി രൂപയുടെ ഓഹരികളാണ് നൽകിയത്.

അദാനി എന്റർപ്രൈസ് ലിമിറ്റഡ്, അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിവയുടെ ഓഹരികളാണ് വിറ്റഴിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ എയർപോർട്ട്, തുറമുഖം, 2030 ഓടെ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷിയുടെ 9 ശതമാനം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോം എന്നിവ സ്വന്തമായുള്ള അദാനി ഗ്രൂപ് കമ്പനികളിൽ നിക്ഷേപം നടത്തുകയാണെന്ന് ജിക്യുജി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇന്ത്യൻ ഇൻഫ്രാസ്ട്രച്ചർ മേഖലയുടെ വികസനത്തിലും വളർച്ചയിലും നിർണായകമായ സ്ഥാനം കൈവരിക്കുന്നതിന് ഈ നിക്ഷേപം പ്രാപ്തമാക്കുമെന്നും കമ്പനി അറിയിച്ചു.

സെക്കണ്ടറി വിപണിയിൽ ബ്ലോക്ക് ഡീലിലൂടെയാണ് ഇടപാട് പൂർത്തിയാക്കിയത്.

ഗ്രൂപ്പിന് മൊത്തം 2.21 ലക്ഷം കോടി രൂപയുടെ ബാധ്യതയാണുള്ളത്. ഇതിന്റെ 8 ശതമാനം  അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ തിരിച്ചടക്കേണ്ടതുണ്ട്.

അദാനി എന്റർപ്രൈസിന്റെ 3.39 ശതമാനം ഓഹരികൾ 5,460 കോടി രൂപയ്ക്കും, അദാനി പോർട്സിന്റെ 4.1 ശതമാനം ഓഹരികൾ 5,282 കോടി രൂപയ്ക്കും, അദാനി ട്രാൻസ്മിഷന്റെ 2.5 ശതമാനം ഓഹരികൾ 1,898 കോടി രൂപയ്ക്കും, അദാനി ഗ്രീൻ എനർജിയുടെ 3.5 ശതമാനം ഓഹരികൾ 2,806 കോടി രൂപയ്ക്കുമാണ് വിറ്റത്.

ജെഫ്രിസ് ഇന്ത്യയാണ് ഇടപാട് പൂർത്തിയാക്കുന്നതിൽ പ്രവർത്തിച്ച ബ്രോക്കർ.  

അദാനി ഓഹരികളിൽ നിക്ഷേപം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചെയർമാനും സിഇഒയുമായ രാജീവ് ജെയിൻ അഭിപ്രായപ്പെട്ടു.

ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിക്യുജിക്ക് ന്യൂയോർക്ക്, ലണ്ടൻ, സിയാറ്റിൽ, സിഡ്നി എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്. ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിക്ക് ജനുവരി 31 വരെയുള്ള കണക്ക് പ്രകാരം, ഉപഭോക്താക്കളുടെ 92 ബില്യൺ ഡോളറിന്റെ ആസ്തികളാണ് കൈകാര്യം ചെയുന്നത്.

Tags:    

Similar News