ആമസോണ്‍ 'ഫയറിംഗ്' തുടങ്ങി, ആദ്യഘട്ടത്തില്‍ 2,300 പേര്‍ക്ക് നോട്ടീസ്

  • യുഎസ്, കാനഡ, കോസ്റ്റ റിക്ക എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നത്.

Update: 2023-01-19 07:04 GMT

വാഷിങ്ടണ്‍: ആഗോളതലത്തില്‍ 18,000 പേരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ച് ആഴ്ച്ചകള്‍ക്കകം അതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ജനുവരി ആദ്യ രണ്ടാഴ്ച്ചയ്ക്കകം 8,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലായിരുന്നു കമ്പനി. അതിന്റെ ഭാഗമായി 2,300 ജീവനക്കാര്‍ക്ക് ഇപ്പോള്‍ മുന്നറിയിപ്പ് എന്നവണ്ണം നോട്ടീസ് അയയ്ച്ചു. യുഎസ്, കാനഡ, കോസ്റ്റ റിക്ക എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം കമ്പനി 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ഷത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ട് വന്നത്. ഇ-കൊമേഴ്‌സ്, ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് നീക്കം കൂടുതലായും ബാധിക്കുക. പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാര്‍ക്ക് ബുധനാഴ്ച്ച അറിയിപ്പ് നല്‍കിയെന്നും, വാര്‍ഷിക പദ്ധതികളുടെ ഭാഗമായാണിതെന്നും കമ്പനിയുടെ സിഇഒ ആന്‍ഡി ജാസി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. കോവിഡ് കാലത്ത് കമ്പനി വളരെയധികം ആളുകളെ നിയമിച്ചിരുന്നുവെന്ന് കമ്പനി അധികൃതര്‍ സമ്മതിക്കുന്നുണ്ട്. ആമസോണിന്റെ ഏറ്റവും പുതിയ നടപടികളോട് നിക്ഷേപകരുടെ സമീപനം പോസ്റ്റീവാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ബുധനാഴ്ച്ച ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ആമസോണ്‍ ഓഹരികള്‍ ഏകദേശം രണ്ട് ശതമാനമാണ് ഉയര്‍ന്നത്.

2022 സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം ആമസോണില്‍ 1.5 ദശലക്ഷത്തിലധികം ജീവനക്കാരാണുണ്ടായിരുന്നത്. ഈ മാന്ദ്യകാലത്ത് 18,000 തൊഴിലാളികളെ പിരിച്ചുവിടുന്നത് ടെക് കമ്പനികള്‍ നടത്തുന്ന പിരിച്ചുവിടലുകളില്‍ ഏറ്റവും വലിയതാകാനാണ് സാധ്യത. സിലിക്കണ്‍ വാലിയിലെ മറ്റു കമ്പനികളെക്കാള്‍ തൊഴില്‍ ശക്തി ആമസോണിനുണ്ട്. ഏറ്റവും പുതിയ വെട്ടിക്കുറയ്ക്കല്‍ കമ്പനിയിലെ ഒരു ശതമാനം ജീവനക്കാരെയാണ് ബാധിക്കുന്നത്. നവംബറില്‍ കമ്പനി ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുമ്പോള്‍ ആമസോണിന് ലോകമെമ്പാടുമായി ഏകദേശം 350,000 കോര്‍പ്പറേറ്റ് ജീവനക്കാരുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Tags:    

Similar News