അദാനി ക്യാപിറ്റലിന്‍റെ 90% ഓഹരി ഏറ്റെടുക്കല്‍ പ്രഖ്യാപിച്ച് ബെയിന്‍ ക്യാപിറ്റല്‍

  • വില്‍പ്പന ഏകദേശം 1,600 കോടി രൂപയുടെ ഇടപാടില്‍
  • ഓഹരികള്‍ വിറ്റഴിച്ച് ഗൗരവ് ഗുപ്ത നേതൃ സ്ഥാനത്ത് തുടരും
  • പുതിയ മൂലധന നിക്ഷേപം 4 മടങ്ങ് വളര്‍ച്ചയ്ക്ക് വളമാകുമെന്ന് ഗുപ്ത

Update: 2023-07-24 05:44 GMT

അദാനി ക്യാപിറ്റലിന്റെയും അദാനി ഹൗസിംഗിന്റെയും 90% ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ കമ്പനി ബെയിൻ ക്യാപിറ്റൽ പ്രഖ്യാപിച്ചു.  കരാർ പ്രകാരം, ഈ കമ്പനികളില്‍ അദാനി കുടുംബത്തിന്റെ കൈവശമുള്ള  എല്ലാ സ്വകാര്യ നിക്ഷേപങ്ങളും ബെയിൻ വാങ്ങും. ഈ വര്‍ഷം അവസാനത്തോടെ കരാര്‍ നടപ്പാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ചെറുകിട ബിസിനസ്സുകൾക്കും കുറഞ്ഞ നിരക്കിലുള്ള വീടുകൾക്കും വായ്പ നൽകുന്ന ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദാനി ക്യാപിറ്റലിന് ആറു വര്‍ഷം മുമ്പാണ് അദാനി ഗ്രൂപ്പ് തുടക്കമിട്ടത്. എന്നാല്‍ വിപണിയില്‍ കാര്യമായി മുന്നേറാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല.  നിലവിലെ ചീഫ് എക്‌സിക്യൂട്ടീവായഗൗരവ് ഗുപ്ത ഇടപാടിന്‍റെ ഭാഗമായി കമ്പനിയില്‍ തനിക്കുള്ള മുഴുവന്‍ ഓഹരികളും വില്‍ക്കുമെങ്കിലും നേതൃ സ്ഥാനത്ത് തുടരും. 

ഇടപാടിന്‍റെ മൂല്യം സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും , ഏകദേശം 1,600 കോടി രൂപയുടെ ഇടപാടാണ് അദാനി ക്യാപിറ്റലിന്‍റെ കാര്യത്തില്‍ നടക്കുന്നതെന്നാണ് വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിൽ ഏകദേശം 400 കോടി രൂപ ഉടൻ കമ്പനിയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.  വായ്പാ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ഒരു സ്റ്റാന്‍റ് എലോണ്‍ കമ്പനിയായി അദാനി ക്യാപിറ്റലിനെ മാറ്റിയെടുക്കുന്നതിനാണ് ഇടപാടിലൂടെ ലക്ഷ്യം വെക്കുന്നത്. 

കമ്പനിയുടെ തുടർന്നുള്ള വളർച്ചയ്ക്ക് സഹായകമാകുന്ന തരത്തില്‍ പ്രാഥമിക മൂലധനമായി 120 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്നും ബെയിന്‍ ക്യാപിറ്റല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ രൂപത്തിൽ കമ്പനിക്ക് 50 മില്യൺ ഡോളറിന്റെ ലിക്വിഡിറ്റിയും ഉടൻ തന്നെ ലഭ്യമാക്കും. ബെയിനില്‍ നിന്നുള്ള മൂലധന നിക്ഷേപത്തിന്‍റെ വരവോട് നാലു മടങ്ങ് വളര്‍ച്ച കൈവരിക്കാനുല്ള പ്രാപ്തി അദാനി ക്യാപിറ്റലിന് ഉണ്ടെന്നാണ് ഗൗരവ് ഗുപ്ത വിശദീകരിക്കുന്നത്.

ആക്‌സിസ് ബാങ്ക്, 360 വൺ (ഐഐഎഫ്എൽ വെൽത്ത്), ജൂഡോ ബാങ്ക്, എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംനിക്ഷേപം നടത്തുന്നതിൽ ബെയിൻ ക്യാപിറ്റല്‍ നേരത്തേയും നിക്ഷേപം നടത്തിയിട്ടുണ്ട്. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പില്‍  ജിക്യുജി പോലുള്ള ആഗോള കമ്പനികള്‍ അടുത്തിടെ തങ്ങളുടെ നിക്ഷേപം ഉയര്‍ത്തിയിരുന്നു. 

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലയില്‍ കൃത്രിമത്വത്തിനായി തട്ടിപ്പുകള്‍ നടന്നുവെന്നും ഡാറ്റകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ഉള്ള   ഹിൻഡൻബർഗ് റിപ്പോർട്ട്  ജനുവരിയില്‍ പുറത്തുവന്നതിനു ശേഷം അദാനി ഗ്രൂപ്പ് തങ്ങലുടെ പ്രധാന കമ്പനികളിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്ന തരത്തില്‍ വില്‍പ്പന നടത്തുന്നുണ്ട്.  റിപ്പോർട്ട് വന്നതിന് ശേഷം ഒരു ബിസിനസ്സിൽ നിന്നും കമ്പനി പൂര്‍ണമായും പുറത്തുകടക്കുന്ന ആദ്യത്തെ ഇടപാടാണ് ഇത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഗ്രൂപ്പിന്‍റെ ഓഹരികള്‍ക്ക് വിപണിയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ ഗ്രൂപ്പ് ഓഹരികള്‍ക്കെതിരായ ഓഹരികളെ കുറിച്ച് സെബി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. 

Tags:    

Similar News