ഇന്ത്യ വിട്ട ബ്ലാക്ക്റോക്ക് തിരിച്ചുവരുന്നത് 5 വര്‍ഷം കഴിഞ്ഞ്; ചരിത്രം ഇങ്ങനെ

  • ഡിഎസ്‍പി ഗ്രൂപ്പുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചത് 2018ല്‍
  • ബ്ലാക്ക്റോക്ക് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അളവ് 8.59 ലക്ഷം കോടി ഡോളര്‍
  • ഡിഎസ്‍പി ബ്ലാക്ക്റോക്ക് ഇൻവെസ്റ്റ്‌മെന്റ് മാനേജർസില്‍ ഉണ്ടായിരുന്നത് 40% പങ്കാളിത്തം

Update: 2023-07-27 09:13 GMT

ജിയോ ഫിനാന്‍ഷ്യലുമായി കൈകോര്‍ത്ത് ബ്ലാക്ക്റോക്ക് വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. നേരത്തേ ഡിഎസ്‍പി ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയിലേക്കെത്തിയ ബ്ലാക്ക്റോക്ക് 2018ലാണ് ഈ പങ്കാളിത്തം ഉപേക്ഷിച്ചത്. ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്‍റ് കമ്പനികളിലൊന്നായി കണക്കാക്കുന്ന ബ്ലാക്ക്റോക്കിന് 40 ശതമാനം ഓഹരി പങ്കാളിത്തമാണ് ഡിഎസ്‍പി ബ്ലാക്ക് റോക്ക് ഇൻവെസ്റ്റ്‌മെന്റ് മാനേജർസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഉണ്ടായിരുന്നത്. ഇതത്രയും കൈയൊഴിഞ്ഞാണ് കമ്പനി ഇന്ത്യയിലെ സാന്നിധ്യം അവസാനിപ്പിച്ചത്. 

ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര നിക്ഷേപ കമ്പനിയാണ് ബ്ലാക്ക്റോക്ക് ഇന്‍കി. 1988-ൽ സ്ഥാപിതമായ കമ്പനി, തുടക്കത്തിൽ  എന്റർപ്രൈസ് റിസ്ക് മാനേജ്‌മെന്റ്, ഫിക്സഡ് ഇൻസ്‌റ്റിറ്റ്യൂഷണൽ അസറ്റ് മാനേജർ എന്നീ നിലകളിലാണ് ശ്രദ്ധ നേടിയത്. 2022 ഡിസംബർ 31 വരെയുള്ള കണക്കു പ്രകാരം ബ്ലാക്ക്റോക്ക് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അളവ്  8.59 ലക്ഷം കോടി യുഎസ് ഡോളർ മൂല്യമുള്ളതാണ്. ഇത് ബ്ലാക്ക്‌റോക്കിനെ ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജരാക്കി മാറ്റുന്നു. 

1996-ൽ മെറിൽ ലിഞ്ച് ഇൻവെസ്റ്റ്‌മെന്റ് മാനേജേര്‍സുമായി ചേര്‍ന്നാണ് ഡിഎഎസ്‍പി ഗ്രൂുപ്പ് ഇന്ത്യയിൽ റീട്ടെയിൽ അസറ്റ് മാനേജ്‌മെന്റ് ബിസിനസ്സ് ആരംഭിച്ചത്. പിന്നീട് 2008-ൽ ഈ സംയുക്ത സംരംഭത്തിലെ  മെറിൽ ലിഞ്ചിന്റെ 40% ഓഹരികൾ ബ്ലാക്ക് റോക്ക് വാങ്ങുകയായിരുന്നു. 

2020നു മുന്‍പേ  മെറിൽ ലിഞ്ച്, ഗോൾഡ്‍മാന്‍ സാച്ച്‌സ്, നോമുറ, ജെപി മോർഗൻ, ഡച്ച് ബാങ്ക് എന്നിങ്ങനെ ആഗോള തലത്തില്‍ പ്രസിദ്ധമായ പല അസറ്റ് മാനേജിംഗ് കമ്പനികളും ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഉയർന്ന ചെലവുകളും കർശനമായ നിയമങ്ങളും പ്രാദേശിക ജനസംഖ്യാ വിന്യാസത്തെ കുറിച്ചുള്ള ധാരണക്കുറവുമാണ്  ഈ പുറത്തുകടക്കലുകള്‍ക്ക് കാരണമായത്. 

Tags:    

Similar News