കരാര്‍ ഒപ്പുവച്ച് ഡിസ്‌നിയും റിലയന്‍സും: 33,000 കോടിയുടെ ഓഹരികള്‍ റിലയന്‍സ് സ്വന്തമാക്കും
- കരാര്‍ നടപ്പിലാക്കുന്നത് റിലയന്‍സിന്റെ ഉപകമ്പനിയായ വയാകോം 18 വഴി
- പ്രാഥമിക കരാറില്‍ ഒപ്പുവച്ചതിനെ കുറിച്ച് ഇരുപക്ഷവും ഔദ്യോഗികമായി ഈയാഴ്ച പ്രഖ്യാപനം നടത്തും
- ഏറ്റവും വേഗത്തില്‍ വളരുന്ന മാധ്യമ, വിനോദ വ്യവസായത്തില്‍ റിലയന്‍സിന് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ ഈ കരാര്‍ വഴിയൊരുക്കും
അമേരിക്കന്‍ വിനോദ വ്യവസായ രംഗത്തെ ഭീമനായ വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ ബിസിനസ് റിലയന്‍സില്‍ ലയിപ്പിക്കുന്നതിനുള്ള പ്രാഥമിക കരാര്‍ ഒപ്പുവച്ചു.
ഡിസ്‌നിയും റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18-ും തമ്മിലാണ് പ്രാഥമിക കരാറില്‍ ഒപ്പുവച്ചതെന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കരാര്‍ പ്രകാരം ഡിസ്‌നിയുടെ 61 ശതമാനം ഓഹരികള്‍ വയാകോം 18 സ്വന്തമാക്കും. 33,000 കോടി രൂപയുടേതാണു കരാര്‍.
കരാര്‍ ഒപ്പുവച്ചതോടെ ഇന്ത്യന്‍ മാധ്യമ രംഗത്തെ വലിയ ലയനമാണ് യാഥാര്‍ഥ്യമാകുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ-വിനോദ കമ്പനിയും ഇതിലൂടെ രൂപമെടുക്കും. ഇന്ത്യയുടെ സ്ട്രീമിംഗ് വ്യവസായത്തില്‍ മുന്‍നിരക്കാരായ നെറ്റ്ഫഌക്‌സിനും ആമസോണ്‍ പ്രൈമിനും ഇനി ശക്തമായ മത്സരമായിരിക്കും നേരിടേണ്ടി വരിക.
സംയുക്ത സംരംഭത്തില്‍ ഇരു കമ്പനികള്‍ക്കും തുല്യ നിയന്ത്രണമാണ് ഉണ്ടാവുക. അതായത്, ഡയറക്ടര്‍ ബോര്‍ഡില്‍ ഡിസ്‌നിക്കും റിലയന്‍സിനും തുല്യ പങ്കാളിത്തമായിരിക്കും.
2023 ഡിസംബറില്‍ റിലയന്‍സും ഡിസ്‌നിയും ലയനത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഡിസ്‌നിക്ക് ഓഹരി പങ്കാളിത്തമുള്ള ടാറ്റ പ്ലേ എന്ന ബ്രോഡ്കാസ്റ്റ് സര്‍വീസിനെ ഏറ്റെടുക്കാനുള്ള ശ്രമവും റിലയന്‍സ് നടത്തുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.