'ഞാന്‍ ട്വിറ്റര്‍ തലപ്പത്ത് നിന്നും ഇറങ്ങണോ ?' 56.4% പറയുന്നു മസ്‌ക് ഇറങ്ങണമെന്ന്

  • മസ്‌ക് മാറണമെന്ന് പോള്‍ ചെയ്തവര്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടും കമന്റ് ബോക്‌സില്‍ ഇട്ടിട്ടുണ്ട്.

Update: 2022-12-19 06:55 GMT

സാന്‍ഫ്രാന്‍സിസ്‌കോ : വിമര്‍ശനശരങ്ങള്‍ കൊണ്ട് പൊതുജനങ്ങളില്‍ നിന്നും പതിവായി തിരിച്ചടി കിട്ടുന്ന ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌കിന് ഇപ്പോള്‍ സ്വന്തം ട്വീറ്റ് തന്നെ പുലിവാലാകാന്‍ സാധ്യത. ട്വിറ്ററിന്റെ തലപ്പത്ത് നിന്നും മാറണോ എന്ന് ട്വിറ്ററില്‍ പോള്‍ ആരംഭിച്ചതിന് പിന്നാലെ 50 ശതമാനത്തിലേറെ പേരും മാറണം എന്ന് അറിയിച്ചിരിക്കുകയാണ്.

മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളെ ഉള്‍പ്പടെ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യുമെന്ന മസ്‌കിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സമയത്താണ് പൊതുജനത്തില്‍ നിന്നും അഭിപ്രായവും തേടിയത്. ട്വിറ്റര്‍ തലപ്പത്ത് നിന്നും മസ്‌ക് മാറണമെന്നും ട്വീറ്റിന് കമന്റുകള്‍ എത്തി.

ഇന്ത്യന്‍ സമയം രാവിലെ 11.45 പ്രകാരം മസ്‌കിന്റെ ട്വീറ്റിന് ലഭിച്ച പ്രതികരണം (സ്‌ക്രീന്‍ ഷോട്ട്)

താരതമ്യേന കുറച്ച് ആളുകള്‍ മാത്രമാണ് മസ്‌ക് മാറരുതെന്ന് അറിയിച്ചത്. കമന്റ് ബോക്‌സുകളില്‍ അര്‍ജന്റീനയുടെ ലോകകപ്പ് വിജയം വരെ ഇടം പിടിച്ചു എന്നതാണ് കൗതുകകരമായ മറ്റൊരു സംഗതി. മസ്‌ക് മാറണമെന്ന് പോള്‍ ചെയ്തവര്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടും കമന്റ് ബോക്‌സില്‍ ഇട്ടിട്ടുണ്ട്. മസ്‌ക് അസ്വസ്ഥനായി ഇരിക്കുന്നത് മുതല്‍ പുക വലിക്കുന്ന ചിത്രങ്ങള്‍ വരെ കമന്റ് ബോക്‌സില്‍ ഇടം പിടിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ നിന്നും പിന്മാറിയെന്ന് എലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നുമായിരുന്നു മസ്‌കിന്റെ ന്യായീകരണം.

ട്വിറ്ററിന്റെ ഡോക്സിംഗ് റൂള്‍ അനുസരിച്ചാണ് ഏതാനും ദിവസം മുന്‍പ് മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. വ്യക്തി വിവരങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നത് നിയന്ത്രിക്കുന്ന ട്വിറ്ററിന്റെ നിയമങ്ങളാണ് ഡോക്സിംഗ് റൂളുകള്‍.

ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. ഡോക്‌സിംഗ് റൂള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് എലോണ്‍ മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

എലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവിയായതിന് പിന്നാലെ കമ്പനിയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിരുന്നു. മാത്രമല്ല കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുകള്‍ കൂടിയായപ്പോള്‍ ഒട്ടേറെ ഉപഭോക്താക്കള്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

Tags:    

Similar News