മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ട് ആക്ടീവാക്കിയത് ജനഹിതം മൂലമെന്ന് മസ്‌ക്
- ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മസ്‌ക് അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ നിന്നും പിന്മാറി എലോണ്‍ മസ്‌ക്. ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മസ്‌ക് അറിയിച്ചു.
ട്വിറ്ററിന്റെ ഡോക്‌സിംഗ് റൂള്‍ അനുസരിച്ചാണ് ഏതാനും ദിവസം മുന്‍പ് മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. വ്യക്തി വിവരങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നത് നിയന്ത്രിക്കുന്ന ട്വിറ്ററിന്റെ നിയമങ്ങളാണ് ഡോക്‌സിംഗ് റൂളുകള്‍.
ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. ഡോക്സിംഗ് റൂള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് എലോണ്‍ മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
എലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവിയായതിന് പിന്നാലെ കമ്പനിയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിരുന്നു. മാത്രമല്ല കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുകള്‍ കൂടിയായപ്പോള്‍ ഒട്ടേറെ ഉപഭോക്താക്കള്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
മസ്‌കിനെ പോലും ഭീതിലാക്കാന്‍ സാധ്യതയുള്ള പ്രവചനം വന്നതിനെ പറ്റിയും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വരുന്ന രണ്ട് വര്‍ഷത്തിനകം 3 കോടി ഉപഭോക്താക്കള്‍ ട്വിറ്റര്‍ ഉപേക്ഷിക്കും എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ ഇന്‍സൈഡര്‍ ഇന്റലിജന്‍സിന്റെ പ്രവചനം.
സാങ്കേതിക തകരാര്‍ മുതല്‍ വെറുപ്പ് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളുടെ വര്‍ധന വരെ ഇതിന് കാരണമാകുമെന്നും ഇന്‍സൈഡര്‍ ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു.
2023ല്‍ ഉപഭോക്താക്കളുടെ എണ്ണം 4 ശതമാനവും 2024ല്‍ ഇത് 5 ശതമാനവും ഇടിയുമെന്നാണ് പ്രവചനം. 2024ല്‍ ട്വിറ്ററിന്റെ പരസ്യ വരുമാനത്തില്‍ 16 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും പ്രവചനത്തിലുണ്ട്. 2008 മുതല്‍ ട്വിറ്ററിനെ നിരീക്ഷിക്കുന്ന കമ്പനിയാണ് ഇന്‍സൈഡര്‍ ഇന്റലിജന്‍സ്.
