'ഫയറിംഗ്' ശക്തം, വെയര്‍ഹൗസുകള്‍ അടച്ചുപൂട്ടാന്‍ ആമസോണ്‍; കോയിന്‍ബേസും ആളെ കുറയ്ക്കും

  • ആമസോണ്‍ യുകെയിലുള്ള മൂന്ന് വെയര്‍ഹൗസുകളുടെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Update: 2023-01-11 05:41 GMT

പണപ്പെരുപ്പം മുതല്‍ കോര്‍പ്പറേറ്റ് മേഖലയിലെ ഡിമാന്‍ഡ് ഇടിവ് വരെ രൂക്ഷമാകുന്നതിനൊപ്പം ആഗോളതലത്തില്‍ കൂട്ടപ്പിരിച്ചുവിടലുകളും ഊര്‍ജ്ജിതമാകുന്നു. ഇ-കൊമേഴ്സ് കമ്പനി ആമസോണും, ക്രിപ്റ്റോ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ കോയിന്‍ബേസും ഇപ്പോള്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ്.

ആമസോണ്‍ യുകെയിലുള്ള മൂന്ന് വെയര്‍ഹൗസുകളുടെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏകദേശം 1,200 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. ഹെമല്‍ ഹെംപ്സറ്റെഡ്, ഡോണ്‍കാസ്റ്റര്‍, ഗൗറോക്ക് എന്നിവിടങ്ങളിലെ വെയര്‍ഹൗസുകളാണ് പ്രവര്‍ത്തനമാണ് കമ്പനി അവസാനിപ്പിക്കുന്നത്.

ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ കോയിന്‍ബേസ് ഗ്ലോബലും ഏകദേശം 950 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുകയാണ്. കമ്പനിയുടെ സഹ സ്ഥാപകനും, സിഇഒയുമായ ബ്രയാന്‍ ആംസ്ട്രോംഗ് ചൊവ്വാഴ്ച്ച ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് തൊഴില്‍ വെട്ടിക്കുറയ്ക്കലിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ആമസോണ്‍ ഈ മാസം ആദ്യം 18,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇത് ഇതു വരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലുകളില്‍ ഒന്നാണ്. കമ്പനി മൂന്നു വര്‍ഷത്തിനുള്ളില്‍ പുതിയ രണ്ട് സ്റ്റോറുകള്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ പെഡിമോര്‍, ടീസ് കൗണ്ടിയിലെ സ്റ്റോക്ക്ടോണ്‍ എന്നിവിടങ്ങളില്‍ ആരംഭിക്കുമെന്നും ഇത് 2,500 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ കോവിഡ് വ്യാപനത്തിനുശേഷം ഇ-കൊമേഴ്സ് സൈറ്റുകളെ ആശ്രയിക്കുന്നത് കുറഞ്ഞതാണ് ആമസോണില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോയിന്‍ ബേസും കഴിഞ്ഞ ജൂണില്‍ 12,00 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം നവംബറില്‍ 60 ജീവനക്കാരെക്കൂടി പിരിച്ചുവിട്ടിരുന്നു.

Tags:    

Similar News