ഐഫോണ്‍ നിര്‍മ്മാണം, ഇന്ത്യയില്‍ 700 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഫോക്‌സ്‌കോണ്‍

  • ഫോക്‌സ്‌കോണ്‍ ബെംഗലൂരുവില്‍ 300 ഏക്കര്‍ സ്ഥലത്ത് വമ്പന്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Update: 2023-03-03 05:35 GMT

ആപ്പിള്‍ ബ്രാന്‍ഡിന്റെ ഗാഡ്ജറ്റുകള്‍ നിര്‍മ്മിക്കുന്ന ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് ഇന്ത്യയില്‍ 700 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഐഫോണ്‍, ഐപാഡ് നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിന് നിക്ഷേപം സഹായിക്കും. ഇതോടെ ചൈനയില്‍ ഫോണ്‍ നിര്‍മ്മിക്കുന്നത് പൂര്‍ണമായും നിറുത്തലാക്കുകയാണ് കമ്പനിയെന്നും സൂചനയുണ്ട്. യുഎസും ചൈനയുമായി ഇപ്പോള്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുള്‍പ്പടെ കമ്പനിയുടെ നീക്കത്തിന് കാരണമായിട്ടുണ്ട്.

തായ്വാന്‍ ആസ്ഥാനമായ ഫോക്‌സ്‌കോണ്‍ ബെംഗലൂരുവില്‍ 300 ഏക്കര്‍ സ്ഥലത്ത് വമ്പന്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ ഹബായി ഇന്ത്യ മാറാന്‍ സാധ്യതയുണ്ട്. പുത്തന്‍ പ്ലാന്റ് വരുന്നതോടെ ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങളും വരും.

ആപ്പിളില്‍ ഫയറിംഗ് ഭയക്കണ്ട

ആഗോളതലത്തില്‍ ടെക്ക് കമ്പനികളിലുള്‍പ്പടെ കൂട്ടപ്പിരിച്ചുവിടലുകള്‍ ശക്തമാകുമ്പോള്‍ ആപ്പിളിന് 'ഫയറിംഗ്' നടപടികളെ കാര്യമായി ആശ്രയിക്കേണ്ടി വരുന്നില്ലെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റടക്കം ആയിരക്കണക്കിനാളുകളെ പിരിച്ചുവിടുമ്പോഴാണ് ആപ്പിളിലെ നല്ലൊരു വിഭാഗം ആളുകള്‍ക്കും 'തൊഴില്‍ സുരക്ഷ' ഉറപ്പാകുന്നത്. 2021ലെ കണക്കുകള്‍ നോക്കിയാല്‍ ആപ്പിളിലെ ജീവനക്കാരുടെ എണ്ണം 1.54 ലക്ഷമാണ്. ഗൂഗിളില്‍ ഇത് 1.50 ലക്ഷവും.

കോവിഡ് കാലത്ത് പോലും വന്‍ റിക്രൂട്ട്മെന്റ് നടത്തിയ കമ്പനിയാണ് ആല്‍ഫബെറ്റ്. എന്നാല്‍ ആപ്പിളില്‍ താരതമ്യേന കുറഞ്ഞ അളവില്‍ മാത്രമാണ് ജീവനക്കാരെ എടുത്തത്. മാത്രമല്ല ലോക്ക് ഡൗണിന്റെ സമയം മുതല്‍ തന്നെ പരമാവധി ചെലവ് ചുരുക്കി മുന്നോട്ട് പോകുകയായിരുന്നു ആപ്പിള്‍. എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയ ഘട്ടത്തില്‍ കൂടുതല്‍ വില്‍പന എന്ന ചിന്തയോടെ വമ്പന്‍ ഹയറിംഗ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് പണപ്പെരുപ്പം ഉള്‍പ്പടെയുള്ളവ തിരിച്ചടിയായി.

Tags:    

Similar News