ലോകകപ്പ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ആഗോള ബ്രാന്‍ഡുകള്‍

Update: 2023-10-05 12:35 GMT

ലോകത്തെ ആവേശത്തിലാക്കി ലോകകപ്പ് ക്രിക്കറ്റിന് തുടക്കമാകുമ്പോള്‍ അന്താരാഷ്ട്ര കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ അവരുടെ ബ്രാന്‍ഡ് നെയിം ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ജനകീയമാക്കാനായി ലക്ഷക്കണക്കിന് രൂപയാണു ചെലവഴിക്കുന്നത്.

ഒക്ടോബര്‍ 5-ന് ആരംഭിച്ച് നവംബര്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് യൂറോപ്പ് മുതല്‍ ഓഷ്യാന വരെയായി കോടിക്കണക്കിന് പേര്‍ കാണുമെന്ന് ഉറപ്പാണ്. ഇത് മുന്നില്‍ കണ്ടാണ് ആഗോള ബ്രാന്‍ഡുകള്‍ പണം ഒഴുക്കുന്നത്.

മെറ്റ രംഗത്ത്

ലോകകപ്പ് ക്രിക്കറ്റിന്റെ കവറേജ് വിപുലമാക്കുന്നതിനായി ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) യുമായി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ പങ്കാളിത്തം പ്രഖ്യാപിച്ചു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ത്രെഡ്‌സ് എന്നിവയില്‍ 500 ക്രിയേറ്റര്‍മാര്‍ ടൂര്‍ണമെന്റ് കവര്‍ ചെയ്യുന്നതടക്കമുള്ള പരിപാടികളാണ് മെറ്റ പ്ലാന്‍ ചെയ്തിരിക്കുന്നത്.

പരസ്യത്തിലൂടെ നേടുക 2000 കോടി രൂപ

ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇപ്രാവിശ്യം ഇന്ത്യയിലാണ് ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറുന്നത്. അതുകൊണ്ടു തന്നെ ലോകകപ്പ് ക്രിക്കറ്റിന്റെ സ്‌പോണ്‍സറാകുന്നതിലൂടെ കൂടുതല്‍ പേരിലേക്ക് ബ്രാന്‍ഡ് നെയിം എത്തിച്ചേരുമെന്നതാണ് അന്താരാഷ്ട്ര കമ്പനികളെ ലോകകപ്പിന്റെ സ്‌പോണ്‍സറാകാന്‍ പ്രേരിപ്പിക്കുന്നത്.

ടൂര്‍ണമെന്റിനിടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ബ്രാന്‍ഡുകള്‍ ഏകദേശം 2,000 കോടി രൂപ പരസ്യത്തിനായി ചെലവഴിക്കാന്‍ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

മത്സരത്തിനിടെ, ഓരോ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യ സ്ലോട്ടിന് മൂന്ന് ലക്ഷം രൂപ വരെയായിരിക്കും ഈടാക്കുക. 2019-ല്‍ നടന്ന ലോകകപ്പിനെ അപേക്ഷിച്ച് നിരക്കില്‍ 40 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും അനലിസ്റ്റുകള്‍ പറയുന്നു.

ചൈനയിലെ സാമ്പത്തിക മാന്ദ്യവും, പാശ്ചാത്യ സമ്പദ്ഘടനയുമായി നിലനില്‍ക്കുന്ന ചൈനയുടെ സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഉപഭോക്തൃ വിപണി ആഗോള കമ്പനികള്‍ക്ക് പ്രിയങ്കരമായി തീര്‍ന്നിരിക്കുകയാണ്.

2035-ഓടെ ഇന്ത്യ 10 ട്രില്യന്‍ ഡോളറിന്റെ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി മാറുമെന്നാണു കണക്കാക്കുന്നത്.

പണം ചെലവഴിക്കാന്‍ കൊക്കകോളയും ഹിന്ദുസ്ഥാന്‍ യൂണിലിവറും

ഇന്ത്യയിലെ ഏറ്റവും വലിയ കായികവിനോദമാണ് ക്രിക്കറ്റ്. പ്രതിവര്‍ഷം 150 കോടി ഡോളറാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേടുന്നത്.

ലോകകപ്പ് മത്സരം സംപ്രേക്ഷണം ചെയ്യുമ്പോള്‍ പരസ്യം പ്രദര്‍ശിപ്പിക്കാനായി പണം ചെലവഴിക്കുന്ന ബ്രാന്‍ഡുകളില്‍ കൊക്കകോള, ഗൂഗിള്‍ പേ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ വലിയ കോര്‍പറേറ്റുകളുണ്ട്.

ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക പങ്കാളികളായി സൗദി അരാംകോ, എമിറേറ്റ്‌സ്, നിസാന്‍ മോട്ടോര്‍ തുടങ്ങിയ കമ്പനികളുമുണ്ട്.

സാധാരണയായി സ്‌പോണ്‍സര്‍മാരായി എത്തിയിരുന്നത് കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഓട്ടോമൊബൈല്‍, ഫോണ്‍ കമ്പനികളായിരുന്നു. എന്നാല്‍ ഇപ്രാവിശ്യം ഈ മേഖലകളിലുള്ളവര്‍ സ്‌പോണ്‍സര്‍മാരായി ഇല്ല. അതുപോലെ ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികളും, എഡ്യുടെക് കമ്പനികളും സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ ഇല്ല.

സമ്പദ്ഘടനയ്ക്ക് ഉത്തേജനം

ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വലിയ ഉത്തേജനമായിരിക്കും ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലൂടെ ലഭിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ മത്സരം വീക്ഷിക്കാനായി യാത്ര ചെയ്യും. ചില റെസ്റ്റോറന്റുകളിലും ബാറിലും മത്സരം വീക്ഷിക്കാന്‍ സംവിധാനവും ഒരുക്കും. ഇതൊക്കെ ഹോട്ടല്‍, ട്രാവല്‍ ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്യും.

ഇന്ത്യയില്‍ സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവ് ഉത്സവസീസണ്‍ കൂടിയാണ്. ഗണേശ ചതുര്‍ഥി മുതല്‍ നവരാത്രിയും, ദീപാവലിയും, ക്രിസ്മസും ന്യൂഇയറും വരെയുള്ള വിശേഷ ദിവസങ്ങളില്‍ ആളുകളുടെ ചെലവഴിക്കല്‍ കൂടുതലായിരിക്കും.

ഇക്കാലയളവില്‍ ക്രിക്കറ്റിന്റെ ആഘോഷവും ആവേശവും കൂടി വരുന്നതിനാല്‍ ഇപ്രാവിശ്യം കമ്പനികളുടെ ഡിസംബര്‍ പാദഫലം മികച്ചതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Tags:    

Similar News