ബൈജൂസിന്‍റെ സ്‍റ്റേറ്റ്‍മെന്‍റുകളില്‍ ഐസിഎഐ ആശങ്കകൾ അറിയിച്ചേക്കും

  • ഡെലോയിറ്റിനും നോട്ടിസ് അയച്ചേക്കും
  • ഓഡിറ്റര്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് ഐസിഎഐ
  • വായ്പാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Update: 2023-08-08 05:26 GMT

ബൈജൂസ് പ്ലാറ്റ്‍ഫോം ഉടമകളായ തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ഫിനാന്‍ഷ്യല്‍ സ്‍റ്റേറ്റ്‍മെന്‍റുകള്‍ സംബന്ധിച്ച ആശങ്കകൾ  ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ട്.  2019-20, 2020 -21 വര്‍ഷങ്ങളിലെ കമ്പനിയുടെ അക്കൗണ്ടുകള്‍ അവലോകനം ചെയ്ത ശേഷമാണ് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഐസിഎഐ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. രാജ്യത്തെ അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ഐസിഎഐ അക്കൗണ്ടന്‍റുമാരുടെ സെല്‍ഫ് റെഗുലേറ്റിംഗ് സംവിധാനമാണ്. 

ഈ സ്‍റ്റേറ്റ്മെന്‍റുകള്‍ ഔദ്യോഗികമായി ഫയല്‍ ചെയ്ത ഡെലോയിറ്റ് ഹാസ്കിൻസ് & സെയ്ൽസിന് ഐസിഎഐയുടെ അച്ചടക്ക സമിതി നോട്ടീസ് അയച്ചേക്കും. അക്കൗണ്ടുകളിലെ ബലഹീനതകൾ സംബന്ധിച്ച് വേണ്ടത്ര പരിശോധനകള്‍ ഉണ്ടായില്ലാ എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. 

ബൈജൂസിന്‍റെ പ്രധാന ബിസിനസായ വിദ്യാഭ്യാസ ടാബ്‌ലെറ്റുകളുടെയും എസ്‍ഡി കാർഡുകളുടെയും വിൽപ്പനയും ഉള്ളടക്കത്തിന്റെ സ്ട്രീമിംഗും നല്‍കിയ വരുമാനം സംബന്ധിച്ച കണക്കുകളിലാണ്  ഐസിഎഐ അവ്യക്തത നിരീക്ഷിച്ചിട്ടുള്ളത്. കമ്പനിയുടെ കോര്‍പ്പറേറ്റ് ഭരണത്തിലെ വീഴ്ചകളും വിവരങ്ങള്‍ ലഭ്യമാകുന്നതിലെ കാലതാമസവും ചൂണ്ടിക്കാണിച്ച് അടുത്തിടെ കമ്പനിയുടെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡെലോയിറ്റ് രാജിവെച്ചിരുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളുടെ സ്‍റ്റേ‍റ്റ്‍മെന്‍റ് സമര്‍പ്പിക്കാന്‍ ഇതുവരെ ബൈജൂസിന് സാധിച്ചിട്ടില്ല. 

2019- 20 സാമ്പത്തിക വർഷത്തേക്കുള്ള റിപ്പോർട്ടിൽ ഓഡിറ്റർ പ്രതികൂലമായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ബൈജൂസ് സമർപ്പിച്ച റെഗുലേറ്ററി രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ തൊട്ടടുത്ത സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ സ്ഥിതി വ്യത്യസ്തമാണ്. കമ്പനിയുടെ ആന്തരിക സാമ്പത്തിക നിയന്ത്രണങ്ങളിലെ പോരായ്മകള്‍ ഓഡിറ്റര്‍ എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഓഡിറ്റര്‍ ചെയ്യേണ്ടിയിരുന്നു എന്ന വിലയിരുത്തലാണ് ഐസിഎഐ പങ്കുവെക്കുന്നത്. 

വായ്പാഭാരത്തിന് പരിഹാരം തേടി

അതിനിടെ ടേം ലോണ്‍ പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ സിഇഒ ബൈജു രവീന്ദ്രന്‍ ഈയാഴ്ച വായ്പാദാതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. വ്യവസ്ഥകളിലെ ഭേദഗതികള്‍ സംബന്ധിച്ച് ഓഗസ്റ്റ് 4നകം ധാരണയില്‍ എത്താനാകുമെന്നാണ് നേരത്തേ ഇരുകക്ഷികളും പ്രതീക്ഷിച്ചിരുന്നത്. 120 കോടി ഡോളര്‍ മൂല്യം വരുന്ന ഈ വായ്പയും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും ബൈജൂസ് നേരിടുന്ന പ്രതിസന്ധികളുടെ പ്രധാന ഘടകമാണ്. 

ഉപകമ്പനിയായ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വായ്പയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപക സ്ഥാപനം ഡേവിഡ്‌സൺ കെംപ്‌നർ ക്യാപിറ്റലുമായാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നത്. 

അതിനിടെ ആകാശിന്‍റെ ഓഹരിവില്‍പ്പനയുമായി മണിപ്പാല്‍ ഗ്രൂപ്പുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആകാശില്‍ തനിക്കുള്ള ഓഹരി പങ്കാളിത്തം മുഴുവനായോ ഭാഗികമായോ കൈമാറാനാണ് ബൈജു രവീന്ദ്രന്‍ ശ്രമിക്കുന്നത്. 

Tags:    

Similar News