$1.5 ബില്യണിന്‍റെ എഐ കരാര്‍ സ്വന്തമാക്കിയെന്ന് ഇന്‍ഫോസിസ്
- കരാര്‍ 15 വര്‍ഷത്തേക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാന്‍
- ജൂലൈയില്‍ 2 ബില്യൺ ഡോളറിന്റെ മറ്റൊരു കരാർ ഒപ്പുവെച്ചിരുന്നു
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്‌റ്റ്‌വെയർ സേവന കയറ്റുമതി കമ്പനിയായ ഇൻഫോസിസ് ഒരു ആഗോള കമ്പനിയുമായി 150 കോടി ഡോളറിന്റെ കരാർ ഒപ്പിട്ടതായി അറിയിച്ചു. 15 വർഷത്തേക്കുള്ള കരാറിന്‍റെ ഭാഗമായി കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സൊല്യൂഷനുകളും പ്രയോജനപ്പെടുത്തി, മെച്ചപ്പെട്ട ഡിജിറ്റൽ അനുഭവങ്ങളും ബിസിനസ് ഓപ്പറേഷൻ സേവനങ്ങളും ഇൻഫോസിസ് നൽകും. കരാര്‍ നല്‍കിയ കമ്പനിയുടെ പേര് ഇന്‍ഫോസിസ് വെളിപ്പെടുത്തിയിട്ടില്ല.
ഈ മാസം ആദ്യം, യുഎസ് ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ, ഇന്ത്യൻ കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസുമായും ടാറ്റ കൺസൾട്ടൻസി സർവീസുമായും എഐ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ജനറേറ്റീവ് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനാണ് ഈ പങ്കാളിത്തം. ജൂലൈയിൽ, അഞ്ച് വർഷത്തേക്ക് എഐ, ഓട്ടോമേഷൻ സേവനങ്ങൾ നൽകുന്നതിന് നിലവിലുള്ള ഒരു ക്ലയന്റുമായി 200 കോടി ഡോളറിന്റെ കരാർ ഇൻഫോസിസും ഒപ്പിട്ടിരുന്നു.
ഇന്‍ഫോസിസിന്‍റെ ഓഹരികൾ 0.45 ശതമാനം വരെ ഉയർന്നാണ് ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ 0 .1 ശതമാനത്തിന്‍റെ ഇടിവാണ് ഇന്‍ഫോസിസ് ഓഹരികള്‍ക്ക് ഉണ്ടായത്. അമ്പത്തിരണ്ട് ആഴ്ചയിലെ കൂടിയ വില 1672 . 6 രൂപയും കുറഞ്ഞ വില 1185 . 3 രൂപയുമാണ്.
ലോകത്തിലെ മികച്ച 100 കമ്പനികളിലെ ഒരേയൊരു ഇന്ത്യന്‍
ടൈം മാഗസിന്‍ പുറത്തിറക്കിയ പുതിയ പട്ടിക അനുസരിച്ച്, 2023ലെ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ആദ്യ 100ൽ ഇടം നേടിയ ഏക ഇന്ത്യൻ സ്ഥാപനമാണ് ഇൻഫോസിസ്. ബെംഗളൂരു ആസ്ഥാനമായ ഐടി സേവന കമ്പനി 750 ആഗോള കമ്പനികള്‍ ഉള്‍പ്പെട്ട പട്ടികയില്‍ 64-ാം സ്ഥാനത്താണ്. 1981-ൽ സ്ഥാപിതമായ ഇൻഫോസിസില്‍ 3,36,000-ലധികം ജീവനക്കാരുണ്ട്. ഒരു എന്‍വൈഎസ്ഇ ലിസ്റ്റഡ് കമ്പനിയാണിത്.
ടൈമും സ്‍റ്റാറ്റിസ്‍കായും ചേര്‍ന്ന് തയാറാക്കിയ പട്ടികയിലെ ആദ്യ 4 സ്ഥാനങ്ങളിൽ മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആല്‍ഫബെറ്റ്, മെറ്റ എന്നിവയാണ്.
