സംയുക്ത സംരംഭത്തിലൂടെ ജിയോ ഫിനാന്‍സും ബ്ലാക്ക്റോക്കും അസറ്റ് മാനെജ്മെന്‍റ് ബിസിനസിലേക്ക്

  • 50:50 എന്ന അനുപാതത്തിലാണ് സംരംഭം ആരംഭിക്കുക
  • സംയുക്ത സംരംഭം ജിയോ ബ്ലാക്ക്റോക്ക് എന്ന പേരില്‍
  • ഡിജിറ്റൽ-ഫസ്റ്റ് ഓഫറിലൂടെ വ്യവസായത്തെ പരിവർത്തനം ചെയ്യുമെന്ന് ഇരു കമ്പനികളും

Update: 2023-07-27 04:53 GMT

ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ബ്ലാക്ക് റോക്കും  ഇന്ത്യയിലെ അസറ്റ് മാനേജ്‌മെന്റ് ബിസിനസ്സിലേക്ക് പ്രവേശിക്കുന്നതിനായി സംയുക്ത സംരംഭം രൂപീകരിക്കുന്നതിനുള്ള കരാര്‍ പ്രഖ്യാപിച്ചു. ഇരുകക്ഷികളും 150 ദശലക്ഷം ഡോളർ വീതം നിക്ഷേപിച്ച്  50:50 എന്ന അനുപാതത്തിലാണ് സംരംഭം ആരംഭിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ധനകാര്യ ബിസിനസിനെ അടുത്തിടെയാണ് ജിയോ ഫിനാൻഷ്യൽ സർവീസസ് എന്ന പ്രത്യേക കമ്പനിയാക്കി മാറ്റിയത്. 

"ഇന്ത്യയിലെ ദശലക്ഷക്കണക്കിന് നിക്ഷേപകർക്ക് താങ്ങാനാവുന്നതും നൂതനവുമായ നിക്ഷേപ പരിഹാരങ്ങൾ നൽകുന്നതിന്  ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ അറിവും സ്രോതസ്സുകളും ബ്ലാക്ക് റോക്കിന്റെ വ്യാപ്തിയും നിക്ഷേപ വൈദഗ്ധ്യവും സംയോജിപ്പിച്ചാണ് ജിയോ ബ്ലാക്ക് റോക്ക് എത്തുന്നത്," ഇരു കമ്പനികളും തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു. 

ഒരു ഡിജിറ്റൽ-ഫസ്റ്റ് ഓഫറിലൂടെ ഇന്ത്യയുടെ അസറ്റ് മാനേജ്‌മെന്റ് വ്യവസായത്തെ പരിവർത്തനം ചെയ്യാനും ഇന്ത്യയിലെ നിക്ഷേപകർക്ക് നിക്ഷേപ പരിഹാരങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ വളരെ വലിയൊരു സാധ്യതയാണ് കാണുന്നതെന്ന് ബ്ലാക്ക് റോക്കിലെ എപിഎസി ചെയർ & ഹെഡ് റേച്ചൽ ലോർഡ് പറഞ്ഞു.

"വർദ്ധിച്ചുവരുന്ന സാമ്പത്തിക ശേഷി, അനുകൂലമായ ജനസംഖ്യാ വിന്യാസം, വ്യവസായങ്ങളിലുടനീളമുള്ള ഡിജിറ്റൽ പരിവർത്തനം എന്നിവയുടെ സംയോജനം ഇന്ത്യന്‍ വിപണിയെ വിസ്മയകരമായി പുനർനിർമ്മിക്കുന്നു. ഇന്ത്യയുടെ അസറ്റ് മാനേജ്‌മെന്റ് വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനും ധനകാര്യ സേവനങ്ങളുടെ ഭാവിയിൽ മാറ്റം വരുത്തുന്നതിനും ജെഎഫ്എസുമായി പങ്കാളികളാകുന്നതിൽ ഞങ്ങൾ വളരെ ആവേശഭരിതരാണ്. ജിയോ ബ്ലാക്ക്റോക്ക്  രണ്ട് കമ്പനികളുടെയും സംയുക്ത ശക്തിയും വ്യാപ്തിയും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് നിക്ഷേപകരുടെ കൈകളിൽ എത്തിക്കും," അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ ഇന്ത്യക്കാരന്റെയും പടിവാതിൽക്കൽ സാമ്പത്തിക ക്ഷേമം എത്തണമെന്ന കാഴ്ചപ്പാടുള്ള ഡിജിറ്റൽ-ഫസ്റ്റ് സംരംഭമാണ് ജിയോ ബ്ലാക്ക് റോക്ക് എന്ന് ജെഎഫ്എസ് പ്രസിഡന്റും സിഇഒയുമായ ഹിതേഷ് സേത്തിയ പറഞ്ഞു. " ആഗോളതലത്തിൽ ഏറ്റവും വലുതും ആദരണീയവുമായ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ബ്ലാക്ക് റോക്കും ജെഎഫ്എസും തമ്മിലുള്ള ആവേശകരമായ പങ്കാളിത്തമാണ് ഇത്, " അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഗുലേറ്ററി, സ്റ്റാറ്റ്യൂട്ടറി അംഗീകാരങ്ങൾ ലഭിച്ചതിന് ശേഷം സംയുക്ത സംരംഭം പ്രവർത്തനം ആരംഭിക്കും. കമ്പനിക്ക് സ്വന്തമായി മാനേജ്മെന്റ് ടീം ഉണ്ടായിരിക്കും.

Tags:    

Similar News