ഇന്ത്യയുടെ കരുത്തുറ്റ ബ്രാന്‍ഡായി 2024ലും ജിയോ
- ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തിറക്കിയ ആഗോള പട്ടികയില്‍ ജിയോ 17-ാമത്
ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡായി ജിയോ തുടരുന്നു. ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തിറക്കിയ ആഗോള ബ്രാന്‍ഡുകളുടെ പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് ജിയോ. 2024-ലെ ശക്തമായ 500 ബ്രാന്‍ഡുകളുടെ പട്ടികയാണ് ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തിറക്കിയിട്ടുള്ളത്.
വീചാറ്റ്, യൂട്യൂബ്, ഗൂഗിൾ, ഡിലോയിറ്റ്, കൊക്ക കോള, നെറ്റ്ഫ്ലിക്സ് തുടങ്ങിയവ ആദ്യ സ്ഥാനങ്ങളിലുള്ള പട്ടികയിലാണ് ജിയോ പതിനേഴാം സ്ഥാനത്തുള്ളത്. ജിയോയുടെ ബ്രാന്ഡ് കരുത്ത് സൂചിക 88.9 ആണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലും ഒന്നാമത്തെ ഇന്ത്യന്‍ ബ്രാന്‍ഡായത് ജിയോ ആണ്.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2016ലാണ് തങ്ങളുടെ ടെലികോം കമ്പനിയായ ജിയോ ഉപയോക്താക്കളിലേക്ക് എത്തിച്ചത്. ബ്രാന്‍ഡ് ഫിനാന്‍സ് പട്ടികയില്‍ 23-ാം സ്ഥാനത്ത് എല്‍ഐസിയും 24-ാം സ്ഥാനത്ത് എസ്ബിഐ-യും ഉണ്ട്.
ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ താരതമ്യേന പുതുതായി കടന്നുവന്ന ജിയോ, ബ്രാൻഡ് മൂല്യത്തിൽ 14 ശതമാനം വർദ്ധനയോടെ 6.1 ബില്യൺ ഡോളറിലെത്തി. ട്രിപ്പിള്‍ എ ബ്രാൻഡ് റേറ്റിംഗും ജിയോക്കുണ്ടെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് വ്യക്തമാക്കുന്നു.
"ടെലികോം വ്യവസായത്തിലെ ജിയോയുടെ ഉയർച്ച റിലയൻസ് ഇൻഡസ്ട്രീസിന്റെ ഗണ്യമായ ബ്രാൻഡ് നിക്ഷേപത്തിന്‍റെ കൂടി ഫലമാണ്. അതിവേഗ ഉപഭോക്തൃ അടിത്തറ വളർച്ചയും വരുമാന വളർച്ചയും ജിയോ പ്രകടമാക്കുന്നു, ' റിപ്പോര്‍ട്ടില്‍ പറയുന്നു.
