സ്‍പൈസ്ജെറ്റ് ദിവസ വരുമാനത്തിന്‍റെ 50% തേടി കലാനിധി മാരന്‍റെ ഹര്‍ജി
- സ്‍പൈസ്ജെറ്റിന് കോടതി നോട്ടിസ് അയച്ചു
- 393 കോടി രൂപയുടെ തിരിച്ചടവ് തേടിയാണ് ഹര്‍ജി
- സ്‌പൈസ് ജെറ്റ് ചെയർമാന്‍ 24ന് നേരിട്ട് ഹാജരാകണം
ബജറ്റ് എയര്‍ലൈനായ സ്പൈസ്ജെറ്റില്‍ നിന്ന് 393 കോടി രൂപയുടെ തിരിച്ചടവ് ലഭിക്കുന്നതിനായി സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരൻ ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകി. സ്പൈസ്ജെറ്റിന്‍റെ പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം കണ്ടുകെട്ടി തിരിച്ചടവിലേക്ക് നല്‍കണമെന്നാണ് മാരന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മാരന്റെ അപേക്ഷയിൽ സ്‌പൈസ് ജെറ്റിന് കോടതി നോട്ടീസ് അയച്ചു, ഒരാഴ്ചയ്ക്കുള്ളിൽ ആസ്തികളുടെയും ബാധ്യതകളുടെയും വിവരങ്ങളടങ്ങിയ സത്യവാങ്മൂലത്തിനൊപ്പം അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാൻ എയർലൈനിനോട് ആവശ്യപ്പെട്ടു.
സ്‌പൈസ് ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ്ങിനോട് ഓഗസ്റ്റ് 24ന് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഒരു ഉത്തരവും സ്പൈസ്ജെറ്റ് പാലിച്ചിട്ടില്ലെന്നും ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയാറായിട്ടില്ലെന്നും കലാനിധി മാരന്‍റെ അഭിഭാഷകന്‍ വാദിച്ചു. കടുത്ത നടപടികളിലേക്ക് നീങ്ങിയില്ലെങ്കില്‍ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നത് സ്പൈസ്ജെറ്റ് തുടരുമെന്നും ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഉത്തരവുകൾ പാലിക്കാൻ സെപ്റ്റംബർ 5 വരെ കോടതി സമയം നൽകിയിട്ടുണ്ടെന്ന് എയർലൈനിന്‍റെ അഭിഭാഷകൻ വാദിച്ചു. ഏതൊരു കടുത്ത ഉത്തരവും എയർലൈനിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരെയും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെയും ബാധിക്കുമെന്നും ഒരു എയർലൈൻ ബിസിനസിൽ ലാഭത്തിന്റെ മാർജിൻ വെറും ഒരു ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ, മുൻ ഉത്തരവുകളൊന്നും സ്പൈസ്ജെറ്റ് പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മാരന്‍റെ അപേക്ഷയില്‍ കമ്പനിക്ക് നോട്ടീസ് അയക്കുകയായിരുന്നു.
വ്യവഹാരത്തിന്‍റെ ചരിത്രം
2015 ഫെബ്രുവരിയിൽ, മാരനും അദ്ദേഹത്തിന്റെ നിക്ഷേപ സ്ഥാപനമായ കെഎഎൽ എയർവേസും സ്പൈസ് ജെറ്റിലെ തങ്ങളുടെ 58.46 ശതമാനം ഓഹരികൾ നിലവിലെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) അജയ് സിംഗിന് കൈമാറി. സ്‌പൈസ് ജെറ്റിന്റെ സഹസ്ഥാപകനായ സിംഗ് എയർലൈനിന്റെ ഏകദേശം 1,500 കോടി രൂപയുടെ ബാധ്യതകൾ ഏറ്റെടുത്തു.
കരാറിന്റെ ഭാഗമായി വാറന്റുകളും മുൻഗണനാ ഓഹരികളും ഇഷ്യൂ ചെയ്യുന്നതിനായി സ്പൈസ് ജെറ്റിന് 679 കോടി രൂപ നൽകിയതായി മാരനും കെഎഎൽ എയർവേയ്‌സും പറയുന്നു. എന്നാൽ, വാറന്റുകളും മുൻഗണനാ ഓഹരികളും അനുവദിക്കപ്പെട്ടില്ലെന്ന് ആരോപിച്ച് സ്പൈസ് ജെറ്റിനും അജയ് സിങ്ങിനുമെതിരെ പിന്നീട് ആർബിട്രേഷൻ നടപടികൾ ആരംഭിക്കുകയായിരുന്നു.
1,323 കോടി രൂപയുടെ നഷ്ടപരിഹാരത്തിനുള്ള മാരന്‍റെ അവകാശവാദം ആർബിട്രേഷൻ പാനൽ നിരസിച്ചെങ്കിലും 579 കോടിയും പലിശയും റീഫണ്ട് അനുവദിച്ചു. 329 കോടി രൂപയ്ക്ക് ബാങ്ക് ഗ്യാരണ്ടി നൽകാനും ബാക്കി തുകയായ 250 കോടി രൂപ പണമായി നിക്ഷേപിക്കാനും സ്പൈസ് ജെറ്റിന് അനുമതി ലഭിച്ചു. എന്നാല്‍ പേമെന്‍റുകളുടെ സമയക്രമം പാലിക്കുന്നതില്‍ സ്പൈസ്ജെറ്റ് വീഴ്ചവരുത്തിയിരിക്കുകയാണ്.
