'സിഇഒ ആകാന്‍ പറ്റിയ വിഡ്ഢി വന്നാല്‍ മാറും', മുനവെച്ച ട്വീറ്റുമായി മസ്‌ക്
- ആകെ 1.75 കോടി ട്വിറ്റര്‍ ഉപഭോക്താക്കളാണ് മസ്‌ക് പങ്കുവെച്ച പോളിംഗില്‍ വോട്ട് ചെയ്തത്.
ട്വിറ്റര്‍ തലപ്പത്ത് നിന്നും താന്‍ പിന്മാറണോ എന്ന് ചോദിച്ച് ട്വിറ്ററില്‍ നടത്തിയ പോളിംഗില്‍ 57.5 ശതമാനം പേര്‍ പിന്മാറണം എന്ന് അറിയിച്ചതിന് പിന്നാലെ സ്ഥാനമൊഴിയുമെന്ന് എലോണ്‍ മസ്‌ക്. ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ പറ്റിയ വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ രാജി വയ്ക്കും. അതിന് ശേഷം സോഫ്റ്റ് വെയര്‍, സര്‍വര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി നേതൃത്വം നല്‍കും'എന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.
എന്നാല്‍ വിഡ്ഢിയായ ഒരാള്‍ എന്ന മസ്‌കിന്റെ പരാമര്‍ശം എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായില്ലെന്ന തരത്തിലുള്ള കമന്റുകളും അദ്ദേഹത്തിന്റെ ട്വീറ്റിനെ തേടിയെത്തി.
ട്വിറ്റര്‍ തലപ്പത്ത് നിന്നും മാറണോ എന്ന് ചോദിച്ച് എലോണ്‍ മസ്‌ക് ട്വിറ്ററില്‍ സര്‍വേ നടത്തിയതിന് പിന്നാലെ 57.5 ശതമാനം ആളുകളും ഒഴിയണം എന്ന് അറിയിച്ചിരുന്നു. 42.5 ശതമാനം പേര്‍ അദ്ദേഹം മാറേണ്ട എന്നും അറിയിച്ചിട്ടുണ്ട്. ആകെ 1.75 കോടി വോട്ടുകളാണ് മസ്‌കിന്റെ ട്വീറ്റിന് ലഭിച്ചത്.
പോള്‍ ആരംഭിച്ച് കുറച്ച് സമയത്തിനുള്ളില്‍ തന്നെ പ്രതികരണങ്ങളും വന്നുതുടങ്ങി. അദ്ദേഹം പുറത്ത് പോകണം എന്നായിരുന്നു തുടക്കം മുതലേ വോട്ട്ചെയ്ത 50 ശതമാനത്തിലധികം പേരുടേയും നിലപാട്.
മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളെ ഉള്‍പ്പടെ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യുമെന്ന മസ്‌കിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സമയത്താണ് പൊതുജനത്തില്‍ നിന്നും അഭിപ്രായവും തേടിയത്. ട്വിറ്റര്‍ തലപ്പത്ത് നിന്നും മസ്‌ക് മാറണമെന്നും ട്വീറ്റിന് കമന്റുകളും പിന്നാലെ വന്നിരുന്നു.
