ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി ശ്രീറാമും പേടിഎമ്മും കൈകോര്‍ക്കുന്നു
- ശ്രീറാം ഉല്‍പ്പന്നങ്ങള്‍ പേടിഎം പ്ലാറ്റ്‍ഫോമില്‍ ലഭ്യമാക്കും
- ആദ്യ ഘട്ടത്തില്‍ വായ്പ ലഭിക്കുക പേടിഎമ്മിലെ വ്യാപാരികള്‍ക്ക്
- പേടിഎമ്മിന്‍റെ വായ്പാ ബിസിനസ് ശക്തിപ്പെടുത്തും
പേടിഎം ബ്രാൻഡിന്റെ ഉടമകളായ വണ്‍97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ശ്രീറാം ഫിനാൻസ് ലിമിറ്റഡും സഹകരണം പ്രഖ്യാപിച്ചു. ഇതിലൂടെ ഉപയോക്താക്കൾക്ക് വായ്പാ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുമെന്ന് പേടിഎം അറിയിച്ചു. ഈ പങ്കാളിത്തത്തിന്‍റെ ഭാഗമായി ശ്രീറാം ഫിനാൻസ് ഉൽപ്പന്നങ്ങൾ പേടിഎം പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും.ഇത് പേടിഎമ്മിന്‍റെ ബിസിനസ് വായ്പാ വിഭാഗത്തിന്‍റെ വിപുലീകരണത്തിനു സഹായകമാകുന്നതിനൊപ്പം സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനും സഹായകമാകുമെന്ന് വണ്‍97 കമ്മ്യൂണിക്കേഷൻസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
"ഇന്ത്യ റീട്ടെയിൽ വായ്പാ ആവശ്യകതയില്‍ ഉയർന്ന വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഗ്രാമങ്ങളില്‍ നിന്നും അർദ്ധ നഗരങ്ങളിൽ നിന്നുമുള്ള കൂടുതൽ പങ്കാളിത്തത്തോടെ മാത്രമേ ഇത് വർദ്ധിക്കാൻ സാധ്യതയുള്ളൂ. ഡിജിറ്റൽ സാക്ഷരരായ യുവതലമുറയിൽ നിന്നാണ് ഈ ആവശ്യകതയില്‍ ഭൂരിഭാഗവും വരുന്നത്. തങ്ങളുടെ എല്ലാ ഇടപാടുകളും കൈയിലുള്ള മൊബൈലിലൂടെ നടത്താന്‍ സാധിക്കുന്നവരാണ് ഇവര്‍," ശ്രീറാം ഫിനാൻസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ഉമേഷ് രേവങ്കർ പറഞ്ഞു.
പേടിഎം നെറ്റ്‌വർക്കിലെ വ്യാപാരികൾക്ക് പങ്കാളിത്തത്തിന്‍റെ ഭാഗമായി ശ്രീറാം ഫിനാൻസിൽ നിന്ന് വായ്പ ലഭിക്കുന്നതിന് അവസരം ലഭിക്കും. തുടർന്ന് അത് ഉപഭോക്തൃ വായ്പകളിലേക്കും വ്യാപിപ്പിക്കും. മൊത്തം 1.85 ലക്ഷം കോടി രൂപയുടെ ആസ്തികളും 64,052 ജീവനക്കാരും 2,922 ശാഖകളുമുള്ള ശ്രീറാം ഫിനാൻസ് രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളിലൊന്നാണ്.
"ഞങ്ങളുടെ ഏറ്റവും പുതിയ മുഖ്യ പങ്കാളിയായി ശ്രീറാം ഫിനാൻസിനെ ഉൾപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, വായ്പാ വിതരണ ബിസിനസ്സിലെ വളർച്ച ഞങ്ങൾ തുടരുകയാണ്, അതേസമയം ഡിജിറ്റൽ വായ്പാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും ഗുണനിലവാരത്തിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു," പേടിഎം പ്രസിഡന്റും സിഒഒയുമായ ഭവേഷ് ഗുപ്ത പറഞ്ഞു.
