പഞ്ഞകാലം മണത്ത് കോര്‍പ്പറേറ്റുകള്‍, 2023ലെ മാന്ദ്യം മറികടക്കാന്‍ 'പിങ്ക് സ്ലിപ്' തന്ത്രം

  • 2022-ല്‍ ആഗോള ടെക്ക് മേഖലയില്‍ മാത്രം 1.54 ലക്ഷം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെങ്കില്‍ ഈ വര്‍ഷം വിവിധ മേഖലകളിലെ കൂട്ടപ്പിരിച്ചുവിടല്‍ കടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

Update: 2023-01-23 06:11 GMT

ആഗോള സാമ്പത്തിക മേഖലയില്‍ 2023 ആശങ്കാ മുന്നറിയിപ്പുമായി നില്‍ക്കുമ്പോള്‍ ഇതിനെ അതിജീവിക്കാന്‍ പലവിധ തന്ത്രങ്ങളൊരുക്കി കോര്‍പ്പറേറ്റ് ലോകം. അമേരിക്ക, യൂറോപ്പ്, ചൈന അടക്കം ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം ഏറെക്കാലമായി വലിയതോതിലുള്ള പണപ്പെരുപ്പ ഭീഷണി നേരിടുകയും അതിനെ വരുതിയിലാക്കാന്‍ പലിശ പലകുറി വര്‍ധിപ്പിക്കുകയും ചെയ്തതോടെ ആഗോളതലത്തില്‍ കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയായി.

ഇത് പല കമ്പനികളുടേയും വരുമാനത്തിലും പ്രവര്‍ത്തനത്തിലും നിഴലിക്കാന്‍ തുടങ്ങിയതോടെയാണ് സ്ഥാപനങ്ങള്‍ പിരിച്ചുവിടല്‍, റിക്രൂട്ട്‌മെന്റ് മരവിപ്പിക്കല്‍ അടക്കമുള്ള തന്ത്രങ്ങളിലേക്ക് പോകുന്നത്. ഇതിനിടയില്‍ ലോകബാങ്ക് ഉള്‍പ്പടെയുള്ളവരുടെ മാന്ദ്യ മുന്നറിയിപ്പാണ് കോര്‍പ്പറേറ്റ് കമ്പനികളെ കടുത്ത ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നയിച്ചത്.

2022-ല്‍ ആഗോള ടെക്ക് മേഖലയില്‍ മാത്രം 1.54 ലക്ഷം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെങ്കില്‍ ഈ വര്‍ഷം വിവിധ മേഖലകളിലെ കൂട്ടപ്പിരിച്ചുവിടല്‍ കടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളും, വരും മാസങ്ങളില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമായേക്കുമെന്ന് ഐഎംഎഫ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിരിച്ചുവിടലും ശക്തമാകുന്നത്.

വരുമാനത്തില്‍ ഇടിവ് സംഭവിക്കുകയും ചെലവ് മുന്‍പത്തെക്കാളും ഏറുകയും ചെയ്തതോടെ ആഗോള ടെക്ക് ഭീമന്മാരായ മെറ്റ, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ മുതല്‍ കുറഞ്ഞ സമയം കൊണ്ട് ആഗോളതലത്തില്‍ ഖ്യാതി നേടിയ സ്‌പോട്ടിഫൈ പോലുള്ള കമ്പനികള്‍ പോലും ഇപ്പോള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്താന്‍ നിര്‍ബന്ധിതരാകുകയാണ്.

ഗൂഗിള്‍ 12,000 പേരെ പിരിച്ചുവിടുമെന്ന് അറിയിച്ചതിന് പിന്നാലെ ഇത് ഘട്ടം ഘട്ടമായി നടപ്പാക്കി വരികയാണ്. ഗൂഗിളില്‍ 16 വര്‍ഷം ജോലി ചെയ്ത് വരികയായിരുന്ന വ്യക്തിയെ പിരിച്ചുവിട്ട വിവരം വെളുപ്പിന് മൂന്നു മണിയ്ക്കാണ് അറിഞ്ഞതെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത ഏവരേയും ഞെട്ടിച്ചിരുന്നു.

ടെക്ക് മേഖലയിലെ മുന്‍നിര കമ്പനിയായ ആപ്പിള്‍ കുത്തക സ്വഭാവം കാണിയ്ക്കുന്ന വിനാശകാരിയാണ് എന്നതുള്‍പ്പടെയുള്ള ആരോപണങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ മുന്‍പാകെ മ്യൂസിക്ക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ ഉള്‍പ്പടെയുള്ള കമ്പനികള്‍ പരാതി നല്‍കിയിരുന്നു. ആപ്പിളിന്റെ ഈ രീതികള്‍ കാരണം മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്നില്ലെന്നും പരാതിയില്‍ മറ്റ് കമ്പനികള്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്താനൊരുങ്ങുകയാണെന്ന് സ്‌പോട്ടിഫൈ അറിയിച്ചത്.

'പിങ്ക് സ്ലിപ്പു'മായി സ്‌പോട്ടിഫൈയും

ആകെ 9,800 ജീവനക്കാരാണ് സ്‌പോട്ടിഫൈയ്ക്കുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കമ്പനിയുടെ തന്നെ ജിംലെറ്റ് മീഡിയ ആന്‍ഡ് പാര്‍കാസ്റ്റ് പോഡ്കാസ്റ്റ് സ്റ്റുഡിയോയില്‍ നിന്നും 38 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ജോലി നഷ്ടമാകുന്നവരുടെ എണ്ണം ഇതിലും വര്‍ധിക്കുമെന്നാണ് സൂചന. കോര്‍പ്പറേറ്റുകളില്‍ പിരിച്ചുവിടല്‍ നടത്തുന്നതിന് മുന്നോടിയായി നല്‍കുന്ന മുന്നറിയിപ്പാണ് പിങ്ക് സ്ലിപ്പ് എന്നത്.

ആഗോളതലത്തില്‍ ശ്രദ്ധ നേടിയ മാധ്യമ സ്ഥാപനങ്ങളിലും കൂട്ടപ്പിരിച്ചുവിടല്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സിഎന്‍എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, വോക്‌സ് മീഡിയ, ന്യൂയോര്‍ക്ക് മാഗസീന്‍, എന്‍ബിസി, എംഎസ്എന്‍ബിസി, ബസ്ഫീഡ് എന്നീ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 7 ശതമാനം ജീവനക്കാരെ കമ്പനിയില്‍ നിന്നും വെട്ടിക്കുറയ്ക്കുമെന്നാണ് സൂചന. പരസ്യവരുമാനത്തിലുള്‍പ്പടെ ഇടിവ് വന്നതോടെയാണ് മിക്ക മാധ്യമ സ്ഥാപനങ്ങളും സമ്മര്‍ദ്ദത്തിലായത്.

Tags:    

Similar News