നഷ്ടം കുറച്ച് റിലയന്‍സ് ക്യാപിറ്റല്‍

  • കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ നഷ്ടം 4,249 കോടി
  • ഏകീകൃതവരുമാനത്തില്‍ കുറവ്
  • കമ്പനി ഇപ്പോള്‍ പാപ്പരത്വ പ്രക്രിയയില്‍

Update: 2023-05-29 16:26 GMT

റിലയന്‍സ് ക്യാപിറ്റലിന്റെ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ അതിന്റെ ഏകീകൃത അറ്റനഷ്ടം 1,488 കോടി രൂപയായി കുറഞ്ഞു. കടക്കെണിയിലായ അനില്‍ അംബാനി പ്രമോട്ട് ചെയ്യുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമാണ് റിലയന്‍സ് ക്യാപിറ്റല്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 4,249 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.

മൊത്തം ഏകീകൃത വരുമാനം ഈ പാദത്തില്‍ 4,770 കോടി രൂപയില്‍ നിന്ന് 4,436 കോടി രൂപയായി കുറഞ്ഞുവെന്ന് റിലയന്‍സ് ക്യാപിറ്റല്‍ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

മൊത്തം ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 8,982 കോടി രൂപയില്‍ നിന്ന് 5,949 കോടി രൂപയായി കുറയുകയും ചെയ്തിട്ടുണ്ട്.

മൊത്തവരുമാനം 2023 മാര്‍ച്ച് പാദത്തില്‍ മുന്‍വര്‍ഷത്തെ അഞ്ച് കോടി രൂപയില്‍ നിന്ന് മൂന്ന് കോടി രൂപയായി കുറഞ്ഞു.

2021 നവംബര്‍ 29 മുതല്‍, പേയ്മെന്റ് ഡിഫോള്‍ട്ടുകളും ഗുരുതരമായ ഭരണ പ്രശ്നങ്ങളും കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിലയന്‍സ് ക്യാപിറ്റലിന്റെ ബോര്‍ഡിനെ അസാധുവാക്കിയത് മുതല്‍ കമ്പനി പാപ്പരത്വ പ്രക്രിയയിലാണ്.

സ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റസല്യൂഷന്‍ പ്രോസസുമായി (സിഐആര്‍പി) ബന്ധപ്പെട്ട് ആര്‍ബിഐ നാഗേശ്വര റാവു വൈയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചിരുന്നു.

ഐബിസിക്ക് കീഴില്‍ സെന്‍ട്രല്‍ ബാങ്ക് പാപ്പരത്ത നടപടികള്‍ ആരംഭിച്ച മൂന്നാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് (എന്‍ബിഎഫ്സി) റിലയന്‍സ് ക്യാപിറ്റല്‍. ശ്രീ ഗ്രൂപ്പ് എന്‍ബിഎഫ്സിയും ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനും (ഡിഎച്ച്എഫ്എല്‍) ആയിരുന്നു മറ്റ് രണ്ട് കമ്പനികള്‍.

കമ്പനിക്കെതിരെ സിഐആര്‍പി ആരംഭിക്കുന്നതിനായി സെന്‍ട്രല്‍ ബാങ്ക് പിന്നീട് എന്‍സിഎല്‍ടിയുടെ മുംബൈ ബെഞ്ചില്‍ അപേക്ഷ നല്‍കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, ആര്‍ബിഐ നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ റിലയന്‍സ് ക്യാപിറ്റല്‍ വില്‍പനയ്ക്കായി താല്‍പര്യപത്രവും ക്ഷണിച്ചിരുന്നു.

Similar News