മാതൃകമ്പനിയില്‍ നിന്ന് 200 കോടി രൂപയുടെ മൂലധന സഹായം ലഭിച്ചെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്
റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (ആര്‍ജിഐസിഎല്‍) മാതൃസ്ഥാപനമായ റിലയൻസ് ക്യാപിറ്റലിന് ഇക്വിറ്റി ഷെയറുകൾ നൽകി 200 കോടി രൂപയുടെ മൂലധനം സമാഹരിച്ചതായി അറിയിച്ചു. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റസി കോഡ് പ്രകാരം പരിഹാര നടപടികളിലൂടെ കടന്നുപോകുന്ന റിലയൻസ് ക്യാപിറ്റൽ നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 444 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം സമാന പാദത്തില്‍ 491 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
ജനറൽ ഇൻഷുറൻസ് വിഭാഗത്തിന് മൂലധന പിന്തുണ നല്‍കുന്നതിന് റിലയൻസ് ക്യാപിറ്റലിന്റെ വായ്പാ ദാതാക്കൾ നേരത്തേ അനുമതി നൽകിയിരുന്നു. ഈ മൂലധന വർദ്ധനയോടെ, ഇൻഷുറൻസ് മേഖലയിലെ ഉയർന്നുവരുന്ന അവസരങ്ങൾ മുതലാക്കാനുള്ള സാമ്പത്തിക ശക്തിയും സന്നദ്ധതയും ആര്‍ജിഐസിഎല്‍ ശക്തിപ്പെടുത്തുകയാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 2023 ജൂലായ് 29-ന് നടന്ന അസാധാരണ പൊതുയോഗത്തിൽ (ഇജിഎം) കമ്പനിയുടെ ഓഹരിയുടമകൾ, സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ കമ്പനിയിൽ ഏകദേശം 200 കോടി രൂപയുടെ മൂലധനം അനുവദിക്കാൻ അനുമതി നൽകിയിട്ടുണ്ട്. .
വളർച്ചയ്‌ക്കായി പുതിയ ബിസിനസ്സ് അവസരങ്ങൾ പിന്തുടരുന്നതിനും വിപണിയിലെ പ്രമുഖർക്കിടയിൽ കമ്പനിയുടെ സ്ഥാനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ മൂലധന സമാഹരണം നടത്തിയിട്ടുള്ളതെന്ന് കമ്പനി വിശദീകരിക്കുന്നു.
ഏപ്രിൽ-ജൂൺ കാലയളവിൽ റിലയന്‍സ് ക്യാപിറ്റലിന്‍റെ മൊത്തവരുമാനം 6,001 കോടി രൂപയായിരുന്നു, മുൻ വർഷം ഇതേ പാദത്തിൽ ഇത് 3,604 കോടി രൂപയായിരുന്നുവെന്നും റിലയൻസ് ക്യാപിറ്റൽ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. മൊത്തം ചെലവ് മുൻ വർഷം ആദ്യ പാദത്തിലെ 4,068 കോടി രൂപയിൽ നിന്ന് 5,560 കോടി രൂപയായി ഉയർന്നു. ഫിനാൻസ്, ഇൻവെസ്റ്റ്‌മെന്റ് ബിസിനസ്സ്, ജനറൽ, ലൈഫ് ഇൻഷുറൻസ്, കൊമേഴ്‌സ്യൽ ഫിനാൻസ് തുടങ്ങിയ മേഖലകളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.
