ഇന്‍ഫോസിസിനെ മറികടന്ന് എസ്ബിഐ; ദലാല്‍ സ്ട്രീറ്റിലെ മൂല്യമുള്ള ഏഴാമത്തെ കമ്പനിയായി

  • നടപ്പുവര്‍ഷത്തെ വരുമാന വളര്‍ച്ച ഇന്‍ഫോസിസ് വെട്ടിക്കുറച്ചിരുന്നു
  • ഇപ്പോള്‍ എസ്ബിഐയുടെ വിപണി മൂല്യം 5,49,845 കോടി രൂപ
  • ഇന്‍ഫോസിസിന്റെ വിപണി മൂല്യം 5,49,257 കോടി രൂപ

Update: 2023-07-22 07:12 GMT

ജുലൈ 21 വെള്ളിയാഴ്ചയിലെ വ്യാപാരത്തില്‍ ഐടി ഭീമനായ ഇന്‍ഫോസിസിന്റെ ഓഹരികള്‍ ഇടിഞ്ഞതോടെ, അതിന്റെ വിപണി മൂല്യം (market capitalisation ) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെക്കാള്‍ (എസ്ബിഐ) താഴെയായി.

നടപ്പുവര്‍ഷത്തെ വരുമാന വളര്‍ച്ച (Revenue Guidance) ഇന്‍ഫോസിസ് വെട്ടിക്കുറച്ചിരുന്നു. ഇടപാടുകാര്‍ കരാറുകള്‍ റദ്ദാക്കുന്നതാണ് വരുമാന വളര്‍ച്ച വെട്ടിക്കുറയ്ക്കാന്‍ ഇന്‍ഫോസിസിനെ പ്രേരിപ്പിച്ച ഘടകമെന്നു ഇന്‍ഫോസിസ് എംഡി സലില്‍ പരേഖ് പറഞ്ഞു.

വരുമാന വളര്‍ച്ച ഇന്‍ഫോസിസ് 4-7 ശതമാനത്തില്‍ നിന്നാണ് 1-3.5 ശതമാനമായിട്ടാണു വെട്ടിക്കുറച്ചത്. ഇതും ജൂണ്‍പാദത്തില്‍ ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനഫലം നിരീക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതുമാണ് വിപണിമൂല്യം ഇടിയാന്‍ കാരണമായത്.

2023 ജൂണ്‍ പാദത്തില്‍ 5,945 കോടി രൂപയാണ് ഇന്‍ഫോസിസ് ലാഭം നേടിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ലാഭം 5,360 കോടി രൂപയായിരുന്നു.

2023 ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവന്നതോടെ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ഇന്‍ഫോസിസിന്റെ ഓഹരി വില 8.41 ശതമാനം ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയിലും ഇന്‍ഫോസിസിന്റെ ഓഹരി വില ഇടിഞ്ഞു.

ഇന്‍ഫോസിസിന്റെ വിപണി മൂല്യം 5,49,257 കോടി രൂപയാണ്. എന്നാല്‍ ഇപ്പോള്‍ എസ്ബിഐയുടെ വിപണി മൂല്യം 5,49,845 കോടി രൂപയിലെത്തി.

ഇതോടെ ദലാല്‍ സ്ട്രീറ്റിലെ ഏറ്റവും മൂല്യമുള്ള ഏഴാമത്തെ കമ്പനിയായി എസ്ബിഐ മാറി. ഇതിനു മുന്‍പ് ഈ വര്‍ഷം മെയ് 17നാണ് എസ്ബിഐ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഇന്‍ഫോസിസിനെ മറികടന്നത്.

അന്ന് ഇന്‍ഫോസിസിന്റെ വിപണി മൂല്യം 5,17,676.12 കോടി രൂപയായിരുന്നു. എസ്ബിഐയുടേത് 5,23,428.48 കോടി രൂപയും.

Tags:    

Similar News