ഗ്രീന്‍ ബോണ്ടുകളിലൂടെ 250 മില്യണ്‍ ഡോളര്‍ സമാഹരിച്ച് എസ്ബിഐ
- ഈ ഗ്രീന്‍ നോട്ടുകള്‍ ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്
- ഈ വർഷം ആദ്യമാണ് എസ്ബിഐ ഇഎസ്‍ജി ചട്ടക്കൂട് പ്രഖ്യാപിച്ചത്
- ലണ്ടൻ ബ്രാഞ്ചിന്‍റെ സ്വകാര്യ പ്ലേസ്‌മെന്‍റിലൂടെ ഗ്രീന്‍ നോട്ടുകള്‍ പുറത്തിറക്കി
പാരിസ്ഥിതിക സൗഹൃദ നടപടികള്‍ക്കായി ഗ്രീൻ നോട്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 250 ദശലക്ഷം ഡോളർ സമാഹരിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ \വ്യാഴാഴ്ച അറിയിച്ചു. 'ദി ഗ്രീൻ നോട്ട്സ്' എന്നറിയപ്പെടുന്ന ഈ സീനിയർ അൺസെക്യൂർഡ് ഗ്രീൻ ഫ്ലോട്ടിംഗ് റേറ്റ് നോട്ടുകളുടെ കാലാവധി 2028 ഡിസംബർ 29നാണ്. ഇടത്തരം കാലയളവുള്ള 10 ബില്യൺ യുഎസ് ഡോളറിന്റെ കടപ്പത്രങ്ങള്‍ പുറത്തിറക്കാനുള്ള എസ്‍ബിഐ പദ്ധതിയുടെ ഭാഗമാണിത്. ലണ്ടൻ ബ്രാഞ്ചിന്‍റെ ഒരു സ്വകാര്യ പ്ലേസ്‌മെന്റ് വഴിയാണ് ഗ്രീന്‍ നോട്ടുകള്‍ പുറത്തിറക്കിയതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സെക്യൂർഡ് ഓവർനൈറ്റ് ഫിനാൻസിംഗ് റേറ്റിനെ (എസ്ഒഎഫ്ആർ) അപേക്ഷിച്ച് 1.20 ശതമാനം കൂടുതലുള്ള ഫ്ലോട്ടിംഗ് നിരക്ക് അടിസ്ഥാനത്തിലാണ് ഗ്രീൻ നോട്ടുകൾ ഇഷ്യൂ ചെയ്തത്. ഇവ ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സമാഹരണത്തില്‍ നിന്നു ലഭിക്കുന്ന തുക, ബാങ്കിന്റെ ഇഎസ്‍ജി ഫിനാൻസിംഗ് ചട്ടക്കൂട് അനുസരിച്ച് യോഗ്യമായ ഗ്രീൻ പ്രോജക്റ്റുകൾക്ക് അനുവദിക്കും.
"പരിസ്ഥിതിയെ പരിപാലിക്കുന്ന സുസ്ഥിര വികസന മാതൃകകളോടുള്ള എസ്ബിഐയുടെ പ്രതിബദ്ധതയാണ് വിജയകരമായ പുതിയ പ്ലെയ്‌സ്‌മെന്റ്. ഹരിത ബാങ്കിംഗും സുസ്ഥിരതയും ദീർഘകാലമായി മുൻഗണന നൽകുന്ന മേഖലകളാണ്," എസ്ബിഐ ചെയർമാൻ ദിനേശ് ഖാര പറഞ്ഞു: ഈ വർഷം ആദ്യമാണ് ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എസ്ബിഐ അതിന്റെ ഇഎസ്‍ജി ചട്ടക്കൂട് പ്രഖ്യാപിച്ചത്.
ഗ്രീൻ പോർട്ട്‌ഫോളിയോ കെട്ടിപ്പടുക്കുന്നതിനുള്ള നടപടികളിലൊന്നാണ് ഗ്രീൻ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
