സീ പ്രൊമോട്ടര്‍മാര്‍ക്കെതിരേ അടിയന്തര നടപടി ആവശ്യമാണെന്ന് സെബി

  • സോണി പിക്‌ചേഴ്‌സുമായുള്ള ലയനം സംബന്ധിച്ച കേസ് 26ന് എന്‍സിഎല്‍ടി പരിഗണിക്കും
  • സെബി നടപടി ഫണ്ട് ചട്ടവിരുദ്ധമായി വകമാറ്റിയെന്ന കണ്ടെത്തലില്‍
  • ജൂണ്‍ 12 നാണ് സെബിയുടെ ഇടക്കാല ഉത്തരവ് വന്നത്

Update: 2023-06-19 05:33 GMT

ഫണ്ട് വഴിതിരിച്ചുവിട്ട കേസിൽ സീ എന്റർടൈൻമെന്റ് പ്രൊമോട്ടർമാർക്കെതിരെ അടിയന്തര നടപടി വേണമെന്ന് വിപണി നിയന്ത്രക സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സെക്യൂരിറ്റീസ് ആൻഡ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ (എസ്എടി) കമ്പനി മാനേജ്മെന്‍റ് നല്‍കിയ ഹര്‍ജിക്കു മറുപടിയായാണ്, .മാനേജ്‌മെന്റിനെയും നിക്ഷേപകരെയും മറ്റ് പങ്കാളികളെയും സംരക്ഷിക്കുന്നതിനായി പ്രൊമോട്ടര്‍മാര്‍ക്കെതിരേ നടപടി വേണമെന്ന് സെബി വാദിച്ചത്.

2022 ജൂലൈ 6-ന് ചെയർമാൻ എമിരിറ്റസ് സുഭാഷ് ചന്ദ്രയും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്കയും നൽകിയ അപേക്ഷകളിൽ പറയുന്ന കാര്യങ്ങള്‍ അവാസ്തവവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സെബി ചൂണ്ടിക്കാണിക്കുന്നു. കമ്പനി നടത്തിപ്പിലെ നിയമലംഘനങ്ങൾക്കു പുറമേ, ഇത്തരം വീഴ്ചകള്‍ നടത്തുന്നതിനായി തെറ്റായ വെളിപ്പെടുത്തലുകളും സത്യവാങ്മൂലങ്ങളും സമര്‍പ്പിച്ചുവെന്നും സെബി കൂട്ടിച്ചേര്‍ക്കുന്നു.“ ഒരു വലിയ ലിസ്റ്റഡ് കമ്പനി എന്ന നിലയില്‍ ലഭ്യമായ വലിയ തോതിലുള്ള പൊതു പണം ഈ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും ഇവര്‍ നിയന്ത്രിക്കുന്നതുമായ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പല പദ്ധതികളിലൂടെ വഴി തിരിച്ചുവിട്ടു, ”സെബി എസ്എടിക്ക് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.

ട്രിബ്യൂണൽ അന്തിമ തീർപ്പിനായി കേസ് എടുക്കുന്ന ജൂൺ 19നോ അതിന് മുമ്പോ സെബിയുടെ സബ്‍മിഷന് മറുപടി നൽകണമെന്ന് സീ പ്രൊമോട്ടര്‍മാരോട് ജൂൺ 15 ന് എസ്‍എടി നിർദ്ദേശിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂൺ 12-ന്‍റെ ഇടക്കാല ഉത്തരവിലാണ്, എസ്സൽ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്ര, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ( ZEEL) എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക എന്നിവരെ ഏതെങ്കിലും ലിസ്റ്റഡ് കമ്പനിയിൽ ഡയറക്ടർ അല്ലെങ്കിൽ പ്രധാന മാനേജ്മെന്‍റ് പദവി വഹിക്കുന്നതിൽ നിന്ന് സെബി വിലക്കിയത്. സെബിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രയും ഗോയങ്കയും എസ്എടിയെ സമീപിച്ചു.

എസ്സൽ ഗ്രൂപ്പ് കമ്പനിയായ ഷിർപൂർ ഗോൾഡ് റിഫൈനറി (ഷിർപൂർ) കേസുമായി ബന്ധപ്പെട്ട് ZEEL സമർപ്പിച്ച സെറ്റിൽമെന്റ് അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ അന്വേഷണം ആരംഭിച്ചതെന്ന് സെബി വ്യക്തമാക്കുന്നു. ഏപ്രിലിലാണ് റെഗുലേറ്റർ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഷിർപൂരിന്റെ ഓഹരികളുടെ വിപണി മൂല്യത്തിലുണ്ടായ ഇടിവിന്റെ ആഘാതം ഒഴിവാക്കുന്നതിനായി പ്രമോട്ടർ ഗ്രൂപ്പ് പൊതു വിപണിയില്‍ ഓഹരികള്‍ വില്‍ക്കുന്നത് വൈകിപ്പിച്ചുവെന്നും ചെറുകിട നിക്ഷേപകരാണ് ആത്യന്തികമായി വിലയിടിവിന്‍റെ തിക്തഫലം നേരിടേണ്ടി വന്നതെന്നും സെബി പറയുന്നു.

ഷിർപൂരിന്റെ കേസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതിനും പണത്തിന്റെ സർക്യൂട്ട് നീക്കം സുഗമമാക്കുന്നതിനും ഒരു കൂട്ടം വ്യാജ ഇടപാടുകളുള്ള ഒരു ആസൂത്രിത പദ്ധതി നടപ്പാക്കിയെന്നാണ് സെബി ആരോപിക്കുന്നത്. ദുർബലമായ കോർപ്പറേറ്റ് ഭരണവും പ്രമോട്ടർ ലോണുകൾ അടയ്ക്കുന്നതിനുള്ള ഫണ്ട് വകമാറ്റലും ആരോപിച്ച് 2019 നവംബറിൽ, സുബോധ് കുമാര്‍, നെഹാരിക വോഹ്‌റ എന്നീ രണ്ട് സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ സീയില്‍ നിന്ന് രാജിവെച്ചിരുന്നു.

അതിനിടെ, സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുമായി ZEEL ലയിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേൾക്കുന്നത് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ജൂൺ 26 ലേക്ക് മാറ്റി.

Tags:    

Similar News