സഹാറ ഗ്രൂപ്പ് മേധാവിയുടെയടക്കം അക്കൗണ്ടുകള്‍ കണ്ടുകെട്ടാന്‍ സെബി നിര്‍ദ്ദേശം

  • ഓപ്ഷണലി ഫുള്ളി കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (OFCDs) ഇഷ്യുവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 6.42 കോടി രൂപ വീണ്ടെടുക്കുന്നതിനുള്ളതാണ് ഈ നിര്‍ദ്ദേശം.

Update: 2022-12-27 06:44 GMT

ഡെല്‍ഹി: സഹാറ ഗ്രൂപ്പിന്റെയും, ഗ്രൂപ്പ് മേധാവി സുബ്രത റോയിയുടെയും മറ്റുള്ളവരുടെയും ബാങ്ക് അക്കൗണ്ടുകള്‍, ഡീമാറ്റ് അക്കൗണ്ടുകള്‍ എന്നിവ കണ്ടുകെട്ടാന്‍ സെബി നിര്‍ദ്ദേശം. ഓപ്ഷണലി ഫുള്ളി കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (OFCDs) ഇഷ്യുവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 6.42 കോടി രൂപ വീണ്ടെടുക്കുന്നതിനുള്ളതാണ് ഈ നിര്‍ദ്ദേശം.

സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍ (ഇപ്പോള്‍ സഹാറ കമ്മോഡിറ്റി സര്‍വീസസ് കോര്‍പ്പറേഷന്‍ എന്നറിയപ്പെടുന്നു), സുബ്രത റോയ്, അശോക് റോയ് ചൗധരി, രവി ശങ്കര്‍ ദുബെ, വന്ദന ഭാര്‍ഗവ എന്നിവര്‍ക്കെതിരെയാണ് നടപടികള്‍. പലിശ, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടെയാണ് 6.42 കോടി രൂപ കണ്ടുകെട്ടാന്‍ സെബി ഉത്തരവിട്ടിരിക്കുന്നത്.

സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സുബ്രത റോയ്, അശോക് റോയ് ചൗധരി, ദുബെ, ഭാര്‍ഗവ എന്നിവരുടെ അക്കൗണ്ടുകളില്‍ നിന്നുള്ള തുകകൊണ്ട് നിക്ഷേപവും അനുവദിക്കരുതെന്ന് എല്ലാ ബാങ്കുകളോടും ഡിപ്പോസിറ്ററികളോടും മ്യൂച്വല്‍ ഫണ്ടുകളോടും സെബി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വായ്പകള്‍ അനുവദനീയമാണ്.

കൂടാതെ, വായ്പ തിരിച്ചടയ്ക്കാത്തവരുടെ ലോക്കറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അക്കൗണ്ടുകളും കണ്ടുകെട്ടാന്‍ സെബി എല്ലാ ബാങ്കുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജൂണിലെ ഉത്തരവില്‍, സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സുബ്രത റോയ്, അശോക് റോയ് ചൗധരി, ദുബെ, ഭാര്‍ഗവ എന്നിവരില്‍ നിന്ന് 6 കോടി രൂപ പിഴ ഈടാക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.

2008-09 കാലഘട്ടത്തില്‍ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും, സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും സെബിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായല്ല ഒഎഫ്‌സിഡികള്‍ ഇഷ്യു ചെയ്തത്.

നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള വിവിധ നടപടിക്രമങ്ങള്‍ പാലിക്കാതെയും, അതിന്റെ അപകട സാധ്യതകളെക്കുറിച്ച് വേണ്ടത്ര മുന്നറിയിപ്പ് നല്‍കാതെയും ഒഎഫ്‌സിഡി ഇഷ്യൂ ചെയ്ത് പൊതു ജനങ്ങളുടെ പക്കല്‍ നിന്നും ഇവര്‍ പണം സ്വരൂപിച്ചു. സെബിയുടെ ഐസിഡിആര്‍ (Issue of Capital and Disclosure Requiremenst), റെഗുലേഷനുകളുടെയും പിഎഫ്യുടിപിയുടെയും (Prohibition of Fraudulent and Unfair Trade Practices) വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് ഡിബഞ്ചറുകള്‍ ഇഷ്യൂ ചെയ്തതെന്നാണ് ആരോപിക്കപ്പെടുന്നത്.

Tags:    

Similar News