ടാരോ ഫാര്‍മ മുഴുവന്‍ വാങ്ങാന്‍ സണ്‍ഫാര്‍മസ്യൂട്ടിക്കല്‍സ്
- ഇടപാട് മുഴുവന്‍ പണമായി നല്‍കും
- ടാരോ എന്‍വൈഎസ്ഇയില്‍ നിന്ന് പുറത്താകും
- ഉപകമ്പനി രൂപീകരിക്കും
പ്രമുഖ ഫാര്‍മസി കമ്പനിയായ ടാരോ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുഴുവന്‍ ഓഹരികളും ഏറ്റെടുക്കാന്‍ സണ്‍ഫാര്‍മ. സാധാരണ ഓഹരി ഒരെണ്ണത്തിന് 38 ഡോളര്‍ എന്ന നിരക്കിലാണ് സണ്‍ഫാര്‍മ വാങ്ങുന്നത്. 2023 മെയ് 25ന് ടാരോ ഓഹരികള്‍ ക്ലോസ് ചെയ്തതിലും 31.2 ശതമാനം അധികം വിലയ്ക്കാണ് കമ്പനി വാങ്ങുന്നത്.
കഴിഞ്ഞ അറുപത് ദിവസങ്ങളിലെ ടാരോയുടെ ശരാശരി ക്ലോസിങ് വിലയേക്കാള്‍41.5 ശതമാനം പ്രീമിയം നല്‍കുന്നുണ്ടെന്ന് സണ്‍ഫാര്‍മ എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. ഈ ഏറ്റെടുക്കലില്‍ സണ്‍ഫാര്‍മയ്ക്ക് നേരത്തെ തന്നെ ഉടമസ്ഥതയുള്ള ഓഹരികളില്ല. ഇടപാട് പൂര്‍ത്തിയാകുന്നതോടെ ടാരോ ഫാര്‍മ പൂര്‍ണമായും സണ്‍ഫാര്‍മയ്ക്ക് സ്വന്തമാകും. ഇടപാട് മുഴുവനും പണമായി തന്നെയാണ് നടത്തുന്നത്. 1999 ലെ ഇസ്രായേല്‍ കമ്പനി നിയമപ്രകാരമാണ് പണം മുഴുവന്‍ നല്‍കി ഇടപാട് നടത്തുന്നതെന്ന് കമ്പനി അറിയിച്ചു.
ഇതിനായി സണ്‍ഫാര്‍മയ്ക്ക് പൂര്‍ണ ഉടമസ്ഥതയുള്ള ഉപകമ്പനി രൂപീകരിക്കണം. അതിന്റെ പേരിലാണ് ടാരോയുമായി ലയന കരാറില്‍ ഏര്‍പ്പെടുന്നത്. ഏറ്റെടുക്കല്‍ പൂര്‍ണമാകുന്നതോടെ ടാരോ ഫാര്‍മ എന്‍വൈഎസ്ഇയില്‍ നിന്ന് പുറത്താകും. ടാരോയുടെ ഓഹരി ഉടമകള്‍ക്ക് പണമായി തന്നെ നിക്ഷേപം തിരിച്ചുനല്‍കാനായിരിക്കും കമ്പനി നിര്‍ബന്ധിക്കപ്പെടുക. ഒരു തരത്തില്‍ ഇത് കമ്പനിക്കും ഓഹരിയുടമകള്‍ക്കും ഗുണകരമാണ്. എന്നാല്‍ എത്ര സമയത്തിനകമാണ് ഇടപാട് പൂര്‍ത്തിയാകുകയെന്ന് വ്യക്തമായിട്ടില്ല. സണ്‍ഫാര്‍മ മാനേജ്‌മെന്റിന്റെയും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെയും അന്തിമ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസം സണ്‍ഫാര്‍മ ത്രൈമാസഫലം പുറത്തുവിട്ടിരുന്നു. 1984.47 കോടി രൂപയുടെ അറ്റാദായമായിരുന്നു കമ്പനി നേടിയിരുന്നത്.
