2023-24ല്‍ 1.25 ലക്ഷം നിയമനം, മൂന്നാം പാദ നേട്ടത്തിന് പിന്നാലെ ടിസിഎസിന്റെ വാഗ്ദാനം
- മൂന്നാം പാദത്തില്‍ കമ്പനി 7,000 ജീവനക്കാരെ മാത്രമാണ് ജോലിയ്‌ക്കെടുത്തത്.
മുംബൈ: ആമസോണും ട്വിറ്ററും മെറ്റയുമുള്‍പ്പടെ ടെക്ക് ലോകത്തെ മുന്‍നിരക്കാര്‍ ആഗോളതലത്തില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടത്തുമ്പോള്‍ 2023-24 സാമ്പത്തികവര്‍ഷം 1.25 ലക്ഷം ജീവനക്കാര്‍ക്ക് ജോലി നല്‍കുമെന്നറിയിച്ച് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ ഏകദേശം 42,000 തുടക്കക്കാര്‍ക്കാണ് ടിസിഎസ് ജോലി നല്‍കിയത്.
2022 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ കണക്ക് പ്രകാരം ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതായി കമ്പനി ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കമ്പനിയുടെ മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ച ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ആകെ ജീവനക്കാരില്‍ 2,197 പേരുടെ കുറവ് വന്നുവെന്നും, നിലവില്‍ 6.13 ലക്ഷം ജീവനക്കാരാണ് കമ്പനിക്കുള്ളതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 18 മാസത്തിനിടെ കമ്പനി റിക്രൂട്ട് ചെയ്ത ആളുകളുടെ എണ്ണം ആവശ്യത്തിലും അധികമായിരുന്നുവെന്നും, എന്നാല്‍ ഇതിനൊത്തുള്ള ഡിമാന്‍ഡ് വിപണിയില്‍ നിന്നും ലഭിച്ചില്ലെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു. മൂന്നാം പാദത്തില്‍ കമ്പനി 7,000 ജീവനക്കാരെ മാത്രമാണ് ജോലിയ്‌ക്കെടുത്തത്.
മൂന്നാം പാദത്തില്‍ വന്‍ നേട്ടം
ഡിസംബര്‍ പാദത്തില്‍ മൊത്തത്തിലുള്ള വളര്‍ച്ചയും വിദേശ നാണയ നേട്ടവും മൂലം ടിസിഎസ് 11 ശതമാനം വര്‍ധനയോടെ 10,846 കോടി രൂപ അറ്റാദായം നേടി. ടാറ്റ ഗ്രൂപ്പ് കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9,769 കോടി രൂപ നികുതിക്ക് ശേഷമുള്ള അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിപ്പോര്‍ട്ടിംഗ് പാദത്തില്‍ മൊത്ത വരുമാനം 19.1 ശതമാനം വര്‍ധിച്ച് 58,229 കോടി രൂപയായി ഉയര്‍ന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 48,885 കോടി രൂപയായിരുന്നു. സ്ഥിരമായ കറന്‍സി നിലയില്‍, ടോപ്പ്ലൈന്‍ വളര്‍ച്ച 13.5 ശതമാനമാണ്, ഡോളര്‍ മൂല്യത്തില്‍ ഇത് 8 ശതമാനമായി കുറഞ്ഞു.
'തങ്ങളുടെ ക്ലൗഡ് സേവനങ്ങളുടെ മികച്ച പ്രകടനവും വടക്കേ അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും തുടര്‍ച്ചയായ ബിസിനസ്സ് വേഗതയുമാണ് കാലാനുസൃതമായി ദുര്‍ബലമായ പാദത്തിലെ ശക്തമായ സംഖ്യകള്‍ക്ക് കാരണമെന്ന്' ടിസിഎസ് ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.
കമ്പനിയുടെ മൊത്തത്തിലുള്ള തൊഴിലാളികളുടെ എണ്ണം 2,197 കുറഞ്ഞ് 6,13,974 ആയതായി ഈ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവ് പറഞ്ഞു, അതേസമയം തൊഴില്‍ വിട്ടുപോകല്‍ ആറ് പാദങ്ങളിലെ ഉയര്‍ച്ചയ്ക്ക് ശേഷം 21.5 ശതമാനത്തില്‍ നിന്ന് 21.3 ശതമാനമായി കുറഞ്ഞു. സെന്‍സെക്‌സ് ഇന്ന് 1.41 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇയില്‍ ടിസിഎസ് സ്‌ക്രിപ്റ്റ് 3.35 ശതമാനം ഉയര്‍ന്ന് 3,319.70 രൂപയിലെത്തി.
