300 കോടി ഡോളര്‍ സമാഹരണം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി വേദാന്ത

Update: 2023-10-04 06:46 GMT

300 കോടി ഡോളര്‍  (3 ബില്യൺ ഡോളർ) സമാഹരിക്കുന്നതിനായി ജെപി മോർഗൻ ചേസുമായും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കുമായും അനിൽ അഗർവാളിന്റെ വേദാന്ത റിസോഴ്‌സസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  പേയ്‌മെന്റുകളിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ ഇത് കമ്പനിയെ സഹായിക്കും. 

വേദാന്ത ലിമിറ്റഡിന്റെ മാതൃ കമ്പനിയായ വേദാന്ത റിസോഴ്‌സസിന് 2024-25 സാമ്പത്തിക വർഷത്തിൽ 310 കോടി ഡോളറിന്‍റെ ബോണ്ട് തിരിച്ചടവ് ഉണ്ട്. യുകെ ആസ്ഥാനമായുള്ള സ്ഥാപനത്തിന് 2022-23 സാമ്പത്തിക വർഷത്തിൽ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിൽ നിന്നും വേദാന്ത ലിമിറ്റഡിൽ നിന്നുമായി 250 കോടി ഡോളർ ഡിവഡന്‍റ് ലഭിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. അധിക മൂലധന സമാഹണത്തിന്‍റെ ഭാഗമായി, വേദാന്ത ലിമിറ്റഡിലെ 6 ശതമാനം ഓഹരി പങ്കാളിത്തം കഴിഞ്ഞ ഒരു വർഷ കാലയളവില്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്.

വിഭജനം 12 -15 മാസത്തിനുള്ളിൽ

വേദാന്ത റിസോഴ്‌സിന്‍റെ മൊത്തം കടബാധ്യത 2022 മാർച്ച് 31ലെ കണക്കനുസരിച്ച് 906 കോടി ഡോളറായിരുന്നു, എന്നാൽ 2023 ജൂൺ അവസാനത്തിലേക്ക് എത്തുമ്പോല്‍ ഇത് 590 കോടി ഡോളറായി കുറഞ്ഞിട്ടുണ്ട്. വായ്പാ ഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഒരു പ്യുവർ-പ്ലേ, അസറ്റ്-ഓണർ ബിസിനസ്സ് മോഡലിലേക്കുള്ള പരിവർത്തനത്തിന് ഡയറക്റ്റര്‍ ബോര്‍ഡ് കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിട്ടുണ്ട്. ആറ് വ്യത്യസ്ത ലിസ്‍റ്റഡ് കമ്പനികളാക്കി വേദാന്തയെ വിഭജിക്കുന്നതിനാണ് പദ്ധതി. 12 -15 മാസത്തിനുള്ളിൽ ഈ പുനഃക്രമീകരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

കടബാധ്യതയെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് വേദാന്ത റിസോഴ്‌സസിന്‍റെ റേറ്റിംഗ് വിവിധ ഏജന്‍സികള്‍ പലകുറി വെട്ടിക്കുറച്ചിരുന്നു. വേദാന്ത ലിമിറ്റഡിന് പുറമെ വേദാന്ത അലൂമിനിയം, വേദാന്ത ഓയിൽ & ഗ്യാസ്, വേദാന്ത പവർ, വേദാന്ത സ്റ്റീൽ ആൻഡ് ഫെറസ് മെറ്റീരിയല്‍സ്, വേദാന്ത ബേസ് മെറ്റൽസ് എന്നിങ്ങനെ അഞ്ച് പുതിയ ലിസ്റ്റഡ് കമ്പനികള്‍ സൃഷ്ടിക്കാനാണ് പദ്ധതി. വിഭജനം ഈ ബിസിനസുകളുടെ മൂല്യം ഉയര്‍ത്തുമെന്നും ഓരോ വിഭാഗത്തിലും മികച്ച വളര്‍ച്ച നേടാന്‍ സഹായിക്കുമെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ അനിൽ അഗർവാള്‍ അഭിപ്രായപ്പെട്ടിരുന്നു. 

വേദാന്ത ലിമിറ്റഡിന്റെ സ്റ്റീൽ ആസ്തികൾ ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ വിൽക്കുമെന്ന് അഭിമുഖത്തിൽ അഗർവാൾ പറഞ്ഞു. 2018-ൽ 5,230 കോടി രൂപയ്ക്ക് ഇഎസ്എല്‍ സ്റ്റീൽ വാങ്ങിയതിലൂടെയാണ് കമ്പനി സ്റ്റീൽ, സ്റ്റീൽ അസംസ്‌കൃത വസ്തു ബിസിനസിലേക്ക് പ്രവേശിച്ചത്. പ്രധാന ബിസിനസായ ഖനന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സ്റ്റീല്‍ ബിസിനസിനെ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ മുതല്‍ ഈ ബിസിനസിന്‍റെ അവലോകനം കമ്പനി നടത്തിവരികയാണ്. 

വിപണിയില്‍ ഇടിവില്‍ 

ഉച്ചയ്ക്ക് 12:13നുള്ള വിവരം അനുസരിച്ച് 3.08 ശതമാനം ഇടിവിലാണ് വേദാന്ത ലിമിറ്റഡിന്‍റെ ഓഹരികളുടെ വില്‍പ്പന നടക്കുന്നത്. 7.10 പോയിന്‍റ് ഇടിവോടെ 223.65 രൂപയാണ് ഒരു ഓഹരിയുടെ വില.

Tags:    

Similar News