ഫോണ്‍പേയിലെ വാള്‍മാർട്ടിന്‍റെ ഓഹരി വിഹിതം കുറഞ്ഞ് 85%-ല്‍

  • നടക്കുന്നത് 1 ബില്യൺ ഡോളറിന്‍റെ ഫണ്ടിംഗ് റൗണ്ട്
  • മേയ് അവസാനം വരെ 850 മില്യണ്‍ ഡോളറിന്‍റെ സമാഹരണം
  • ജനറൽ അറ്റ്‌ലാന്റിക്കും സഹ നിക്ഷേപകരും ചേര്‍ന്ന് 550 മില്യൺ ഡോളർ നിക്ഷേപിച്ചു

Update: 2023-06-04 11:04 GMT

ഡെക്കാകോൺ ഫിൻടെക് സ്ഥാപനമായ ഫോൺപേയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 89 ശതമാനത്തിൽ നിന്ന് 85 ശതമാനമായി കുറഞ്ഞതായി റീട്ടെയിൽ ഭീമനായ വാൾമാർട്ട് അറിയിച്ചു. പുതിയ ഫണ്ടിംഗ് റൗണ്ടിന്‍റെ ഭാഗമായാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ട്ടിന്‍റെ വിഹിതം കുറഞ്ഞത്. നിലവിലെ റൗണ്ടിന്‍റെ ഭാഗമായി, മേയ് അവസാനം വരെയുള്ള കണക്കനുസരിച്ച് 850 മില്യണ്‍ ഡോളറിന്‍റെ പ്രാഥമിക മൂലധനം സമാഹരണമാണ് ഫോണ്‍പേ നടത്തിയത്.

"2023 ഏപ്രിൽ 30-ന് അവസാനിച്ച മൂന്ന് മാസങ്ങളിൽ, പുതിയ റൗണ്ട് ഇക്വിറ്റി ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഫോണ്‍പേക്ക് 0.5 ബില്യൺ ഡോളർ ലഭിച്ചു, ഇത് കമ്പനിയുടെ ഉടമസ്ഥാവകാശം 2023 ജനുവരി 31ലെ ഏകദേശം 89 ശതമാനത്തിൽ നിന്ന് ഏകദേശം 85 ശതമാനത്തിലേക്ക് കുറച്ചു," വാൾമാർട്ട് ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഏപ്രിൽ 30 വരെ, വാൾമാർട്ടിൽ നിന്നുള്ള 200 മില്യൺ ഡോളർ മൂലധന നിക്ഷേപം ഉൾപ്പെടെ 750 ദശലക്ഷം ഡോളറിന്‍റെ സമാഹരണമാണ് ഫോണ്‍പേ നടത്തിയത്. 12 ബില്യൺ ഡോളറിന്റെ പ്രീ-മണി മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തില്‍ ജനറൽ അറ്റ്‌ലാന്റിക്കും സഹ നിക്ഷേപകരും ചേര്‍ന്ന് 550 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. 1 ബില്യൺ ഡോളറിന്‍റെ ഫണ്ടിംഗ് റൗണ്ടാണ് ഫോണ്‍പേ പദ്ധതിയിട്ടുള്ളത്.

റിബിറ്റ് ക്യാപിറ്റൽ, ടൈഗർ ഗ്ലോബൽ, ടിവിഎസ് ക്യാപിറ്റൽ ഫണ്ടുകൾ എന്നിവ ഫണ്ടിംഗ് റൗണ്ടിൽ മൊത്തം 100 ​​മില്യൺ ഡോളർ നിക്ഷേപിച്ചു.

2 ലക്ഷം റുപേ കാര്‍ഡുകളെ യുപിഐ-യുമായി ബന്ധിപ്പിച്ച ആദ്യത്തെ ഡിജിറ്റല്‍ പേമെന്‍റ് ആപ്പായി അടുത്തിടെ ഫോണ്‍പേ മാറിയിരുന്നു. കൂടാതെ, യുപിഐയിലെ റുപേ ക്രെഡിറ്റ് വഴി മൊത്തം 150 കോടി രൂപയുടെ മൂല്യം വരുന്ന പേയ്‌മെന്‍റുകളും കമ്പനി പ്രോസസ്സ് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇടയിൽ റുപേ ഉപയോഗം ജനകീയമാക്കുന്നതിന് സമഗ്രമായ സൊലൂഷനുകള്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായി ഫോണ്‍പേ ഇതോടനുബന്ധിച്ച് പുറത്തിറക്കിയ വാ‍ര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News