പരിശീലനം വിഫലം, 'പണി പഠിക്കാത്തവരെ' ഫയര്‍ ചെയ്ത് വിപ്രോ, ആദ്യം 452 പേര്‍

  • പരിശീലനം നല്‍കിയ ശേഷവും ഇവര്‍ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Update: 2023-01-21 07:21 GMT

ടെക്ക് മേഖലയിലുള്‍പ്പടെ കൂട്ടപ്പിരിച്ചുവിടലുകള്‍ ശക്തമാകുമ്പോള്‍ ഇവ ഏറ്റവുമധികം ബാധിക്കുന്നത് മികച്ച പ്രകടനം കാഴ്ച്ച വെക്കാത്ത നവാഗത ജീവനക്കാരെയാണെന്ന് (ഫ്രഷേഴ്‌സ്) റിപ്പോര്‍ട്ട്. രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ വിപ്രോ ഇപ്പോള്‍ പിരിച്ചുവിടുന്നവരില്‍ 452 പേരും മോശം പ്രകടനം കാഴ്ച്ചവെക്കുന്ന ഫ്രഷേഴ്‌സാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്റേണല്‍ അസസ്‌മെന്റ് (നിരീക്ഷണം) നടത്തിയ ശേഷമാണ് ഇത്തരം ജീവനക്കാരുടെ പട്ടിക കമ്പനി തയാറാക്കിയത്. പരിശീലനം നല്‍കിയ ശേഷവും ഇവര്‍ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതാത് മേഖലയില്‍ മികവുള്ളവരാണെന്ന് കരുതിയാണ് ഇത്തരം ജീവനക്കാരെ ജോലിയ്‌ക്കെടുത്തതെന്നും, മികച്ച പരിശീലനം നല്‍കിയിട്ടും ഇവര്‍ പ്രതീക്ഷിച്ച അത്ര ഉയരുന്നില്ലെന്നും കമ്പനി ഇറക്കിയ പ്രസ്താവനയിലുണ്ട്.

കമ്പനിയിലെ എല്ലാ വിഭാഗത്തിലും ഒരു നിശ്ചിത കാലയളവ് കൂടുമ്പോള്‍ ഓരോരുത്തരുടേയും പ്രകടനം വിലയിരുത്തുകയും ട്രെയിനിംഗ് ആവശ്യമെങ്കില്‍ നടത്തിവരികയും ചെയ്യാറുണ്ട്. ഇവര്‍ക്ക് ട്രെയിനിംഗിനായി ഏകദേശം 75,000 രൂപ വീതം ചെലവായെന്നും, ഇവ കമ്പനി എഴുതിതള്ളുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആല്‍ഫബെറ്റ് 10,000 പേരെ പിരിച്ചുവിടും

ആഗോളതലത്തില്‍ 6 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്ന് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കമ്പനിയുടെ ടെക്ക് വിഭാഗത്തിലുള്ളവരെയാണ് പിരിച്ചുവിടുന്നതെന്നും വരുമാനത്തിലുള്‍പ്പടെ ഇടിവ് വന്നതാണ് നീക്കത്തിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 10,000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ഏതാനും ദിവസം മുന്‍പ് ടെക്ക് ഭീമനായ മൈക്രോസോഫ്റ്റും അറിയിച്ചിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ആമസോണും, മെറ്റയുമുള്‍പ്പടെയുള്ള ആഗോള കമ്പനികള്‍ ഒട്ടേറെ ആളുകളെ പിരിച്ചുവിട്ടിരുന്നു. പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ മൂലം കമ്പനികളുടെ വരുമാനം ഇടിഞ്ഞിരിക്കുന്നതാണ് പിരിച്ചുവിടലുകള്‍ക്കുള്ള പ്രധാന കാരണം. ഇത്തരത്തില്‍ പരമാവധി ചെലവ് കുറയ്ക്കുവാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. മാത്രമല്ല ഈ വര്‍ഷം സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ഐഎംഎഫ് ഉള്‍പ്പടെ പ്രവചനം നടത്തിയിരിക്കുന്നതിനാല്‍ അനാവശ്യ ചെലവുകള്‍ കുറയ്ക്കുകയാണ് മിക്ക കമ്പനികളും. 

Tags:    

Similar News