ജി20: ധനകാര്യ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം മഹാബലിപുരത്ത്

  • എസ്എഫ്ഡബ്‌ളിയുജി 2023 വര്‍ക്ക് പ്ലാന്‍ യോഗത്തില്‍ അന്തിമമാക്കും
  • സുസ്ഥിര വികസനത്തിനുള്ള ധനസഹായം പ്രാപ്തമാക്കുക ലക്ഷ്യം
  • ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗം ജൂലൈയില്‍

Update: 2023-06-19 04:38 GMT

ജി 20 കൂട്ടായ്മയ്ക്കു കീഴിലുള്ള രാജ്യങ്ങളുടെ സുസ്ഥിര ധനകാര്യ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ (എസ്എഫ്ഡബ്‌ളിയുജി) മൂന്നാം പതിപ്പ് ജൂണ്‍ 19മുതല്‍ 21 വരെ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടക്കുന്നു.എസ്എഫ്ഡബ്‌ളിയുജി 2023 വര്‍ക്ക് പ്ലാനില്‍ പറഞ്ഞിരിക്കുന്ന പ്രധാന ശുപാര്‍ശകള്‍ അന്തിമമാക്കുന്നതിനുള്ള ചര്‍ച്ചകളിലാകും യോഗം ശ്രദ്ധ കേന്ദീകരിക്കുക.

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മഹാബലിപുരത്ത് നടക്കുന്ന യോഗത്തില്‍ ജി20 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

മുന്‍പ് ഇന്തോ-ചൈന ചര്‍ച്ചകള്‍ക്ക് വേദിയായ സ്ഥലമാണ് മഹാബലിപുരം . അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും മഹാബലിപുരത്ത് എത്തിയിരുന്നു.

മഹാബലിപുരം സ്ഥിതി ചെയ്യുന്നത് ചെന്നൈയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണ്. കടല്‍ത്തീരത്തുള്ള ക്ഷേത്ര സമുച്ചയമാണിവിടം.

ഇത് യുനെസ്‌കോ ലോക പൈതൃക സ്ഥലമായും പ്രഖ്യാപിച്ചിട്ടുണ്ട്.

എസ്എഫ്ഡബ്ല്യുജിയുടെ ആദ്യ രണ്ട് യോഗങ്ങള്‍ യഥാക്രമം ഗുവാഹത്തിയിലും ഉദയ്പൂരിലുമാണ് നടന്നത്. മഹാബലിപുരത്ത് നടക്കുന്ന മൂന്നാമത്തെ യോഗത്തില്‍ ആദ്യ രണ്ട് യോഗങ്ങളില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാനായിരിക്കും ശ്രമിക്കുക.

ജി 20 സുസ്ഥിര ധനകാര്യ റോഡ്മാപ്പില്‍ വിഭാവനം ചെയ്യുന്ന മുന്‍ഗണന നല്‍കുന്ന കാര്യങ്ങളുണ്ട്. അവയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നത് സംബന്ധിച്ച് യോഗം തീരുമാനമെടുക്കും. ഈ രംഗത്തെ പ്രവര്‍ത്തനങ്ങളാണ് എസ്എഫ്ഡബ്‌ളിയുജി നടത്തുന്നതും.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുള്ള ധനസഹായം പ്രാപ്തമാക്കല്‍, ഇതിനായി ആവാസവ്യവസ്ഥയുടെ ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ഈ യോഗത്തിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.

സുസ്ഥിര ധനകാര്യത്തിനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗ്രൂപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. ലോകത്ത് സാമ്പത്തികമായി അന്തരം വര്‍ധിക്കുകയും മാന്ദ്യത്തിന്റെ സൂചനകള്‍ ദൃശ്യമാകുകയും ചെയ്തതോടെ അതീവ പ്രാധാന്യമുണ്ട് ഈ യോഗത്തിന്.

ഇവിടെ ഏകോപനത്തിന്റെ കുറവ് ദൃശ്യമാണ്. സഹകരണം വര്‍ധിപ്പിക്കേണ്ടതുണ്ട്.

എസ്എഫ്ഡബ്‌ളിയുജി ഇന്ന് വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി ഒരു കൂട്ടം ശുപാര്‍ശകള്‍ തയ്യാറാക്കുന്നുണ്ട്. ഈ ശുപാര്‍ശകള്‍ ഭാവിയിലെയും ഇപ്പോഴുമുള്ള വെല്ലുവിളികളെ നേരിടാന്‍ കൂട്ടായ്മയെ സഹായിക്കും എന്ന്് കരൂതുന്നു-പ്രസ്താവന പറയുന്നു.

അംഗങ്ങളുടെ അഭിപ്രായങ്ങളും ചെന്നൈ എഡിഷനില്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ചകളും ജൂലൈയില്‍ നടക്കുന്ന മൂന്നാമത്തെ ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ അറിവും സാങ്കേതിക വൈദഗ്ധ്യവും പങ്കിടുന്നതിന് വിദഗ്ധരുടെ നേതൃത്വത്തില്‍ രണ്ടു ശില്‍പ്പശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. ജി 20യുടെ അധ്യക്ഷസ്ഥാനം ഇക്കുറി ഇന്ത്യയ്ക്കാണ്.

Tags:    

Similar News