ചൈനയിലെ അധികാര കേന്ദ്രങ്ങളില്‍ വിള്ളലുകളെന്ന് സൂചന

  • ഷി ജിന്‍പിംഗിന് പലതലങ്ങളിലും നിയന്ത്രണം നഷ്ടമാകുന്നു
  • നേതാക്കളുടെ പുറത്താക്കലുകള്‍ നല്‍കുന്ന സൂചനകള്‍ ഗൗരവമേറിയത്
  • അധികാരകേന്ദ്രത്തിലെ സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കുന്നു

Update: 2023-09-20 09:22 GMT

 ചൈനയില്‍  സാമ്പത്തിക വളർച്ച കുറയുകയും രാഷ്ട്രീയ പ്രതിസന്ധി വളരുകയും ചെയ്യുകയാണോ? ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന് അധികാരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണോ എന്ന ചോദ്യം ലോകത്തിന്‍റെ പല കോണുകളില്‍നിന്നും ഉയരുകയാണ്. 

ഇപ്പോള്‍  ചൈനീസ് രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ചില വിള്ളലുകള്‍ അത് സൂചിപ്പിക്കുന്നതായി രാഷ്ട്രീയ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.ഏതൊരു സ്വേച്ഛാധിപത്യ വ്യവസ്ഥയിലും എതിരാളികളെ നിശബ്ദമാക്കലും ഇല്ലാതാക്കലുമെല്ലാം സാധാരണമാണ്. ഉത്തരകൊറിയയിലെ കിം ജോങ് ഉന്നിന്റെ ഭരണ മാതൃക ഈ പ്രതിഭാസത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.

ചൈനീസ് സമൂഹത്തിലെ തീവ്രമായ സാമ്പത്തിക അസമത്വത്തെക്കുറിച്ച് വാര്‍ത്തകള്‍  ഒന്നിനു പിന്നാാലെ ഒന്നായി പുറത്തുവരികയാണ്.   ഇത്തരം വാർത്തകള്‍ പുറത്തുവരുന്നത് തടയുവാന്‍   അധികൃതര്‍  ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും അതു വലിയ ഫലം ചെയ്യുന്നില്ല.

ചൈനയിലെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്നും റിയല്‍ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലാണെന്നും അടിക്കടി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ആരാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തെയും  വിദേശ  നിക്ഷേപകരുടെ മനോഭാവത്തേയും  സ്വാധീനിക്കുകയാണ്. കൂടാതെ അമേരിക്കയുമായുള്ള വ്യാപാര യുദ്ധം തളര്‍ത്തിയത് ചൈനയെ മാത്രമാണ്. വന്‍ കമ്പനികള്‍ ബെയ്ജിംഗിനെ ക്രമേണ കൈയ്യൊഴിയുകയുമാണ്. ഇത് വരാനിരിക്കുന്ന നാളുകള്‍ അത്ര സുഖകരമാകില്ലെന്ന മുന്നറിയിപ്പാണ് ചൈനക്ക് നല്‍കുന്നത്.

അടുത്തിടെ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയുടെ പെട്ടെന്നുള്ള മാറ്റം, ഇപ്പോള്‍ പ്രതിരോധ മന്ത്രിയുടെ തിരോധാനം തുടങ്ങിയവ ഷിയുടെ ഭരണസംവിധാനം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നില്ലെന്നതിന്‍റെ സൂചനകളായാണ് ലോകം കാണുന്നത്..

പ്രതിരോധ മന്ത്രി ജനറല്‍ ലീ ഷാങ്ഫു, ചൈനയുടെ സൈനിക നവീകരണ യജ്ഞത്തിലെ വിദഗ്ധനായിരുന്നു. നിയമിതനായി ആറുമാസത്തിനുള്ളില്‍ , അതായത് ഓഗസ്റ്റ് 29 മുതല്‍  ലീ പൊതുസമൂഹത്തില്‍നിന്ന് അപ്രത്യക്ഷനായിരിക്കുകയാണ്.  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്വേഷണത്തിലാണ് അദ്ദേഹം എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ജൂണില്‍ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിന്റെ തിരോധാനത്തിന് ശേഷം കാണാതായ രണ്ടാമത്തെ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥനാണ് ലീ.

തന്റെ മന്ത്രിസഭയില്‍ വിശ്വസ്തരായ നേതാക്കളെ പ്രതിഷ്ഠിച്ചശേഷം മാസങ്ങള്‍ക്കുശേഷം ഏതാനും പേരെ നീക്കം ചെയ്യുന്നത് ഷി സര്‍ക്കാരിലെ പ്രക്ഷുബ്ധതയുടെ ഏറ്റവും പുതിയ അടയാളമായിരിക്കും.

രാജ്യത്തിന്റെ ആണവ അധിഷ്ഠിത മിസൈല്‍ ആയുധശേഖരത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന രണ്ട് ജനറല്‍മാരെ ഓഗസ്റ്റില്‍ ഷി പുറത്താക്കിയിരുന്നു. ഇവരെല്ലാം ഷിയുടെ ശുദ്ധീകരണത്തിന്റെ ഇരകളാണ്. അതിനുശേഷമാണ് പ്രതിരോധ മന്ത്രി ജനറല്‍ ലീ ഷാങ്ഫു പുറത്തായത്.

2017 ഒക്ടോബര്‍ മുതലുള്ള സൈനിക സംഭരണ പ്രക്രിയയ്ക്കിടെ ആരോപണവിധേയമായ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഷി സര്‍ക്കാര്‍ ആരാഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. 2017 സെപ്റ്റംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ ഉപകരണ സംഭരണ വിഭാഗത്തിന്റെ തലവനായിരുന്നു ലീ എന്നതിനാല്‍, അദ്ദേഹം ചില തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഇതാണ് അദ്ദേഹത്തെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചൈനയിലെ അഞ്ച് സംസ്ഥാന കൗണ്‍സിലര്‍മാരില്‍ ഒരാളായി ലീ സേവനമനുഷ്ഠിച്ചു. ഒരു സാധാരണ മന്ത്രിയേക്കാള്‍ ഉയര്‍ന്ന റാങ്കുള്ള കാബിനറ്റ് പദവിയാണിത്. ലീ നീക്കം ചെയ്യപ്പെടുകയാണെങ്കില്‍, ക്വിന്നിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ സ്റ്റേറ്റ് കൗണ്‍സിലറായി അദ്ദേഹം മാറും.

ഒരു സൈനിക പരിശോധനയ്ക്കിടെ 'ഉയര്‍ന്ന സമഗ്രതയും ഐക്യവും' വേണമെന്ന് ഷി അഭിപ്രായപ്പെട്ടത് ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ലീ നിലവില്‍ വീട്ടുതടങ്കലിലായിരിക്കാം എന്ന സൂചനയാണ് പൊതുവെ ചൈനയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ലീയുടെ നീക്കം യുഎസ്-ചൈന ബന്ധത്തെ നേരിട്ട് ബാധിക്കുന്നതായും വിലയിരുത്തപ്പെടുന്നു. ചൈന റഷ്യന്‍ ആയുധങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് 2018 മുതല്‍ യുഎസ് ഉപരോധത്തിന് ലീ വിധേയനായിരുന്നു. യുഎസ് ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം ലീയും അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച ചൈന നിരസിച്ചിരുന്നു. ഉയര്‍ന്ന തലത്തിലുള്ള സൈനിക ആശയവിനിമയങ്ങള്‍ പുനരാരംഭിക്കണമെങ്കില്‍ ലീക്കെതിരായ ഉപരോധം യുഎസ് പിന്‍വലിക്കുമെന്ന് ബെയ്ജിംഗ് വിശ്വസിച്ചു. എന്നാല്‍ ഫലവത്തായില്ല.

ഷി ആഭ്യന്തരമായ അപ്രമാദിത്വം ഉറപ്പാക്കാനുള്ള നീക്കത്തില്‍ മാത്രമാണ് ശ്രദ്ധചെലുത്തുന്നത്. സാമ്പത്തിക രംഗത്തെ നിയന്ത്രണം വഴുതുന്നതിനെക്കാള്‍ രാഷ്ട്രീയ നിലനില്‍പ്പിനാണ് ഷി  ഇപ്രോള്‍ ശ്രദ്ധ  നല്കുന്നത് എന്നതു വസ്തുതയാണ്. ഇതുതന്നെയാണ് ചൈനയില്‍ ഷി ജിന്‍പിംഗിന് അടിപതറുന്നുവോ എന്ന ചോദ്യത്തിനാധാരവും.

Tags:    

Similar News