ഒന്നര രൂപയ്ക്ക് വട്ടം ചുറ്റിയ കഥ..!
- ഉമ്മന്‍ ചാണ്ടിയുടെ ജീവിതമൊരു തുറന്ന പുസ്തകം
- കാലം ഏറെ മാറിയിട്ടും ഉമ്മന്‍ ചാണ്ടിയുടെ കോലത്തിനു മാത്രം വലിയ മാറ്റമുണ്ടായില്ല
- കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ 'ഫണ്ട് റെയിസ്സര്‍ '
ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായത് രണ്ട് തവണയാണ്. 2004-ലും, 2011-ലും. 2004-ല്‍ ഒന്നര വര്‍ഷക്കാലം മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. പിന്നീട് 2011-ലാണ് അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി ഭരണകാലാവധി തികച്ചത്.
എളിയ നിലയില്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ ഉമ്മന്‍ ചാണ്ടിയുടെ ആദ്യ കാലങ്ങളില്‍ ഒരു ചായക്കുള്ള ചെലവ് പോലും കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു എന്നത് ഇപ്പോള്‍ ഒരു കൗതുകമായി തോന്നാം.
1966ലെ ഒരു സംഭവം കുറിക്കാം. അന്ന് കെഎസ്‌യു പ്രസിഡന്റ് എ.കെ. ആന്റണിയാണ്. ഉമ്മന്‍ ചാണ്ടി സെക്രട്ടറിയും. ഒരു സമ്മേളനത്തിനെത്തുന്ന ആന്റണിയെ സ്വീകരിക്കാന്‍ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടി കാത്തു നില്‍ക്കുകയാണ്. കോട്ടയത്ത് ട്രെയ്‌നില്‍ നിന്നുമിറങ്ങിയ പ്രസിഡന്റിന് എന്തെങ്കിലുമൊന്നു കുടിക്കാന്‍ ദാഹം.
ഒരു കാപ്പിയായാലോ..?
കഴിക്കാമെന്നു സെക്രട്ടറി
സമീപമുള്ള ഹോട്ടലില്‍ ഇരുവരും കയറി. ഓരോ കാപ്പിയും ഓരോ ചെറുകടിയും കഴിച്ചു.
ബില്ല് വന്നപ്പോള്‍
ഒന്നേകാല്‍ രൂപ.
ഇരുവരും പോക്കറ്റില്‍ തപ്പി. മുഖത്തോടു മുഖം നോക്കി പോക്കറ്റ് കാലി.
എന്ത് ചെയ്യും. ഇന്നത്തെ പോലെ മൊബൈല്‍ ഫോണൊന്നും ഇല്ലാതിരുന്ന കാലം കൂടിയാണ്.
പരിചയക്കാര്‍ ആരെങ്കിലും വരുന്നതുവരെ കാത്തിരിക്കാതെ വേറെ മാര്‍ഗമൊന്നുമില്ല.
ഒടുവില്‍ ഇരുവരും ഒരു സൂത്രം കണ്ടെത്തി.
കാഷ് കൗണ്ടറില്‍ അന്നത്തെ പത്രം തിരിച്ചും മറിച്ചും നോക്കി ഏറെനേരം നില്‍ക്കുക എന്നതായിരുന്നു സൂത്രം.
കുറച്ചു കഴിഞ്ഞപ്പോഴേക്കും നേതാക്കളെ തേടി പ്രവര്‍ത്തകരെത്തി. അവരില്‍ ഏറ്റവും അടുപ്പമുള്ളവരോട് പണം വാങ്ങി പ്രശ്‌നം പരിഹരിച്ചു.
ഒന്നേകാല്‍ രൂപ എടുക്കാനില്ലാതിരുന്ന ആ ഉമ്മന്‍ ചാണ്ടിയാണ് പിന്നെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ 'ഫണ്ട് റെയിസ്സര്‍ ' ആയി മാറിയതെന്നത് ചരിത്രം.
കാലം ഏറെ മാറിയിട്ടും ഉമ്മന്‍ ചാണ്ടിയുടെ കോലത്തിനു മാത്രം വലിയ മാറ്റമുണ്ടായില്ല. പിഞ്ഞിത്തുടങ്ങിയ ഖദര്‍ ഷര്‍ട്ടും ഒറ്റ മുണ്ടും തന്നെ. എന്നാല്‍ മാറുന്ന കാലത്തിന് അനുസരിച്ച് പ്രസ്ഥാനത്തെ നവീകരിക്കുന്നതിലും സങ്കേതങ്ങള്‍ മോടിപിടിപ്പിക്കുന്നതിലും അദ്ദേഹം നടത്തി വന്ന ശ്രമങ്ങള്‍ വളരെ വലുതാണ്. പുതുതലമുറ കോണ്‍ഗ്രസ് ആശയങ്ങളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം നിരവധി കര്‍മ്മപദ്ധതികള്‍ എല്ലാ കാലത്തും ആവിഷ്‌ക്കരിച്ചു. അതുകൊണ്ടു തന്നെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഉമ്മന്‍ ചാണ്ടി എല്ലാ കാലത്തും.
തിരുവനന്തപുരത്തെ ജഗതി-പൂജപ്പുര റോഡിലെ പുതുപ്പള്ളി വീടാകട്ടെ, പുതുപ്പള്ളിയിലെ കരോട്ടു വള്ളിക്കാലില്‍ വീടാകട്ടെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആഫീസുപോലെയാണ്. പുതുപ്പള്ളിക്കാര്‍ക്ക് ആര്‍ക്കും ഉമ്മന്‍ ചാണ്ടി വീട്ടിലുണ്ടങ്കില്‍ കയറിച്ചെല്ലാം. ആരാ...എന്താ? എന്ന ചോദ്യം പോലുമുണ്ടാവില്ല.
അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ജീവിതമൊരു തുറന്ന പുസ്തകം തന്നെയാണ്. 1000 രൂപയാണ് എവിടെ പോയാലും കൈവശമുണ്ടാകുക. 2021 ല്‍ തെരഞ്ഞെടുപ്പ് വേളയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവകകളെ സംബന്ധിച്ച് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെയായിരുന്നു. ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും, മകന്‍ ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപ. ബാങ്ക് നിക്ഷേപമായി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ 67,704 രൂപയും, ഭാര്യയുടെ പേരില്‍ 24,83,092 രൂപയും. ചാണ്ടി ഉമ്മന്റെ പേരില്‍ 14,58,570 രൂപയുടെ നിക്ഷേപം.
ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരിലാണ് സ്വിഫ്റ്റ് കാര്‍. ഉമ്മന്‍ ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വര്‍ണവും, ഭാര്യയുടെ കൈവശം 296 ഗ്രാവും സ്വര്‍ണവുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടേയും, ഭാര്യയുടേയും, മകന്റേയും പേരില്‍ 74.37 ലക്ഷത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കളുണ്ട്.
3.41 കോടി രൂപ വിലമതിക്കുന്ന ഭൂമി ഇവര്‍ക്ക് പുതുപ്പള്ളിയിലുണ്ട്. ഭാര്യയുടെ പേരില്‍ തിരുവനന്തപുരത്ത് 2200 ചതുരശ്ര അടിയുള്ള വീടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ബാധ്യതകളില്ല. എന്നാല്‍ ഭാര്യക്കും മകനും കൂടി ബാങ്കില്‍ 31,49,529 രൂപയുടെ ബാധ്യതയുണ്ട്.
