അബുദാബിയില്‍ പുതിയ ഭവനപദ്ധതിയ്ക്ക് തുടക്കമിട്ടു;ചെലവ് 3.5 ബില്യണ്‍ ദിര്‍ഹം

  • 1.8 ചതുരശ്ര കിലോമീറ്ററില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വില്ലകള്‍,3 മോസ്‌കുകള്‍,സ്‌കൂള്‍,ജിം,10,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ വിവിധ കടകളും സൗകര്യങ്ങളും ഉള്‍പ്പെടും
  • 2027 അവസാന പാദത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ
  • യുഎഇ പൗരന്മാര്‍ക്ക് അബുദാബി ഹൗസിംഗ് അതോറിറ്റിയില്‍ നിന്ന് ഹൗസിംഗ് ലോണുകള്‍ നല്‍കുന്നു

Update: 2024-03-27 07:12 GMT

അബുദാബിയില്‍ യാസ് കനാല്‍ എന്നു പേരിട്ട ഭവന പദ്ധതിയ്ക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. അല്‍ റാഹ ബീച്ചില്‍ 3.5 ബില്യണ്‍ ദിര്‍ഹം ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. യുഎഇ പൗരന്മാര്‍ക്കായി 1,146 റെസിഡന്‍ഷ്യല്‍ വില്ലകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അബുദാബി സെന്റര്‍ ഫോര്‍ പ്രോജക്ട്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഐസിടി റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനി എന്നിവയുടെ സഹകരണത്തോടെ അബുദാബി ഹൗസിംഗ് അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2027 അവസാന പാദത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ.

യാസ് കനാല്‍ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഭാഗമാണ്. അബുദാബി സെന്റര്‍ ഫോര്‍ പ്രോജക്ട്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ മേല്‍നോട്ടത്തില്‍ ഐസിടി റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനി പദ്ധതിയുടെ രൂപരേഖ, നിര്‍മ്മാണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നു. യുഎഇ പൗരന്മാര്‍ക്ക് അനുവദിച്ച റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ വില്‍പ്പന അബുദാബി ഹൗസിംഗ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെയാണ് കൈകാര്യം ചെയ്യുന്നത്.

യാസ് കനാല്‍ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റില്‍ 1.8 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. കൂടാതെ വില്ലകള്‍, മൂന്ന് പള്ളികള്‍, ഒരു സ്‌കൂള്‍, ജിം എന്നിവയും 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വിവിധ സൗകര്യങ്ങളും കടകളും ഉള്‍പ്പെടുന്നു. 600 മുതല്‍ 780 ചതുരശ്ര മീറ്റര്‍ വരെയുള്ള പ്ലോട്ടുകളില്‍ 350 മുതല്‍ 525 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള മൂന്ന് മുതല്‍ ആറ് വരെ കിടപ്പുമുറികളുള്ള വില്ലകളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

അബുദാബിയിലെ എമിറാത്തി കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരുടെ മൊത്തത്തിലുള്ള ക്ഷേമവും ജീവിതനിലവാരവും ഉറപ്പുവരുത്തുന്നതിനും സാമൂഹിക സ്ഥിരത വളര്‍ത്തുന്നതിനും എമിറേറ്റിന്റെ നിലവിലുള്ള വികസനത്തിന് പിന്തുണ നല്‍കുന്നതിനുമുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് റെസിഡന്‍ഷ്യല്‍ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.

യാസ് കനാല്‍ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് യുഎഇ പൗരന്മാര്‍ക്ക് അബുദാബി ഹൗസിംഗ് അതോറിറ്റിയില്‍ നിന്ന് ഹൗസിംഗ് ലോണുകള്‍ നല്‍കുന്നുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് വില്ലകള്‍ വാങ്ങാനുള്ള അവസരം നല്‍കുന്നു. വൈവിധ്യമാര്‍ന്ന വാസ്തുവിദ്യാ ഡിസൈനുകളാണ് പ്രൊകജ്ടില്‍ പ്രതിഫലിക്കുന്നത്.

Tags:    

Similar News